എല്ലാം അനുഭവിച്ചത് ഞാനായിരുന്നു, ആ ഭയം എന്നോടൊപ്പം തന്നെയുണ്ട്; വൈറൽ വീഡിയോക്ക് വിശദീകരണവുമായി സാനിയ ഇയ്യപ്പൻ
പൊതുവേദികളില്‍ എത്തുന്ന സിനിമാ താരങ്ങളുടെ വീഡിയോകൾ ധാരാളം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആരാധകരുടെ ക്യാമറയിൽ പതിയുന്നത് മുതൽ പാപ്പരാസികൾ പകർത്തിയത് വരെ ഇക്കൂട്ടത്തിലുണ്ടാകും. താരങ്ങളും അവരുടെ ആരാധകരും തമ്മിലുള്ള മനോഹര നിമിഷങ്ങളൊക്കെ ഇത്തരത്തിൽ വൈറലായി മാറിയിട്ടുണ്ട്. അതേ സമയം താരങ്ങളുടെ അനൗചിത്യപരമായ പെരുമാറ്റങ്ങളും ഇങ്ങനെ ക്യാമറയിൽ പെട്ടിട്ടുണ്ട്.
താരങ്ങൾ ആരാധകരെ തല്ലുന്നതും, തള്ളുന്നതുമൊക്കെ ഇത്തരത്തിൽ പുറത്തുവരുകയും വലിയ വിവാദങ്ങളായി മാറുകയുമൊക്കെ ചെയ്തിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്ത തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് പലപ്പോഴും ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പന്റേതായി ഇത്തരത്തിലൊരു വീഡിയോ വൈറലായി മാറിയിരുന്നു.

സാനിയയ്ക്കൊപ്പം ഒരു ആരാധകന്‍ എടുക്കുന്ന സെല്‍ഫി ഫ്രയിമിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തനിക്കടുത്തേക്ക് നില്‍ക്കുമ്പോള്‍ അനിഷ്ടം പ്രകടമാക്കി സാനിയ അകന്നു നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഷോര്‍ട്സ്, റീല്‍സ് എന്നിവയിലൂടെ ഈ വീഡിയോ വൈറലായതിനു പിന്നാലെ സാനിയയ്‌ക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു. സാനിയ യുവാവിനോട് അവജ്ഞയോടെ പെരുമാറി എന്ന പേരിലായിരുന്നു വിമർശനം.
ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാനിയ. അടുത്തിടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായെന്നും ആ സംഭവത്തിനു ശേഷം പലരും തനിക്ക് പിന്തുണ നൽകിയില്ലെന്നും സാനിയ പറയുന്നു. എല്ലാ മനുഷ്യരെയും പോലെ തനിക്കും സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ പ്രവൃത്തികൊണ്ട് ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
"ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്‍റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി," സാനിയ ഇയ്യപ്പന്‍ കുറിച്ചു.
അടുത്തിടെ മഞ്ചേരിയിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു ഈ സംഭവം. മുമ്പൊരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കവെ സാനിയ ഇയ്യപ്പനും മറ്റൊരു നടിക്കും നേരെ നേരെ ചിലരിൽ നിന്നും മോശമായ അനുഭവം ഉണ്ടായത് വലിയ വാർത്തയായിരുന്നു. അന്നത്തെ സംഭവത്തില്‍ മനസാന്നിധ്യം കൈവിടാതെയുള്ള നടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തുകയുണ്ടായി.


Click it and Unblock the Notifications