എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ സാധിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു; ഭാര്യയുടെ ഓർമദിനത്തിൽ ബിജു നാരായണൻ
മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകന്മാരിൽ ഒരാളാണ് ബിജു നാരായണൻ. മെലഡി ഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധനേടുന്നത്. വെങ്കലം എന്ന ചിത്രത്തിലെ 'പത്തുവെളുപ്പിന്' എന്ന് ഗാനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ബിജു നാരായണൻ പാടിയ ഒന്നെങ്കിലും ഉണ്ടാകും എന്നതാണ് സത്യം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭാര്യയെ നഷപ്പെട്ട വേദനയിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. നാല് വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്‌റെ ഭാര്യ ശ്രീലതയുടെ വിയോഗം. 44ാം വയസില്‍ അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ കാന്‍സര്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. ചികിത്സയിലിരിക്കെയാണ് മരണം തട്ടിയെടുത്തത്. പത്ത് വർഷക്കാലം പ്രണയിച്ച ശേഷം 1998ലാണ് ഇരുവരും വിവാഹിതരായത്. തന്റെ അടുത്ത് വർഷങ്ങളായി ഉണ്ടായിരുന്നയാൾ പെട്ടെന്നങ്ങ് പോയപ്പോൾ അതെങ്ങനെ നേരിടുമെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പ്രിയതമയുടെ വേർപാടിന്റെ നാലാം വാർഷികത്തിൽ അദ്ദേഹം പങ്കിട്ട വാക്കുകളാണ് വൈറലായി മാറുന്നത്. ഭാര്യക്ക് ഒരു ഗാനം സമർപ്പിച്ചു കൊണ്ടാണ് ബിജുവിന്റെ കുറിപ്പ്. ഈ ലോകത്തിൽ ഇനി എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ സാധ്യമാകില്ലെന്ന് താൻ മനസിലാക്കുന്നുവെന്നും ബിജു നാരായണൻ പറയുന്നു.
'വേർപാടിന്റെ നാലാം വർഷം. ഇന്ന് ഓഗസ്റ്റ് 13. എന്റെ ജീവിതത്തിലെ ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസം. എന്റെ എല്ലാമെല്ലാമായ പ്രിയ പത്നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസം. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് എന്റെ ശ്രീലതയുടെ ഓർമ്മകളിൽ നിന്നു മാത്രമാണ്',
'ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂ, ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ആസ്‌ത്രേലിയിലെ മെൽബണിൽ നിന്നും രേണുകാ വിജയകുമാരന്റെ അകലുന്ന ജീവൻ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്',
യാദൃച്ഛികമെങ്കിലും എന്റെ ജീവിതം അതേപടി പകർത്തിയ ഗാനമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ വരികൾ എൻറെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതി നൽകുന്നു എന്നത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. അതിന്റെ തിരക്കഥയും ദ്യശ്യാവിഷ്ക്കരണവും (ഓരോ രംഗങ്ങളും) അവസാന നാളുകളിൽ ശ്രീലതയുമായുണ്ടായ നിമിഷങ്ങൾ തന്നെയായി എനിക്കനുഭവപ്പെട്ടു',

'എന്തായാലും നല്ലൊരു സന്ദേശം നൽകുന്ന ഈ ഗാനം കാണാത്തവരാരെങ്കിലുമുണ്ടെങ്കിൽ കാണണം. ഈ ഗാനം അവൾക്കായി സമർപ്പിക്കുക മാത്രമാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം', ബിജു നാരായണൻ കുറിച്ചു. നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി കമന്റ് ചെയ്യുന്നത്.
അഭിമുഖങ്ങളിലെല്ലാം ബിജു തന്റെ ഭാര്യയെ കുറിച്ച് വാചാലനാകാറുണ്ട്. അടുത്തിടെ 360 റേഡിയോ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഇപ്പോഴും ആ വേദനയിൽ നിന്ന് മുക്തനായിട്ടില്ലെന്ന് ബിജു പറഞ്ഞിരുന്നു. ദിവസം ഒരു പത്തിരുപത്തിരുപത്തഞ്ച് പ്രാവശ്യമെങ്കിലും പുള്ളിക്കാരി മനസ്സിൽ വന്ന് പോവും. പുള്ളിക്കാരിയായിരുന്നു എന്റെ സപ്പോര്‍ട്ട്. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഭാര്യ ആയിരുന്നു. അസുഖം അറിഞ്ഞപ്പോൾ പോലും പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ബിജു വ്യക്തമാക്കി.


Click it and Unblock the Notifications