'അവസരങ്ങൾക്കായി കുറെ അലഞ്ഞിട്ടുണ്ട്; കൈപിടിച്ചുയർത്തിയത് അവരാണ്!'; ഹരീഷ് പേങ്ങൻ പറഞ്ഞത്

മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്. സമീപകാലത്ത് നിരവധി സിനിമകളിൽ ഹാസ്യരസപ്രധാനമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ വിടപറഞ്ഞു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. അടിയന്തിരമായി കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.

കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയ്യാറായിരുന്നുവെങ്കിലും ചികിത്സയ്ക്കായി വലിയ തുക ആവശ്യമായിരുന്നു. ഇതേത്തുടർന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രം​ഗത്തെത്തുകയുണ്ടായി. അങ്ങനെ പലയിടങ്ങളിൽ നിന്നായി സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

hareesh pengan

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് ഹരീഷ് പേങ്ങൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 2011 ലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി 1000 ആരോസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചതിനെ കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു.

കയംകുളം കൊച്ചുണ്ണി മുതൽ തനിക്കൊപ്പം വർക്ക് ചെയ്തിരുന്ന സുഹൃത്തുക്കൾ സിനിമയിലെത്തി. അവരാണ് തന്നെയും സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അക്കാലത്ത് വേഷങ്ങൾക്ക് വേണ്ടി കുറെ അലഞ്ഞിട്ടുണ്ട്. അതിനിടെയാണ് കൂടെയുള്ളവർ പൊക്കിക്കൊണ്ടു വന്നതെന്നും ഹരീഷ് പേങ്ങൻ പറയുകയുണ്ടായി. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കാണാൻ പോയാണ് ആ പരമ്പരയിൽ അദ്ദേഹം ഒരു വേഷം ഒപ്പിച്ചെടുത്തത്. ഇതേക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ആദ്യത്തെ ദിവസം ഷൂട്ടിങ് കാണാൻ വേണ്ടി ചെന്ന് നിന്നതാണ്. പിന്നീട് അതിന്റെ സ്ക്രിപ്റ്റ് റൈറ്ററെ ചെന്ന് അഭിനയിക്കാനുള്ള ആഗ്രഹം അറിയിച്ചു. പുള്ളി എന്റെ നമ്പർ വാങ്ങി വെച്ചിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞ് വരാൻ പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് വിളിയെത്തി. അങ്ങനെയാണ് അതിൽ അഭിനയിക്കുന്നതെന്നാണ് ഹരീഷ് പേങ്ങൻ പറഞ്ഞത്.

മഹേഷിന്റെ പ്രതികാരമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും ഹരീഷ് പേങ്ങന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയത് ആ സിനിമയാണ്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബെന്നിയൊക്കെ സിനിമയില്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ വാങ്ങിച്ച് തന്നിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങൾ കണ്ട് തന്നെയാണ് ഇതുവരെയുള്ള സിനിമകളിലേക്ക് വിളിച്ചിട്ടുള്ളത്. ബന്ധങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. ആ ബന്ധങ്ങളാണ് അവസരങ്ങൾ നേടി തന്നത്.

hareesh pengan

അസോസിയേറ്റ് ആയി നിൽക്കുന്ന പിള്ളേരൊക്കെ നമ്മുടെ സുഹൃത്തുക്കളാണ്. ചർച്ചകളിലൊക്കെ അവർ എന്റെ പേര് എടുത്തിടും. അവരൊക്കെയാണ് നമ്മളെ വളർത്തുന്നത്. ഇനിയും സിനിമകൾ ചെയ്യാൻ കഴിയണം. ചെയ്യുന്ന പടങ്ങളെല്ലാം വിജയിക്കണമെന്നാണ് പ്രാർത്ഥന എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമയിൽ ഉണ്ടെങ്കിലും അടുത്ത കാലത്തായാണ് ശ്രദ്ധേയ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്. നോട്ട് ഔട്ടായിരുന്നു ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഹരീഷ് പേങ്ങന്റേതായി ഒടുവിൽ റിലീസായ സിനിമ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X