ജോയ് മാത്യു ഭാര്യക്ക് ശമ്പളം കൊടുക്കാറുണ്ടെന്ന് കണ്ടപ്പോൾ സങ്കടമായി; ഞാൻ 5 ലക്ഷം വരെ കൊടുക്കാൻ തയ്യാറാണ്!
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടൻ. സുരേഷ് ഗോപിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. ഭാര്യ രാധികയും മക്കളുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. രണ്ട് ആൺമക്കളും രണ്ടു പെണ്മക്കളുമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഇതിൽ മൂത്തമകൻ ഗോകുലും ഇളയ മകൻ മാധവും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തി കഴിഞ്ഞു.
പെണ്മക്കൾ രണ്ടുപേരും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ രണ്ടുപേരും പ്രേക്ഷകർക്ക് പരിചിതരാണ്. അടുത്തിടെയാണ് മൂത്തമകളായ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകൾ. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് സുരേഷ് ഗോപി. അതിനിടെ തന്റെ പുതിയ സിനിമയായ ഗരുഡന്റെ പ്രമോഷൻ പരിപാടികളിലും സജീവമാണ് താരം.

പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ സുരേഷ് ഗോപി നൽകുന്നുണ്ട്. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ പല അഭിമുഖങ്ങളിലും മകളുടെ വിവാഹത്തെക്കുറിച്ചും നടൻ വാചാലനാകുന്നുണ്ട്. അതിനിടെ ഒരു അഭിമുഖത്തിൽ ഭാര്യ രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മക്കളെ വളർത്തി വലുതാക്കി ഇവിടെ വരെ എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഭാര്യ രാധികയ്ക്ക് നൽകുകയാണ് നടൻ. ജോയ് മാത്യുവിനെ പോലെ ഭാര്യക്ക് ശമ്പളം നൽകാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
'ജോയ് മാത്യു ഭാര്യക്ക് അൻപതിനായിരം മാസ ശമ്പളം കൊടുക്കാറുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് സങ്കടമായിപ്പോയി, എന്റെ ഭാര്യ അതിനു സമ്മതിക്കാതിരുന്നതിന്. അങ്ങനെയെങ്കിൽ ഞാൻ അഞ്ച് വർഷം മുൻപ് ഇത് ചെയ്തേനെ. അടുത്തമാസം മുതൽ അവൾക്ക് അഞ്ചുലക്ഷം വരെ ശമ്പളം കൊടുക്കാൻ ഞാൻ തയ്യാറാണ്. കാരണം എന്റെ മക്കളെ ഇതുവരെ, വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് വളർത്തിയെടുത്തത് രാധിക ഒറ്റയ്ക്കാണ്', സുരേഷ് ഗോപി പറയുന്നു.
'ഞാൻ നാടുനീളെ ഓടി നടന്ന് സിനിമയും രാഷ്ട്രീയ പ്രവർത്തനവും എല്ലാം ചെയ്തപ്പോഴെല്ലാം അവളാണ് കുടുംബം നോക്കിയത്. അതിനിടെ ഒരുപാട് അസന്തുലിതാവസ്ഥകളുമൊക്കെ ഉണ്ടായിട്ടുണ്ട്, അതെല്ലാം സഹിച്ച് എന്റെ കുടുംബം അങ്ങനെ നിലനിർത്തിയത് രാധികയാണ്. ആ വീടിനോടാണ് ജനങ്ങൾക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ടം. അങ്ങനെയൊരു വീട് ആക്കിയെടുത്തത് രാധികയാണ്',
'അതുകൊണ്ട് ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്ന ശമ്പളം കൂടി കൊടുക്കും. അതേസമയം എന്റെ സ്വത്തുവകകൾ എടുത്താൽ അതിന്റെയെല്ലാം പാതി പാതി രാധികയുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്', സുരേഷ് ഗോപി വ്യക്തമാക്കി.

അച്ഛനെ ഒന്നും അറിയിക്കാതെ അമ്മ തന്നെയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് ഗോകുലും മുൻപൊരിക്കൽ പറയുകയുണ്ടായി. 'അമ്മയ്ക്ക് വീട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹ്യാന്‍ഡില്‍ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല', എന്നായിരുന്നു ഗോകുലിന്റെ വാക്കുകൾ. ഗായികയാണ് രാധിക. വിവാഹശേഷം മക്കളെ നോക്കുന്നതിനായാണ് രാധിക കരിയർ ഉപേക്ഷിച്ചത്. രാധികയും മുൻപ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
'രണ്ടു സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. ഒന്നിൽ ചൈൽഡ് വോയ്‌സ് ആയിരുന്നു. പിന്നീട് മനഃപൂർവ്വം പാടാതെ ഇരുന്നതല്ല. നാലുമക്കൾ വന്നതോടെ അവരെ വളർത്തേണ്ടി വന്നു. പറയാൻ വളരെ എളുപ്പമാണെങ്കിലും മക്കളെ ഇത്രത്തോളം എത്തിക്കാൻ നല്ല കഷ്ടപ്പാടാണ്. അതിനിടെ പാട്ട് നിർത്തേണ്ടി വന്നു. ഇതെല്ലാം ചെയ്യുമ്പോഴും പാടുന്നവരുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ കഴിഞ്ഞിട്ട് മതി ഏതൊക്കെയെന്ന് ഞാൻ കരുതി,' എന്നാണ് രാധിക മുൻപൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications