മമ്മൂക്ക കോമഡി ചെയ്താൽ വിജയിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ആ സിനിമ; അദ്ദേഹത്തിനും ആത്മവിശ്വാസമായി!
മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. കല്യാണരാമൻ, കുഞ്ഞിക്കൂഞ്ഞൻ, ചാന്ത്പൊട്ട്, ഛോട്ടാ മുംബൈ, അണ്ണൻ തമ്പി എന്നിങ്ങനെ നിരവധി സിനിമകൾ അതിലുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് തൊമ്മനും മക്കളും. മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തെമ്മൻ എന്ന അച്ഛന്റേയും മൂന്ന് ആൺ മക്കളുടേയും രസകരമായ കഥ പറഞ്ഞ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഷാഫിയായിരുന്നു സംവിധാനം.
ആക്ഷൻ കോമഡി സിനിമയായി എത്തിയ തൊമ്മനും മക്കളും, മമ്മുട്ടി കോമഡി ചെയ്താൽ വിജയിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു എന്ന് പറയുകയാണ് ബെന്നി പി നായരമ്പലം. തന്റെ ഹ്യൂമർ കേട്ട് തിയേറ്റർ മുഴുവൻ ചിരിച്ചപ്പോൾ മമ്മൂക്കക്ക് ആത്മവിശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ തൊമ്മനും മക്കളും സിനിമയുടെ അണിയറ കഥകൾ പങ്കുവയ്ക്കുകയായിരുന്നു ബെന്നി പി നായരമ്പലം.

'മമ്മൂക്ക കോമഡി ചെയ്താൽ വിജയിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു തൊമ്മളും മക്കളും എന്ന ചിത്രത്തിന്റെ വിജയം. അതിൽ മമ്മൂക്ക ഗംഭീരമായി തന്നെ പെർഫോം ചെയ്തു. ആ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ചു. മമ്മുക്ക പറയുന്ന ഹ്യൂമറിൽ തിയേറ്റർ മുഴുവൻ ചിരിച്ചപ്പോൾ മമ്മൂക്കക്ക് തന്നെ ഭയങ്കര ആത്മവിശ്വാസമായി. മമ്മൂക്ക ആ ഇടക്ക് പല ഇന്റർവ്യൂവിലും എനിക്ക് ധൈര്യം തന്നത് ബെന്നിയും ഷാഫിയുമാണെന്ന് പറഞ്ഞിട്ടുണ്ട്,' ബെന്നി പി നായരമ്പലം പറഞ്ഞു.
ഷൂട്ടിങ് സമയത്തെ രസകരമായ ചില ഓർമകളും അദ്ദേഹം പങ്കുവച്ചു. തൊമ്മനും മക്കളും ഷൂട്ടിങ് സമയത്തൊക്കെ മമ്മൂക്കയുടെ കാറിലാണ് എന്റെ യാത്ര. ഷൂട്ടിങ്ങിന് വരുന്നതും പോകുന്നതുമെല്ലാം മമ്മൂക്കയുടെ കാറിലാണ്. മമ്മൂക്കയായിരിക്കും ഡ്രൈവ് ചെയ്യുന്നത്. ഞങ്ങൾ ഒരുമിച്ച് പൊള്ളാച്ചിയിലെ ഹോട്ടലിലേക്ക് വരും. വരുന്ന വഴിയിൽ പിന്നാലെയായിരിക്കും ലാലേട്ടനും (ലാൽ) ഷാഫിയുമൊക്കെ വരുന്നത്.
പലപ്പോഴും സ്പീഡിൽ വണ്ടി ഓടിക്കുന്ന സ്വഭാവമുണ്ട് മമ്മൂക്കക്ക് പാഞ്ഞ് പോകുന്നത് കൊണ്ട് ലാലേട്ടൻ എപ്പോഴും കളിയാക്കി പറയും മമ്മൂക്കയുടെ കൂടെയിരിക്കണമെങ്കിൽ ഒരു സഞ്ചിയുമായി ഇരിക്കണമെന്ന്, അത് എന്തിനാണെന്ന് ചോദിക്കുമ്പോൾ ജീവൻ വാരി കയ്യിൽ പിടിക്കാനാനൊരു സഞ്ചി വേണമെന്ന്. ഈ പോകുന്ന സമയത്ത് മമ്മൂക്കയുടെ ചില കുസൃതികളുണ്ട്. വണ്ടി ഓടിച്ച് വേഗത്തിൽ പോകും എന്നിട്ട് പുറകെയുള്ളവർ പിന്നാലെ എത്തുമ്പോൾ അവരെ കടത്തിവിടും. എന്നിട്ട് കുറച്ചു കഴിഞ്ഞ് വീണ്ടും ഓവർടേക്ക് ചെയ്യും.
പിന്നെ കുറച്ച് സ്പീഡിൽ പോയതിന് ശേഷം ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കയറി കാർ കാണാത്ത വിധം നിർത്തിയിടും, മെയിൻ റോഡിലൂടെ വരുന്ന ലാലേട്ടനൊക്കെ മമ്മൂക്ക പോയെന്ന് വിചാരിക്കും. അവർ കടന്ന് പോയെന്ന് മനസിലാക്കി കഴിയുമ്പോൾ വണ്ടി എടുത്ത് അവരുടെ പിന്നിൽ ചെന്ന് ഹോൺ അടിക്കും. നേരത്തെ പോയ മമ്മൂക്ക എങ്ങനെ പുറകിലെത്തിയെന്ന് അവർ കരുതും. ഇങ്ങനെ ചില കുസൃതികളൊക്കെയാണ്, ബെന്നി പി. നായരമ്പലം പറയുന്നു.

മമ്മൂട്ടി അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും അദ്ദേഹത്തിന്റെ വക ബിരിയാണി നൽകാറുണ്ടെന്നും ബെന്നി പി നായരമ്പലം പറഞ്ഞു. 'മമ്മുക്ക അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും മമ്മൂക്കയുടെ പേരിൽ എല്ലാവർക്കും സ്പെഷ്യലായി ബിരിയാണി നൽകും. ബിരിയാണി ഉണ്ടാക്കുന്ന വളരെ പ്രഗൽഭരായ ആളുകൾ വന്ന് ഉണ്ടാക്കുന്നതാകും. പല തരത്തിലുള്ള ബിരിയാണികളും ഉണ്ടാകും. അത് പ്രൊഡക്ഷനിലുള്ള എല്ലാവർക്കും നൽകി അദ്ദേഹം സ്നേഹം പ്രകടിപ്പിക്കാറുണ്ട്,' ബെന്നി പി.നായരമ്പലം പറഞ്ഞു.
തിരക്കഥാകൃത്തായി തിളങ്ങി നിന്ന ബെന്നി പി നായരമ്പലം ഇപ്പോൾ നടനായും റിയാലിറ്റി ഷോ ജഡ്ജായുമൊക്കെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. നടി അന്ന ബെൻ അദ്ദേഹത്തിന്റെ മകളാണ്. അന്ന നായികയായ സാറാസ് എന്ന സിനിമയിലാണ് ബെന്നി പി നായരമ്പലം ആദ്യമായി അഭിനയിച്ചത്.


Click it and Unblock the Notifications











