'മീനയോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ഭയങ്കര പൊസസീവ് ആയിരുന്നു ഞാൻ'; തുറന്ന് പറഞ്ഞ് സ്നേഹയുടെ ഭർത്താവ് പ്രസന്ന!
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിമാരിൽ ഒരാളാണ് മീന. ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും മീന അഭിനയിച്ചിട്ടുണ്ട്.
ഇവരിൽ പലരുടെയും മകളായും സഹോദരിയായും പ്രണയിനി ആയുമെല്ലാം മീന എത്തിയിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം. 1982 ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീടാണ് മലയാളത്തിലേക്ക് താരം എത്തുന്നത്. 90 കളിലാണ് മീന നായിക നടിയായി മാറുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തിലും ആദ്യമായി നായിക വേഷത്തിലെത്തി.

ഇപ്പോൾ സിനിമയിൽ ഏകദേശം നാൽപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന. മീനയ്‌ക്കൊപ്പം തിളങ്ങി നിന്ന അന്നത്തെ നായിക നടിമാരുടെ കരിയർ ഗ്രാഫ് പരിശോധിക്കുകയാണെങ്കിൽ വിവാഹ ശേഷം പലരുടെയും ഗ്രാഫ് താഴ്ന്നെങ്കിലും മീനയുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും രണ്ടാം വരവ് മീന ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മീനയ്ക്ക് സാധിച്ചു.
മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത് തമിഴ് സിനിമ ലോകമൊക്കെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴിലെ ഒരു ചാനൽ ഇതിന്റെ ഭാഗമായി ഒരു പരിപാടിയും നടത്തിയിരുന്നു. തമിഴ് സിനിമ ലോകത്തെ പല പ്രമുഖരും പരിപാടിയിൽ പെങ്കെടുക്കുകയും മീനയെ കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു. മീനയുടെ അടുത്ത സുഹൃത്തുക്കൾ പലരും നടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായി മാറുകയുണ്ടായി. ഇപ്പോഴിതാ, അക്കൂട്ടത്തിൽ നടൻ പ്രസന്ന പറഞ്ഞ വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.
'ഞാൻ മീനയുടെ കടുത്ത ആരാധകനാണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഞാൻ വളരെ പൊസസീവ് ആണ്. യജമാൻ എന്ന സിനിമ ഇറങ്ങിയപ്പോൾ ചെന്നൈയിൽ ടിക്കറ്റ് കിട്ടാത്തതിനാൽ ട്രെയിനിൽ യാത്ര ചെയ്ത് കരൂരിൽ പോയി ഞാൻ സിനിമ കണ്ടിട്ടുണ്ട്. മീനയോട് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു,' എന്നാണ് പ്രസന്ന പറഞ്ഞത്. മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രസന്ന.

മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി എത്തിയിട്ടുള്ള നടി സ്നേഹയുടെ ഭർത്താവാണ് താരം. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ പ്രസന്ന അഭിനയിച്ചിരുന്നു. അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിലും പ്രസന്ന ഒരു ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് വിവരം. അടുത്തിടെ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിൽ നായികയായി സ്നേഹ അഭിനയിച്ചിരുന്നു.
അതേസമയം, ഭർത്താവ് വിദ്യസാഗറിന്റെ മരണശേഷം സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി വളരെ സജീവമായി നിൽക്കുകയാണ് മീന. മലയാളത്തിൽ ബ്രോ ഡാഡി ആയിരുന്നു മീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റൗഡി ബേബി എന്നൊരു തമിഴ് ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. അതിനിടെ, അമൃത ടിവിയിലെ അമ്മയും മകളും എന്ന പരിപാടിയിലും മഴവിൽ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിലും ജഡ്ജായി മീന എത്തുന്നുണ്ട്.


Click it and Unblock the Notifications