ആ ഷോക്കിൽ അവൾ പോയി; അതില്ലായിരുന്നെങ്കിൽ ഇന്നും എന്റെ അമ്പിളി ജീവിച്ചിരുന്നേനെ; ഭാര്യയെ കുറിച്ച് ടിജി രവി
ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലനായിരുന്നു നടൻ ടിജി രവി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിൽ പലതും അദ്ദേഹം അവതരിപ്പിച്ചവയാണ്. ഇന്നും ആ പഴയ വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. അഞ്ച് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് തിളങ്ങിയതെങ്കിൽ ഇന്ന് വില്ലൻ വേഷങ്ങൾ വിട്ട് കൂടുതൽ ക്യാരക്ടർ വേഷങ്ങളിലാണ് നടൻ എത്തുന്നത്.
ടിജി രവിയുടെ പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ എന്നും വലിയ പിന്തുണയായി ഒപ്പമുണ്ടായിരുന്നത് ഭാര്യ സുഭദ്രയാണ്. അമ്പിളി എന്നാണ് അദ്ദേഹം തന്റെ പങ്കാളിയെ വിളിച്ചിരുന്നത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ഒരിക്കലും അവസാനിക്കാത്ത പ്രണയമായിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ സുഭദ്രയുടെ അപ്രതീക്ഷിത വിയോഗം ട ജി രവിയെ തകർത്തു കളഞ്ഞു. 2011 സെപ്റ്റംബറിൽ കരൾ രോഗത്തെ തുടർന്നായിരുന്നു സുഭദ്രയുടെ മരണം.

ഇപ്പോഴിതാ സുഭദ്രയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രിയപത്നിയുടെ ഏറെ വേദനിപ്പിച്ച അകാല വിയോഗത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ടി ജി രവി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഭാര്യയെക്കുറിച്ച് വാചാലനായത്. ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ അമ്പിളിയുടെ സ്വാധീനമുണ്ടായിരുന്നു. അവള്‍ പോയശേഷം സിനിമയോട് തന്നെ താത്പര്യം കുറഞ്ഞു. കാണാനവളില്ലെങ്കില്‍ എന്ത് സിനിമ എന്ന് തനിക്ക് തോന്നിയെന്ന് ടിജി രവി പറയുന്നു.
10 വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ടിജി രവിയും ഭാര്യ സുഭദ്രയും വിവാഹിതരാകുന്നത്. ചേട്ടത്തിയുടെ സഹോദരിയായിരുന്നു സുഭദ്ര. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് ആ വീട്ടില്‍ പോവാറുണ്ടായിരുന്നു. പരിചയത്തിലായിരുന്ന സമയം മുതല്‍ ഈ കുട്ടി കൊള്ളാമല്ലോയെന്ന് തോന്നിയിരുന്നു. ഒടുവിൽ സുഭദ്രയ്ക്ക് 15 വയസുള്ളപ്പോഴാണ് താന്‍ ഇഷ്ടം പറഞ്ഞതെന്നും ടിജി രവി ഓര്‍ക്കുന്നു.
എന്തേ ഇതുവരെ ഇത് പറഞ്ഞില്ല എന്നായിരുന്നു സുഭദ്രയുടെ മറുപടി. കല്യാണം കഴിക്കണമെന്ന് അന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതിനിടയില്‍ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ചേട്ടത്തിക്ക് മനസിലായിരുന്നു. പിന്നീട് അവൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മെഡിസിന് ചേർന്നു. ആ സമയത്താണ് ഞങ്ങള്‍ ശരിക്കും പ്രണയം ആസ്വദിക്കുന്നത്. ബൈക്കിൽ കറക്കവും സിനിമയ്ക്ക് പോക്കുമെല്ലാം ആ സമയത്ത് ആയിരുന്നുവെന്ന് ടി ജി രവി പറയുന്നു.
ഞാന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ സമയത്തായിരുന്നു അമ്മയ്ക്ക് ക്യാൻസർ വന്നത്. എന്റെ കല്യാണം കാണണമെന്ന് പറഞ്ഞതോടെ പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2011 ലാണ് സുഭദ്രയുടെ മരണം. കരള്‍ മാറ്റിവെക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. അമ്പിളിയുടെ സഹോദരങ്ങളില്‍ മൂന്നുപേര്‍ ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. മുഖത്ത് കറുത്ത പാടുകള്‍ കണ്ടതോടെയായിരുന്നു അസുഖം സ്ഥിരീകരിച്ചത്.

കാണുന്നവരെല്ലാം അതേക്കുറിച്ച് ചോദിക്കുന്നതില്‍ അവള്‍ക്ക് അസ്വസ്ഥതയായിരുന്നു. അതിനിടയിൽ ഞങ്ങള്‍ മകനൊപ്പം ആഫ്രിക്കയിലേക്ക് പോയി. ആഫ്രിക്കയില്‍ ആദ്യം എനിക്ക് ജോലി ശരിയായി. അവള്‍ക്ക് ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് കൊച്ചിയിലെ ഒരു ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയതായി അറിയുന്നത്.
നാട്ടിലേക്ക് വന്ന് അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരുപാട് കടമ്പകളുണ്ടായിരുന്നു അതിന്. പക്ഷേ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം ശസ്ത്രക്രിയയ്ക്ക് അനുമതിയില്ല എന്നതായിരുന്നു. അതറിഞ്ഞതോടെ സുഭദ്ര തകർന്നുപോയി. സാധാരണ ഈ രോഗം വന്നാൽ ഇരുപത് വർഷം വരെ ജീവിക്കാം. ഇത് മൂന്ന് വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ആ ഷോക്കിന് പിന്നാലെ അവൾക്കൊരു പനി വന്നു. അതോടെ പോയി.
ആ ഷോക്കാണ് മരണകാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അസുഖമുള്ള ആളുകള്‍ക്ക് അങ്ങനെയൊരു സമര്‍ദ്ദം താങ്ങാനാവില്ല. ശസ്ത്രക്രിയ എന്ന മോഹം ഇല്ലായിരുന്നെങ്കിൽ ഇന്നും എന്റെ അമ്പിളി ജീവിച്ചിരുന്നേനെ, ടി ജി രവി പറഞ്ഞു.


Click it and Unblock the Notifications