വിമാനത്തിലെ സ്റ്റണ്ട് സീൻ ഷൂട്ടിന് പോകും മുൻപ് ജയൻ പറഞ്ഞത്!, ഒരു അടി കൊടുത്താണ് വിട്ടതെന്ന് ത്യാഗരാജൻ മാസ്റ്റർ
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടൻ ജയൻ. ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഒരുകാലത്ത് ത്രസിപ്പിച്ചിരുന്ന ആക്ഷൻ കിങ്. ആക്ഷന്‍ എന്നാല്‍ ജയന്‍ ആയിരുന്നു മലയാളികള്‍ക്ക്. മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന വിശേഷണം പോലും ജയന് സ്വന്തമാണ്.
ജയൻ തന്റെ കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം നടന്റെ ജീവനെടുക്കുന്നത്. 1980 ലെ നവംബര്‍ മാസത്തില്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയന്‍ മരണപ്പെടുകയായിരുന്നു. ഹെലികോപ്റ്റർ തകർന്നായിരുന്നു മരണം.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ മായാത്ത മുഖമായി ജയനുണ്ട്. നടന്റെ മരണ ശേഷം ജനിച്ചവർക്ക് പോലും ജയൻ എന്ന നടൻ സുപരിചിതനാണ്. ജയന്റെ അപകടത്തെ കുറിച്ച് സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പലരും മുൻപ് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തെ അപ്പാടെ ഞെട്ടിച്ച സംഭവം ആയിരുന്നു അത്.

മലയാള സിനിമയിൽ അതിന് മുൻപോ ശേഷമോ അങ്ങനെയൊരു അപകടം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ, ജയന്റെ മരണത്തെ കുറിച്ച് മലയാള സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ 65 വർഷമായി സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിക്കുന്ന അദ്ദേഹം 2000 ൽ അധികം സിനിമകളിൽ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്.
മാതൃഭൂമി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ത്യാഗരാജൻ മാസ്റ്റർ മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിങ് ജയനെയും ഓർത്തത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.

അസാമാന്യമായ ധൈര്യവും കരുത്തുമുണ്ടായിരുന്ന നടനായിരുന്നു ജയനെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമയിലും ഡ്യൂപ്പ് ആവശ്യമില്ല. തടവറ എന്ന ചിത്രത്തിൽ കുതിരപ്പുറത്ത് കൈ രണ്ടും വിട്ട് കുന്തമെറിയുന്ന ഒരു സീന്‍ ഉണ്ട്. ഡ്യൂപ്പില്ലാതെ ചെയ്തതാണ്. ഗ്ലാസ് ബ്രേക്കിങ് എല്ലാം സ്വയം ചെയ്യും.
പീരുമേട്ടിലെ ഒരു ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് കോളിളക്കത്തിലെ സ്റ്റണ്ട് സീന്‍ ചെയ്യാന്‍ അനുവാദം ചോദിക്കുന്നത്. ചെയ്യുന്ന സിനിമ വൈകുമെന്നു കരുതി സമ്മതിച്ചില്ല. 'നാളെ തന്നെ വിമാനത്തില്‍ ഞാന്‍ തിരിച്ചുവരും, ഇല്ലെങ്കില്‍ എന്റെ ശരീരം വന്നിരിക്കും' എന്നായിരുന്നു ജയന്റെ മറുപടി. ഞാന്‍ ഒറ്റ അടി കൊടുത്തിട്ട് പറഞ്ഞു, 'മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുതെന്ന്'. ആ ഷൂട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ത്യാഗരാജൻ പറഞ്ഞു.

സത്യൻ, പ്രേം നസീർ, മോഹൻലാൽ എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ആരെയും ഉപദ്രവിക്കാത്ത നല്ല മനുഷ്യനായിരുന്നു സത്യനെന്ന് അദ്ദേഹം പറഞ്ഞു. എന്നെ 'പെരിയവരേ' എന്നേ വിളിക്കൂ. നസീറിനു വേണ്ടിയാണ് താൻ ഏറ്റവുമധികം ഡ്യൂപ്പ് ചെയ്തിട്ടുള്ളത്, 385 സിനിമകളില്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ തന്നെ ഡ്യൂപ്പാവണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. മോഹന്‍ലാൽ മലയാളത്തില്‍ ഏറ്റവും നന്നായി ഫൈറ്റ് ചെയ്യുന്ന ആളാണെന്നും ത്യാഗരാജൻ കൂട്ടിച്ചേർത്തു. സിനിമയിലെ സ്റ്റണ്ട് സീനുകളിലെ റിസ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
ഏതുസമയവും അപകടം ഉണ്ടാവാനും മരിക്കാനും സാധ്യതയുണ്ട്. പലരും മരിച്ചുപോയിട്ടുണ്ട്. തന്റെ ഗുരുവായ പുലികേശി പുലിയുമായുള്ള സംഘട്ടനത്തിലാണ് മരിച്ചത്. മറ്റൊരു മാസ്റ്ററായ നടരാജന്‍ ട്രെയിന്‍ കയറി എട്ടു കഷണങ്ങളായാണ് മരിച്ചത്. നമശ്ശിവായം എന്ന സ്റ്റണ്ട് മാസ്റ്ററുടെ മരണം ഗ്ലാസ് പൊട്ടിക്കുമ്പോള്‍ ചില്ല് തുളഞ്ഞു കയറിയായിരുന്നുവെന്നും അദ്ദേഹം ഓർത്തു.


Click it and Unblock the Notifications











