'പണമുള്ളവൻ മക്കളുടെ വിവാഹം ആർഭാടമായി തന്നെ നടത്തണം, എന്നെക്കൊണ്ട് ആകുംപോലെ നടത്തും': സുരേഷ് ഗോപി പറയുന്നു
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുളള സുരേഷ് ഗോപിയുടെ നാലാമത്തെ ചിത്രം ഗരുഡൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ഇപ്പോൾ. അതിനൊപ്പം തന്നെ വീട്ടിലെ ആദ്യത്തെ വിവാഹം ആഘോഷപൂർവം നടത്താനുള്ള ഒരുക്കങ്ങളിലുമാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ മൂത്ത മകളായ ഭാഗ്യ സുരേഷാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. അടുത്തിടെയാണ് നടന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ഭാഗ്യയുടെ വിവാഹ നിശ്ചയം നടന്നത്. ബിസിനസ്സുകാരനായ ശ്രേയസ് മോഹനാണ് വരൻ. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. വളരെ ലളിതമായാണ് സുരേഷ് ഗോപി മകളുടെ വിവാഹ നിശ്ചയം നടത്തിയത്. ഇത് വലിയ ശ്രദ്ധനേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

ഇത്രയും പണമുള്ള നടൻ എന്തുകൊണ്ട് നിശ്ചയം ലളിതമാക്കി, ഇങ്ങനെയാണെങ്കിൽ വിവാഹം എങ്ങനെ ആയിരിക്കും നടത്തുക തുടങ്ങിയ ചർച്ചകളൊക്കെ സജീവമായിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ചും അത് എങ്ങനെയാണു നടത്താൻ ഉദ്ദേശിക്കുന്നത് എന്നുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓണലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
മകളുടെ വിവാഹം നടക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് സുരേഷ് ഗോപി പറയുന്നു. 'ഞാൻ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാൻ. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്' എന്നാണ് സുരേഷ് ഗോപി പറയുന്നത്.
മകളെ വിവാഹം കഴിപ്പിച്ചുവിട്ടിട്ട് അന്ന് കിടന്നു ഉറങ്ങുമോ എന്നായിരുന്നു പിന്നാലെ അവതാരകന്റെ ചോദ്യം. എന്നാൽ അവൾ എന്റെ കൂടെ ആയിരിക്കും മിക്കവാറും എന്നായിരുന്നു സുരേഷ് ഗോപിയുടെ തമാശ കലർന്ന മറുപടി. തുടർന്നാണ് എങ്ങനെയാണ് മകളുടെ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് നടനോട് ചോദിച്ചത്.
'ഇപ്പോഴത്തെ വിവാഹങ്ങൾ പോലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തിൽ ഞാൻ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടമായി തന്നെ നടത്തണമെന്ന്',

'ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്പോൾ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോൾ നമ്മൾ മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാർക്കറ്റ് ഉണരണമെങ്കിൽ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം', സുരേഷ് ഗോപി പറഞ്ഞു.
വിവാഹത്തിലേക്ക് കടക്കുന്ന മകൾക്ക് ഒരു ഉപദേശവും നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'പിജിക്ക് പോകും മുൻപേ അവളെ പിടിച്ചുവിവാഹം കഴിപ്പിക്കുന്നതാണ്. ആദ്യം അവൾ പോകും. പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്കാണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജർ ആണ്. ആദിവാസികളുടെ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാൻ അതിന് ശമ്പളം കൊടുക്കുന്നുണ്ട്', സുരേഷ് ഗോപി പറഞ്ഞു.


Click it and Unblock the Notifications