അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ അതും ചെയ്യും! ജെറിൻ പ്രണയാഭ്യർത്ഥന നടത്തിയത് മനസിലായില്ല; മഞ്ജരി പറയുന്നു
മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് മഞ്ജരി. തന്റെ സ്വരമാധുരി കൊണ്ട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് സാധിച്ചിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ വാമനപുരം ബസ് റൂട്ട് എന്ന സിനിമയിലൂടെയാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എന്നാൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ ഗാനങ്ങളാണ് മഞ്ജരിക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുക്കുന്നത്. പിന്നീട് എണ്ണമറ്റ ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇഷ്ട ഗായികയായി താരം വളർന്നു.
കഴിഞ്ഞ വർഷമാണ് മഞ്ജരിയുടെ രണ്ടാം വിവാഹം നടന്നത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതവും മനോഹരവുമായി നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. 2011 ആദ്യ വിവാഹബന്ധം വേർപെടുത്തിയ മഞ്ജരി ഏകദേശം പത്ത് വർഷത്തിന് ശേഷമാണു രണ്ടാം വിവാഹത്തിന് തയ്യാറായത്.

ഇപ്പോഴിതാ പിന്നണി ഗാനരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മഞ്ജരി. അതിനിടെ മഞ്ജരി നൽകിയ പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. സംഗീതയാത്ര 20 വർഷം പൂർത്തിയാക്കിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് മഞ്ജരി പറയുന്നു. ഒരുപാട് സംഗീത സംവിധായകരുടെയൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഭാഗ്യവതി താൻ മഞ്ജരി പ്രതികരിച്ചു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
തന്റെ വിശേഷങ്ങളും രണ്ടാം വിവാഹത്തെകുറിച്ചും മഞ്ജരി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ അധികം മിണ്ടാത്ത സ്വഭാവം ആയിരുന്നു തന്റേതെന്നും അന്നൊക്കെ ആളുകൾ കരുതിയത് തനിക്ക് ജാഡ ആണാണെന്നും മഞ്ജരി അഭിമുഖത്തിൽ പറയുന്നു. തന്റെ ഉള്ളിലെ പേടി പുറത്തുകാണുന്നത് അഹങ്കാരമായിട്ടായിരുന്നു. അഭിമുഖങ്ങൾ വരുന്ന സമയത്ത് മുതിർന്ന ആളുകൾ പറഞ്ഞു തരുന്ന ചില ഉപദേശങ്ങൾ തനിക്ക് എങ്ങനെ എവിടെ പ്രയോഗിക്കണം എന്ന് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ചെറിയ പ്രായത്തിൽ തന്നെ പാടാനുള്ള അവസരം ലഭിച്ചു. എന്നാൽ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കുമ്പോൾ, പാട്ടുകിട്ടി, ഇപ്പോൾ അഹങ്കാരമായി എന്ന ട്യൂൺ അതിന്റെയൊപ്പം തന്നെ വരും. അത് മാറ്റിയെടുക്കാൻ സമയമെടുത്തു. മസ്‌ക്കറ്റിൽ വളർന്ന കുട്ടി നാട്ടിലേക്ക് തിരിച്ചു പോരാൻ കാരണം മ്യൂസിക്ക് ആയിരുന്നുവെന്നും അമ്മയ്ക്ക് സംഗീതം എന്ന് കേൾക്കുമ്പോൾ എന്നെ മകളെ പാടിക്കണം എന്നായിരുന്നുവെന്നും മഞ്ജരി പറഞ്ഞു.

കോളേജിൽ പോയ സമയത്ത് ഒരു കൂട്ടുകെട്ടിനും അവസരം കിട്ടാത്ത ആളായിരുന്നു താനെന്നും മഞ്ജരി പറഞ്ഞു. അമ്മയുടെ വാക്കുകൾ കേട്ടിട്ടാണ് ഞാൻ ജീവിച്ചത്. അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പോൾ ചാടും അങ്ങനെയുള്ള ആളായിരുന്നു. സ്ക്കൂൾ കാലഘട്ടം ഒക്കെയും മസ്കറ്റിൽ ആയിരുന്നു. അന്ന് ആകെപ്പാടെ ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ഇപ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നത്.
സ്‌കൂളിൽ ഞാൻ ഒരു ചട്ടമ്പി ടൈപ്പ് ആയിരുന്നു. പയ്യന്മാരുടെ അടുത്തൊക്കെ ഗുണ്ടായിസം ആയിരുന്നു. ഞാനും ഭർത്താവ് ജെറിനും ഒരേ ക്‌ളാസിൽ ആയിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ജെറിൻ സൂചനകൾ തന്നിരുന്നു എങ്കിലും എനിക്ക് മനസിലായില്ല. അവസാനം ജെറിൻ തന്നെ അമ്മയോട് വന്ന് കാര്യം പറയുകയായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. അതിനുശേഷമാണ് വിവാഹം തീരുമാനിക്കുന്നതെന്നും മഞ്ജരി പറഞ്ഞു.


Click it and Unblock the Notifications











