ഇക്ക അത് പറഞ്ഞതേ വലിയ കാര്യമാണ്; ഏതെങ്കിലും വേഷങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല; ഷംന കാസിം പറയുന്നു
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നടി ഷംന കാസിം. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച ഷംന പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് മുന്‍നിര താരമായി മാറുകയായിരുന്നു. മലയാളത്തില്‍ ഷംന എന്ന പേരിലാണ് അഭിനയിക്കുന്നതെങ്കില്‍ മറ്റ് ഭാഷകളില്‍ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. അഭിനേത്രിയെന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയായ ഷംന നിരവധി സ്റ്റേജ് ഷോകളിലും ഒപ്പം ഡാൻസ് റിയാലിറ്റി ഷോകളിലെ വിധികർത്താവായും തിളങ്ങിയിട്ടുണ്ട്.
അടുത്തിടെയാണ് ഷംന ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നത്. വിവാഹം കഴിഞ്ഞ താരം ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയുമായി. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. മകൻ ജനിച്ച സന്തോഷവും കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാം ഷംന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാവുകയാണ് താരം.

അതിനിടെ ഇപ്പോഴിതാ മകൻ ചെറുതായിരിക്കെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഭർത്താവ് സമ്മതിച്ചത് വലിയ കാര്യമാണെന്ന് പറയുകയാണ് ഷംന കാസിം. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വീണ്ടും സിനിമയിലേക്ക് എത്തുമ്പോൾ ഭർത്താവ് എന്തെങ്കിലും തരത്തിൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടോ, ഇത്തരം വേഷങ്ങൾ ചെയ്യരുതെന്നോ മറ്റോ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷംന.
'ഇക്ക എന്റെ സിനിമകൾ ഒന്നും കാണാത്തത് കൊണ്ട് ഇക്കയ്ക്ക് അതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. തെലുങ്കിലൊക്കെ ഞാൻ ചെയ്തത്, സാരി ഉടുത്തിട്ടുള്ള, നെക്സ്റ്റ് ഡോർ ഗേൾ ഇമേജുള്ള കഥാപാത്രങ്ങളാണെന്ന് ഇക്കയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇക്ക ഒരു കാര്യമേ പറഞ്ഞിട്ടുള്ളു, 'ഞാൻ എങ്ങനെയാണെന്ന് നിനക്കു അറിയാം. കുടുംബത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചുമെല്ലാം അറിയാം. കൂടാതെ പക്വത വന്ന ആളുമാണ്. അതുകൊണ്ട്, അത് മനസിലാക്കി, അതിനനുസരിച്ച് മുന്നോട്ട് പോവുക' എന്നാണ് പറഞ്ഞിട്ടുള്ളത്', ഷംന പറയുന്നു.
'അല്ലാതെ എന്നോട് ഇന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നോ ഇത്തരം വേഷങ്ങൾ ചെയ്യരുതെന്നോ പറഞ്ഞിട്ടില്ല. പക്ഷെ പുള്ളിക്ക് എന്താണ് ഇഷ്ടമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിനനുസരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. എക്സ്പോസ് ചെയ്ത് അഭിനയിക്കുന്നതിനോട് പുള്ളിക്ക് താൽപര്യം ഉണ്ടാകാൻ ഇടയില്ല. കാരണം പുള്ളി അതൊന്നും ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. പിന്നെ ഞാൻ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടില്ല. കുറേക്കാലമായി ഞാൻ ചെയ്യുന്ന വേഷങ്ങൾ അത്തരത്തിലുള്ളതല്ല',

'അങ്ങനത്തെ സിനിമകൾ എനിക്ക് വന്നിട്ടില്ല. പക്ഷെ ഇക്കയുടെ യെസ് ഓർ നോ എന്തിലൊക്കെ ആയിരിക്കുമെന്ന് എനിക്ക് അറിയാം. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ ഞാൻ അത് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് പുള്ളിക്കാരനോട് ചോദിക്കേണ്ടതോ, അത് കാരണം ഒരു പ്രശ്നമുണ്ടാകേണ്ടതോ ആയ കാര്യമില്ല. മോൻ ഇത്ര ചെറുതായിരിക്കുമ്പോൾ തന്നെ വർക്ക് ചെയ്തോളു എന്ന് നമ്മളോട് പറയുന്നത് തന്നെ വലിയൊരു കാര്യമാണ്. അതിൽ തന്നെ അദ്ദേഹം നൽകുന്ന സപ്പോർട്ട് മനസിലാക്കാം',
'അങ്ങനെ ഉള്ളൊരാളെ നമ്മൾ എന്തിനാണ് വെറുതെ വേദനിപ്പിക്കുന്നത്. ഇപ്പോൾ എന്റെ കുടുംബത്തിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. എന്റെ ഭർത്താവും കുഞ്ഞുമാണ് ഏറ്റവും പ്രധാനം. ജോലിക്ക് പ്രാധാന്യം ഇല്ല എന്നല്ല. ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ പോകണം എന്നതാണ്. കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകാൻ അധികം സമയമൊന്നും വേണ്ട. എന്തിനാണ് നമ്മൾ അതിനു നിൽക്കുന്നത്', ഷംന കാസിം പറഞ്ഞു.


Click it and Unblock the Notifications