'വാപ്പിച്ചിയുടെ ലെഗസി അൺബ്രേക്കബിൾ ആണ്; അദ്ദേഹത്തിന്റെ അച്ചീവ്‌മെന്റ് ഭയങ്കര വലുതാണ്': ഷെയ്ൻ നിഗം
മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷെയ്ൻ നിഗം. ഭാവിയിൽ ഒരു സൂപ്പർ താരമായി മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നടന്മാരിൽ ഒരാൾ. ബാലതാരമായാണ് ഷെയ്നിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെ നായകനുമായി. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ഷെയ്ൻ നിഗം.
ഇടയ്ക്ക് ചില വിവാദങ്ങളും വിലക്കുകളും നേരിടേണ്ടി വന്നെങ്കിലും ഷെയ്ൻ നിഗം എന്ന നടനെ അതൊന്നും തെല്ലും ബാധിച്ചിട്ടില്ല. തുടക്കകാലത്ത് കലാഭവൻ അബിയുടെ മകൻ എന്ന നിലയിലാണ് ഷെയ്ൻ ആരാധകരുടെ ഇഷ്ടം നേടിയയെടുത്തത്. എന്നാലിന്ന് തന്റെ പ്രകടനങ്ങളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. എങ്കിലും ഷെയ്‌നെ കുറിച്ചു പറയുമ്പോഴെല്ലാം പ്രേക്ഷകർ അബിയെയും ഓർക്കാറുണ്ട്.

ഷെയ്ൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനിടയിലാണ് അബി ഈ ലോകത്തുനിന്ന് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെ ഷെയ്‌നിന്റെ വളർച്ച കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ല. എങ്കിലും താൻ സിനിമയിലേക്ക് വരുന്നതിന് മുൻപ് തന്നെ സിനിമയെ കുറിച്ച് വാപ്പിച്ചി പറഞ്ഞുതന്നിട്ടുണ്ടെന്ന് പറയുകയാണ് ഷെയ്ൻ.
പുതിയ ചിത്രമായ വേലയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വാപ്പയ്ക്ക് വലിയ ഉയർച്ചയിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് തോന്നുന്നുണ്ടോ, സിനിമയിലേക്ക് വരുന്നതിന് മുൻപ് വാപ്പ എന്തെങ്കിലും ഉപദേശങ്ങൾ തന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.
'വാപ്പിച്ചി ടാലന്റഡ് ആയിരുന്നു. അതിനെ ഒരുപാട് പേർ ഉപയോഗിച്ചില്ല എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷെ വാപ്പിച്ചി സ്റ്റേജിൽ ചെയ്ത് വെച്ചിരിക്കുന്ന ലെഗസി, അത് അൺബ്രേക്കബിൾ ആണ്. എത്രയധികം കാസറ്റുകളാണ്, എത്രയധികം സ്കിറ്റുകളാണ്. എത്രമാത്രം ക്രിയേറ്റിവ് കോൺട്രിബ്യൂഷനുകളാണ്. ഇപ്പോഴും അതൊക്കെ കേൾക്കുമ്പോൾ ഒരു ഒറിജിനാലിറ്റി ഉണ്ട്. അദ്ദേഹം ചെയ്തു വെച്ചേക്കുന്നത് ഒന്നും ചെറുതല്ല. പിന്നെ സിനിമയിൽ ഒന്നും ആയില്ല എന്നത് മാത്രമേ ഒരു വിഷമം ആയിട്ടുള്ളൂ',
'എന്നാൽ അത് അത്ര വലിയ വിഷമവുമല്ല. വാപ്പച്ചിയുടേത് ചെറിയ ഒരു അച്ചീവ്‌മെന്റ് അല്ലെന്നാണ് ഞാൻ കാണുന്നത്. അത് ഭയങ്കര വലുതാണ്. എനിക്കൊന്നും സ്റ്റേജിൽ അങ്ങനെ പോയി നിന്നുകൊണ്ട് ചിരിപ്പിക്കാനോ ഒന്നും പറ്റില്ല. അതിനൊക്കെ ഒരുപാട് ടൈമിംഗ് വേണം, അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നുമാണ് ഞാൻ മനസിലാകുന്നത്',
'ദേഷ്യപ്പെടാനും റൊമാൻസ് കാണിക്കാനുമൊക്കെ വേഗം സാധിക്കും. പക്ഷെ ചിരിപ്പിക്കാൻ ഭയങ്കര ടൈമിങ് ആവശ്യമാണ്. അതൊക്കെ വളരെ എഫർട്ടലസ്സയാണ് ചെയ്തിരുന്നത്. മരിക്കുന്ന കാലം വരെ വാപ്പിച്ചി സ്റ്റേജ് ഷോകൾ ചെയ്തിരുന്നതാണ്. അതൊരു വലിയ അച്ചീവ്‌മെന്റ് ആയിട്ടാണ് ഞാൻ കാണുന്നത്', ഷെയ്ൻ നിഗം പറഞ്ഞു.

'വാപ്പിച്ചി അങ്ങനെ ഉപദേശങ്ങളൊന്നും നൽകിയിട്ടില്ല. അങ്ങനെയൊരു ഫാദർ ആയിരുന്നില്ല. ഡിസ്കഷനുകൾ ആയിരുന്നു. പെങ്ങൾമാരോട് ആണെങ്കിലും അങ്ങനെ ആയിരുന്നു. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യണം എന്നൊന്നും പറയാറില്ല. എന്നാൽ ഞാൻ സിനിമ ചെയ്യുന്നതിന് മുന്നേ, ജീവിതഗന്ധിയായ ഒരു അഭിനയ ശൈലി കൊണ്ടുവരണമെന്ന് വാപ്പിച്ചി പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ അഭിനയത്തിലേക്ക് വരണമെന്ന് പോലും വിചാരിച്ചിട്ടില്ല. അപ്പോൾ അഭിനയത്തെ കുറിച്ചുള്ള ചില കാര്യങ്ങളൊക്കെ പറഞ്ഞു തന്നിട്ടുണ്ട്', ഷെയ്ൻ പറഞ്ഞു.
ഉമ്മയും രണ്ടു സഹോദരിമാരുമാണ് ഇന്ന് തന്റെ മൂന്ന് പില്ലറുകളെന്നും അവരാണ് എല്ലാ കാര്യങ്ങളിലും തനിക്കൊപ്പം ശക്തമായ പിന്തുണ നൽകി ഒപ്പം നിൽക്കുന്നതെന്നും ഷെയ്ൻ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഷെയ്നിനൊപ്പം സണ്ണിവെയ്‌നും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് വേല. ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications