കിംഗ് ഓഫ് കൊത്ത എനിക്ക് ഇനി കാണേണ്ട കാര്യമില്ല! ഗോകുൽ അനുവാദം ചോദിച്ചതിന് അതിനുമാത്രം: സുരേഷ് ഗോപി
മലയാള സിനിമയിലെ താരപുത്രന്മാരിൽ ശ്രദ്ധേയനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. സൂപ്പർ താരത്തിന്റെ മകനാണെങ്കിലും മലയാള സിനിമയിൽ ഒരിടം കണ്ടെത്തുക ഗോകുലിന് അത്ര എളുപ്പമായിരുന്നില്ല. ഏഴ് വർഷമായി സിനിമയിലുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന സിനിമകളിലെ ഗോകുൽ അഭിനയിച്ചിട്ടുള്ളു. അതിൽ സാമ്പത്തികമായി വിജയം നേടിയ സിനിമകളും കുറവാണ്. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയാണ് ഗോകുലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ഗോകുൽ ആദ്യമായി പോലീസ് വേഷത്തിൽ അഭിനയിച്ച സിനിമയാണ് കിംഗ് ഓഫ് കൊത്ത. സുരേഷ് ഗോപി അനശ്വരമാക്കിയ നിരവധി പോലീസ് കഥാപാത്രങ്ങൾ ഉണ്ടെന്നിരിക്കെ ഗോകുൽ പോലീസ് വേഷത്തിൽ എത്തുന്നത് കാണാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. സിനിമ വലിയ വിജയമായില്ലെങ്കിലും പോലീസ് വേഷത്തിലുള്ള ഗോകുലിന്റെ പ്രകടനം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗോകുലിന്റെ പ്രകടനത്തെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞ വാക്കുകൾ സന്തോഷം നൽകിയെന്ന് പറയുകയാണ് സുരേഷ് ഗോപി.

പുതിയ ചിത്രം ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ വാർത്താസമ്മേളനത്തിൽ കിംഗ് ഓഫ് കൊത്ത കണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. സിനിമ കണ്ടില്ലെങ്കിലും ഗോകുലിന്റെ പ്രകടനത്തെ കുറിച്ച് സിദ്ദിഖ് അടക്കമുള്ളവർ പറഞ്ഞെന്നും അതിനാൽ ഇനി സിനിമ കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുലിന്റെ ഒരു സിനിമ മാത്രമേ താൻ ഇതുവരെ കണ്ടിട്ടുള്ളുവെന്നും വെളിപ്പെടുത്തി.
'കിംഗ് ഓഫ് കൊത്ത ഞാൻ കണ്ടിട്ടില്ല. അവന് അതിൽ വിഷമമുണ്ട്. അവന്റെ സിനിമ ഞാൻ ആകെ കണ്ടിരിക്കുന്നത് മുദ്ദുഗൗ ആണ്. അതും മുഴുവനായി കണ്ടിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഉള്ള ഭാഗങ്ങളാണ് കണ്ടിട്ടുള്ളത്. കാണാൻ ഇരിക്കുമ്പോൾ എന്തെങ്കിലും ഒക്കെ ആയിട്ട് ഞാൻ ഓടിപ്പോകും. കൊത്തയും അതുപോലെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ഇനി അത് കാണേണ്ട കാര്യമില്ല. സിദ്ദിഖ് അടക്കമുള്ളവർ കണ്ടിട്ട് എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ എന്നെ വളരെ സന്തോഷിപ്പിക്കുന്നതാണ്',
'ചില ഇടങ്ങളിൽ സുരേഷേട്ടൻ ആണെന്ന് തോന്നിപോകുമെന്ന് നൈല എന്നോട് പറഞ്ഞു. അവന്റെ ചരിഞ്ഞുള്ള ചില ലുക്കും കാര്യങ്ങളുമൊക്കെ. അതിനുള്ള മറുപടി അവൻ തന്നെ പറഞ്ഞിരുന്നു എന്ന് തോന്നുന്നു. 'ഡിഎൻഎ അതായി പോയില്ലേ, ഞാൻ എന്ത് ചെയ്യാനാണെന്ന്'. എങ്കിലും അതൊരു ചലഞ്ചാണ്. അതേസമയം, ഇത് ഞാൻ മുന്നേ പറഞ്ഞതാണ്. മോഹൻലാലിന്റെ മകനോ മമ്മൂട്ടിയുടെ മകനോ ഉള്ളത് പോലെ ഞാൻ ഗോകുലിന് ഒരു ഭാരമാകില്ല. ആ ഒരു നിലവാരമുള്ള നടനല്ല ഞാൻ',
'അതുകൊണ്ട് തന്നെ നടനെന്ന നിലയിൽ ഗോകുലിന് കുറച്ചധികം സ്വാതന്ത്ര്യം ലഭിക്കും. ഞാൻ ഒരിക്കലും അവന് ഒരു ബാലികേറാമല അല്ല. അത് എന്റെ സ്വന്തം വിലയിരുത്തലാണ്. വിനയത്തിന്റെ പുറത്ത് പറയുന്നത് ആണെന്ന് ഒന്നും കരുതണ്ട', സുരേഷ് ഗോപി പറഞ്ഞു. കിംഗ് ഓഫ് കൊത്തയിൽ അഭിനയിക്കാൻ പോകുന്നതിന് മുൻപ് ഗോകുൽ ചോദിച്ച ഒരേയൊരു കാര്യത്തെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു.

'ഈ സിനിമയിലേക്ക് പോകുന്നതിന് മുൻപ് ഒരു കാര്യത്തിൽ മാത്രമേ ഗോകുൽ എന്നോട് അനുവാദം ചോദിച്ചിട്ടുള്ളൂ. അച്ഛന്റെ കോസ്റ്റുമർ പളനി അങ്കിളിനെ വെച്ച് കോസ്റ്റും ഒന്ന് തയ്പ്പിച്ചോട്ടെ എന്നായിരുന്നു. ഞാൻ പറഞ്ഞു, നിന്റെ സിനിമ, അത് നന്നാകാൻ വേണ്ടി നിനക്ക് എന്ത് ചെയ്യണമെന്ന് തോന്നുന്നുവോ അത് ചെയ്യുക. അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ ബിജു മേനോൻ, സിദ്ദിഖ്, അഭിരാമി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. നവംബർ ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications