എന്നെ പഴയ പോലെ വിളിച്ചൂടെ എന്ന് മമ്മൂട്ടി ചോദിച്ചു; അദ്ദേഹത്തിന് വന്ന ആശങ്ക അതാകാം; ടി.ജി രവി
മലയാള സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് ടി.ജി രവി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലൂടെയാണ് ടി.ജി രവി തിളങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിൽ മിക്കതും അദ്ദേഹം അവതരിപ്പിച്ചവയാണ്. അധോലോക നായകന്മാര്‍ മുതല്‍ സാധാരണ വില്ലൻ കഥാപാത്രങ്ങളെ വരെ അവതരിപ്പിച്ച് ടി.ജി രവി കൈയ്യടി നേടിയിട്ടുണ്ട്.
ടി.ജി രവിയ്‌ക്കൊപ്പം സിനിമയിൽ എത്തിയവർ പലരും ഇന്ന് വിശ്രമജീവിതത്തിലേക്ക് കടന്നെങ്കിലും അദ്ദേഹം ഇന്നും സജീവമാണ്. വില്ലൻ വേഷങ്ങൾ വിട്ട് കൂടുതൽ ക്യാരക്ടർ വേഷങ്ങളിലാണ് നടൻ അഭിനയിക്കുന്നത്. സിനിമയിൽ അന്നും ഇന്നുമെല്ലാം ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ഒരുകാലത്ത് ടി.ജി രവിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ഒരു മുറിയിൽ കിടന്നുറങ്ങിയതിനെ കുറിച്ചൊക്കെ അദ്ദേഹം മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം ദി പ്രീസ്റ്റ് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ നിങ്ങൾ എന്ന് വിളിച്ചതിന് മമ്മൂട്ടി കാരവനിലേക്ക് വിളിച്ച് സംസാരിച്ചതിനെ കുറിച്ച് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ആ വാക്കുകൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അന്ന് നടന്നതിനെ കുറിച്ചും ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞതിന് ശേഷം സംഭവിച്ചതിനെ കുറിച്ചും പറയുകയാണ് ടി.ജി രവി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ ദി പ്രീസ്റ്റ് എന്ന പടത്തിൽ അഭിനയിക്കുമ്പോൾ, ഞാൻ പലപ്പോഴും നിങ്ങൾ എന്നാണ് മമ്മൂട്ടിയെ അഭിസംബോധന ചെയ്തു കൊണ്ടിരുന്നത്. മുൻപ് ഞാനും മമ്മൂട്ടിയും രതീഷും ലാലുമൊക്കെ ഒരേ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തലവെച്ചു കിടന്നുറങ്ങിയ ആളുകളാണ്. അങ്ങനെയൊരു സൗഹൃദം ഉണ്ടായിരുന്നത് കൊണ്ടാകണം, രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്നെ കാരവനിലേക്ക് വിളിച്ചു. എന്നോട് എന്നിട്ട് ഇക്കാര്യമാണ് ചോദിച്ചത്, പഴയത് പോലെ വിളിച്ചൂടെ എന്ന്',
'ഞാൻ അപ്പോൾ പറഞ്ഞത്, ഞാൻ സിനിമയിൽ നിന്ന് മാറി നിന്ന് കുറച്ചു കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ജനങ്ങളെ സംബന്ധിച്ച് അദ്ദേഹം നിൽക്കുന്ന ലെവല് വേറെയാണ്. അങ്ങനെ നോക്കുമ്പോൾ എല്ലാവരും കൂടി ഇരിക്കുന്ന സമയത്ത് താൻ, എടോ എന്നൊക്കെ വിളിക്കാമോ എന്നൊക്കെയുള്ള ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നി. അതുകൊണ്ട് ചെയ്തത് ആണെന്ന് ഞാൻ പറഞ്ഞു', അദ്ദേഹം പറഞ്ഞു.

തുടർന്നാണ് അഭിമുഖത്തിൽ ശേഷം സംഭവിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. മുമ്പുണ്ടായിരുന്ന സൗഹൃദത്തിന് കോട്ടം തട്ടിയോ എന്ന തോന്നലിലാകും മമ്മൂട്ടി വിളിച്ചത്. അങ്ങനെ ആണെങ്കിൽ ആ വിളിയോട് കൂടി ആ സൗഹൃദത്തിന് കൂടുതൽ ഉറപ്പ് വന്നു എന്നാണ് അഭിമുഖത്തിൽ പറഞ്ഞവസാനിപ്പിച്ചത്. എന്നാൽ ഇത് വാർത്ത വന്നത് സീനിയർ ആയ നടനെ മമ്മൂട്ടി കാരവനിലേക്ക് വിളിപ്പിച്ചു എന്ന രീതിയിലാണെന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ട് ഇപ്പോൾ അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുമ്പോൾ പേടിയാണെന്നും നമ്മൾ പറയുന്നത് ആയിരിക്കില്ല വരുന്നതെന്നും ടി.ജി രവി കൂട്ടിച്ചേർത്തു. അതേസമയം, ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രമാണ് ടി.ജി രവിയുടെ ഏറ്റവും പുതിയ ചിത്രം. പൊളിറ്റിക്കൽ സറ്റയർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റഷീദ് പറമ്പിലാണ്. ടി.ജി രവിക്ക് പുറമെ അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











