'കാണുമ്പോൾ ഒരു പേടിയൊക്കെ തോന്നണ്ടേ, കൊച്ചു സുന്ദരിയെ അല്ലേ കൂടെകൊണ്ട് നടക്കുന്നത്'; ലുക്കിനെ പറ്റി അരുൺ ഗോപൻ
തന്റെ ലുക്കിൽ വന്ന മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് ഗായകൻ അരുൺ ഗോപൻ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് അരുൺ ഗോപനും ഭാര്യ നിമ്മിയും. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് അരുൺ ഗോപൻ. 2007 ലെ ഐഡിയ സ്റ്റാർ സിംഗറിൽ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരു താരമാണ് അരുൺ. പിന്നണി ഗാനരംഗത്തുൾപ്പടെ തിളങ്ങിയിട്ടുള്ള അരുൺ, കവർ സോങ്ങുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.
നിമ്മിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സൂര്യ ടിവിയിൽ അവതാരകയായി കരിയർ ആരംഭിച്ച നിമ്മി വിവിധ പരിപാടികളുടെ അവതാരകയായി കയ്യടി നേടിയിട്ടുണ്ട്. ഇതിനു പുറമെ ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന പരമ്പരയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യൂട്യൂബിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ, ഇരുവരുടെയും ഏറ്റവും പുതിയ അഭിമുഖമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. സ്റ്റാർ സിംഗറിലെ മത്സരാർത്ഥി ആയിരുന്ന അരുൺ ഗോപനിൽ നിന്ന് ഒരു കുഞ്ഞിന്റെ അച്ഛനായ അരുൺ ഗോപനായി മാറിയപ്പോൾ താരത്തിന്റെ ലുക്കിലും അതിനനുസരിച്ചുള്ള മാറ്റം വന്നിട്ടുണ്ട്. ആ മാറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അരുൺ ഗോപൻ.
മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ, റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ താടിയും മീശയുമൊന്നും ഇല്ലായിരുന്നല്ലോ ഇപ്പോൾ ഇങ്ങനെയൊരു മാറ്റം വരുത്താനുള്ള കാരണമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
സ്റ്റാർ സിംഗറിൽ പങ്കെടുക്കുമ്പോൾ താൻ വളരെ ചെറിയ കുട്ടിയായിരുന്നു എന്നും എന്നാൽ കല്യാണത്തിന് ശേഷം പക്വത തോന്നിക്കാൻ വേണ്ടിയാണ് താടിയൊക്കെ വളർത്തിയതെന്നുമാണ് അരുൺ പറഞ്ഞത്. തന്റെ രൂപം കണ്ടിട്ട് കല്യാണം കഴിഞ്ഞ വ്യക്തിയാണെന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല എന്നും അരുൺ ഗോപൻ പറയുന്നു. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'ശരിക്കും പറഞ്ഞാൽ പക്വത തോന്നിക്കാൻ വേണ്ടിയാണ് താടിയും മീശയുമൊക്കെ വെച്ച് തുടങ്ങിയത്. പിന്നെ ഇതങ്ങോട്ട് കിടക്കട്ടെയെന്ന് തോന്നി. പിന്നെ കല്യാണം കഴിഞ്ഞ സമയത്ത് പലർക്കും ഞങ്ങളെ കണ്ടാൽ കല്യാണം കഴിഞ്ഞവർ ആണെന്ന് തോന്നിയിരുന്നില്ല. എല്ലാവരും ചോദിക്കും കല്യാണം കഴിഞ്ഞോ എന്ന്,'
'കണ്ടാൽ അങ്ങനെ ഒരു ലുക്കൊക്കെ വേണ്ടേ. ആ സമയത്തെ ഫോട്ടോയൊക്കെ കണ്ടാൽ നിങ്ങൾക്ക് മനസിലാകും. കണ്ടാൽ വളരെ കുഞ്ഞി പിള്ളേരായിട്ടാണ് തോന്നുക. അതിന് വേണ്ടിയിട്ടാണ് താടിയൊക്കെ വെച്ചത്. കാണുമ്പോൾ ആളുകൾക്ക് ഒരു പേടിയൊക്കെ തോന്നണ്ടേ. പ്രത്യേകിച്ച് ഒരു കൊച്ച് സുന്ദരിയെ കൂടെകൊണ്ട് നടക്കുമ്പോൾ,' അരുൺ ഗോപൻ പറഞ്ഞു.
ഐഡിയ സ്റ്റാർ സിങ്ങറൊക്കെ ചെയ്യുന്ന സമയത്ത് ഞാൻ ചെറിയ കുട്ടി ആയിരുന്നെങ്കിലും പൊടി മീശയൊക്കെ ഉണ്ടായിരുന്നെന്ന് അരുൺ പറഞ്ഞു. പക്ഷെ അതെല്ലാം കുറച്ച് കഴിയുമ്പോൾ താൻ ഷേവ് ചെയ്ത് കളയുമായിരുന്നു അതുകൊണ്ടാണ് അങ്ങനെയൊരു ലുക്കിൽ കണ്ടിരുന്നതെന്നും താടി നന്നായി വളരുമ്പോഴാണല്ലോ അതിന്റെ സുഖം മനസിലാകുന്നതെന്നും അരുൺ കൂട്ടിച്ചേർത്തു.

അതേസമയം ഇപ്പോഴും തന്നെ ആളുകൾ കാണുമ്പോൾ ഐഡിയ സ്റ്റാർ സിങ്ങറിൽ പാടിയ ആളല്ലേയെന്ന് ചോദിക്കാറുണ്ടെന്നും അരുൺ പറഞ്ഞു. ഷോ കഴിഞ്ഞിട്ട് ഇപ്പോൾ 15 വർഷമായി. നമ്മുടെ കോലമൊക്കെ ഇത്രയും മാറിയിട്ടും ആ പരിപാടിയുടെ പേരിലാണ് ആളുകൾ നമ്മളെ തിരിച്ചറിയുന്നത്. ആളുകളുടെ മനസിൽ അത്രയും ആഴത്തിൽ നമ്മൾ കയറിയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അരുൺ ഗോപൻ പറഞ്ഞു.
അരുണിനൊപ്പം നിമ്മിയും മകൻ ആര്യനും അഭിമുഖത്തിൽ ഉണ്ടായിരുന്നു. ഒമ്പത് വർഷം മുന്നേ ആയിരുന്നു നിമ്മിയുടെയും അരുണിന്റേയും വിവാഹം. എന്നാൽ രണ്ടു വർഷം മുൻപാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതൽ ഓരോ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പാട്ടിലൊക്കെ കമ്പമുള്ള ആളാണ് കുഞ്ഞ് ആര്യനെന്ന് അരുണും നിമ്മിയും അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











