ഞങ്ങൾ പിരിഞ്ഞെന്ന വാർത്ത അറിയിച്ചത് കല്യാണിയാണ്; അന്ന് സംഭവിച്ചത്!; സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു
മലയാളി പ്രേക്ഷകർ അപ്രതീക്ഷിതമായി കേട്ടൊരു വിവാഹ വാർത്തയായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. 2009 ലാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന് മുന്‍പേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദര്‍ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുകയും ചെയ്തു.
ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവർക്കൊപ്പമാണ്. ഈയ്യടുത്ത് ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

രണ്ടുപേരും ഗോസിപ്പുകൾ കേൾക്കാൻ ഇഷ്ടമില്ലാത്ത ആളുകളാണെന്ന് ബിന്ദു പണിക്കർ പറയുന്നു. തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളൊക്കെ ഏറ്റവും അവസാനമാണ് അറിയാറുള്ളതെന്നും നടി പറഞ്ഞു. തുടർന്നാണ് വേർപിരിഞ്ഞു എന്ന വാർത്ത വന്നപ്പോഴുണ്ടായ രസകരമായ സംഭവം ഇരുവരും പങ്കുവച്ചത്. സ്വയം കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
'ഒരു ദിവസം ഞങ്ങളൊരു സിനിമ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. അത് ഇങ്ങനെ ക്‌ളൈമാക്‌സ് ആയികൊണ്ടിരിക്കുമ്പോഴാണ് മോൾ കതക് തുറന്ന് അകത്തേയ്ക്ക് വരുന്നത്, 'ഗയ്‌സ്... നിങ്ങളൊരു കാര്യമറിഞ്ഞോ, നിങ്ങൾ പിരിഞ്ഞൂട്ടോ...' എന്ന് അവൾ പറഞ്ഞു. 'ങേ.. ഞങ്ങൾ പിരിഞ്ഞോ' എന്ന് അവളോട് ചോദിച്ചപ്പോൾ. അങ്ങനെയൊക്കെയാണ് വാർത്ത വരുന്നതെന്ന് അവൾ പറഞ്ഞു. എന്നിട്ട് ഞങ്ങൾ ആ സിനിമ കണ്ടുകൊണ്ട് ഇരുന്നു.
പിറ്റേന്ന് ആയപ്പോൾ കുറെ കാലമായി വിളിക്കാത്ത ആളുകളൊക്കെ വിളിക്കുന്നു. എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് വീട്ടിൽ ആണോ എന്നൊക്കെ ചോദിച്ചു. വെറുതെ വിളിച്ചതാണ് എന്നൊക്കെയാണ് പറയുന്നത്. ആ സംസാരത്തിൽ എനിക്ക് കാര്യം പിടികിട്ടി. ഞാൻ ചോദിക്കാൻ വന്ന ആള് അടുക്കളയിൽ നിന്ന് കൊഞ്ച് തീയൽ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്ന്. എന്നിട്ട് ഞാൻ ഫോൺ കൊടുത്തു. എല്ലാരും പറഞ്ഞപ്പോൾ എനിക്ക് സംശയമായി എന്നായിരുന്നു പുള്ളി പറഞ്ഞത്. അതാണ് ചിരിച്ച സംഭവം', സായ് കുമാർ പറഞ്ഞു.
മകൾ കല്യാണിയെ കുറിച്ചും ഇരുവരും വാചാലരായി. കല്യാണി എല്ലാം പറയുന്നതും ചോദിക്കുന്നതുമൊക്കെ സായ് കുമാറിനോടാണെന്നാണ് ബിന്ദു പണിക്കർ പറയുന്നത്. ജനറേഷൻ ഗ്യാപിന്റെ പ്രശ്‍നങ്ങൾ ഒന്നുമില്ല. ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും സമ്മതിക്കാറുണ്ട്. എവിടെയെങ്കിലും പോയാൽ വിളിച്ചു ചോദിക്കും. അല്ലെങ്കിൽ അവൾ അപ്പപ്പോൾ വിളിച്ചു പറയും. കല്യാണിയിൽ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല അതുകൊണ്ട് അങ്ങനെ കുറ്റം പറയേണ്ടിയതായി വന്നിട്ടില്ല. പിന്നെ എന്തെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബിന്ദുവാണ്.

കുട്ടികളല്ലേ, അത് വിടൂ എന്നാണ് പറയാറുള്ളത്. അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും ഞാൻ വിലങ്ങു തടിയാകാറില്ല. മൊത്തത്തിൽ ചിൽ അല്ലെങ്കിലും ചിൽ ആകേണ്ടപ്പോൾ ആകുന്ന അച്ഛനാണെന്ന് സായ് കുമാർ വ്യക്തമാക്കി. മകളോട് ചോദിക്കണമെന്ന് കരുതിയിട്ട് ചോദിക്കാത്ത എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് സിനിമയിൽ അഭിനയിക്കാൻ താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എന്നാണ് സായ് കുമാർ പറഞ്ഞത്.
കല്യാണിക്ക് സിനിമകളിൽ നിന്നൊക്കെ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. അവളോട് അതിനെ കുറിച്ച് ഞങ്ങൾ പറയാറുമുണ്ട്. എന്നാൽ അവൾ താൽപര്യം ഉള്ളതായി പറഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിക്കണമെന്ന് കരുതിയിട്ടുണ്ട് പക്ഷെ ചോദിച്ചിട്ടില്ലെന്ന് സായ് കുമാർ പറഞ്ഞു. കോളേജിൽ പഠിക്കുന്ന പിള്ളേർക്കൊക്കെ പ്രണയമൊക്കെ ഉണ്ടാകുമല്ലോ. അതിനെ കുറിച്ച് അവളോട് ചോദിക്കണമെന്ന് കരുതിയിട്ടുണ്ട്. എന്നാൽ അങ്ങനെ നേരിട്ടു ചോദിക്കാതെ തന്നെ ചോദിച്ചിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ പറയുമെന്നാണ് പറഞ്ഞിട്ടുള്ളത്. എല്ലാം തുറന്നു പറയാറുള്ള ആളാണെന്നും ബിന്ദു പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











