23 കാരിയുടെ പെട്ടെന്നുള്ള തീരുമാനമായിരുന്നു അത്! സംഭവിച്ചതിനെയെല്ലാം പോസിറ്റീവായി കാണുന്നു: ആൻ പറഞ്ഞത്
വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആൻ അഗസ്റ്റിൻ. മലയാളികളുടെ പ്രിയപ്പെട്ട നടൻ അഗസ്റ്റിന്റെ മകളായ ആൻ അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തിയത്. 2010 ൽ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ സംവിധായകൻ ലാൽ ജോസ് ആണ് ആൻ അഗസ്റ്റിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിരുന്നു ആനിന്റേത്. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടാൻ താരപുത്രിക്ക് കഴിഞ്ഞു.
തുടർന്ന് അർജുനൻ സാക്ഷി, ത്രീ കിങ്‌സ്, ഓർഡിനറി, ഡാ തടിയാ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയായിരുന്നു താരം. അതിനിടെ ഫഹദ് ഫാസിൽ നായികനായ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ആൻ അഗസ്റ്റിൻ സ്വന്തമാക്കുകയുണ്ടായി. പിന്നീട് വിവാഹിതയായ ആൻ സിനിമകളിൽ സജീവമല്ലാതാവുകയായിരുന്നു. നീന, സോളോ എന്നിങ്ങനെ രണ്ടു സിനിമകളിൽ മാത്രമാണ് വിവാഹശേഷം ആൻ അഭിനയിച്ചത്.

ഛായാഗ്രാഹകനായ ജോമോൻ ടി ജോണാണ് ആനിനെ വിവാഹം ചെയ്തത്. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2021 ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടി. മൂന്ന് വർഷത്തോളം വേർപിരിഞ്ഞു കഴിഞ്ഞ ശേഷമായിരുന്നു ഡിവോഴ്സ്. ഇപ്പോഴിതാ ആനുമായി പിരിഞ്ഞ ശേഷം പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് ജോമോൻ ടി ജോൺ. കഴിഞ്ഞ ദിവസമാണ് ജോണിന്റെ രണ്ടാം വിവാഹം നടന്നത്. അന്‍സു എൽസ വർസീസ് ആണ് വധു.
ജോമോൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജോമോന്‍ കുറിച്ചത്. എഞ്ചിനീയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എൽസ വർസീസ്. താരങ്ങളടക്കം നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. അതേ സമയം ജോമോന്റെ വിവാഹ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ വേര്‍പിരിയലിനെ കുറിച്ച് മുൻപൊരിക്കൽ ആൻ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.
തന്റെ വിവാഹം 23 വയസുള്ള ഒരു കുട്ടിയുടെ അപക്വമായ തീരുമാനമായിരുന്നു എന്നായിരുന്നു ആന്‍ മുമ്പൊരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. "ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ എന്ന്. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരാമര്‍ എന്ന നിർമ്മാണ കമ്പനി തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു," എന്നാണ് ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്.
അതേസമയം വിവാഹമോചനത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ആനോ ജോമോനോ ഇതുവരെയും തയ്യാറായിട്ടില്ല. ആൻ അഗസ്റ്റിനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോനാണ് കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. ഇതിലും വ്യക്തതയില്ല. വിവാഹമോചനത്തിന് ശേഷം കഴിഞ്ഞ വർഷം ആൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ്. നിർമാണ കമ്പനിയുടെ കീഴിൽ എങ്കിലും ചന്ദ്രികേ എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











