താങ്ങായത് സുചിത്ര ചേച്ചി, തിരക്കഥ കേട്ട് പറഞ്ഞത്; ഹൃദയത്തില്‍ നിന്നും വിശാഖ് പറയുന്നു!
വന്‍ വിജയമായി മാറിയിരിക്കുകയാണ് ഹൃദയം. ്പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായകിമാര്‍. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറഞ്ഞ ചിത്രം കോളേജ് കാലഘട്ടത്തിന്റെ ആഘോഷം സ്‌ക്രീനിലേക്ക് കൊണ്ട് വരികയായിരുന്നു. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. മെറിലാന്റിന്റേയും തിരിച്ചുവരവാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പ്രണവിന്റെ അമ്മ സുചിത്രയില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് വിശാഖ് വാചാലനാവുകയാണ്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖ് മനസ് തുറന്നത്. തങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കി തങ്ങളെ താങ്ങി നിര്‍ത്തിയത് സുചിത്ര ചേച്ചിയായിരുന്നുവെന്നാണ് വിശാഖ് പറയുന്നത്. വിശാഖിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എന്നോടൊപ്പം എപ്പോഴും നില്‍ക്കാന്‍ പ്രണവിന്റെ കുടുംബവും ഉണ്ടായിരുന്നു. സുചിത്ര ചേച്ചി ആണ് ഞങ്ങള്‍ പിള്ളേരെ എല്ലാം ഒരുമിച്ച് താങ്ങി നിര്‍ത്തിയത്. ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ എപ്പോഴും സുചിത്ര ചേച്ചിയുടെ ഒരു ഉപദേശം കിട്ടും. സിനിമ റിലീസ് ചെയ്യുന്നതുവരെ ആ പിന്തുണ ഒപ്പമുണ്ടായിരുന്നു. റിലീസ് ദിവസം ഒരു അഞ്ചു മണിക്കൂര്‍ മുന്‍പേ ആണ് ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. സുചിത്രച്ചേച്ചി പറഞ്ഞു, 'ഒരു കുഴപ്പവുമില്ല നിങ്ങള്‍ മുന്നോട്ടു പൊയ്ക്കോളൂ ഞാന്‍ കൂടെയുണ്ടെന്ന്'. വിശാഖ് പറയുന്നു.
സുചിത്ര ചേച്ചി അങ്ങനെ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ ഇരിക്കുന്ന ആളല്ല. പക്ഷേ 'ഹൃദയ'ത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഞങ്ങളുടെ കൂടെ ഇരിക്കുമോ എന്ന് ഞങ്ങള്‍ ചോദിച്ചു. അപ്പുവും ചേച്ചിയും ഞാനും വിനീതും എല്ലാം ഒരുമിച്ചിരുന്നാണ് സ്‌ക്രിപ്റ്റ് കേട്ടത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ചേച്ചി നന്നായി ആസ്വദിച്ചതായി തോന്നി. ഇത് നന്നായി വരും എന്ന് പറഞ്ഞിട്ട് ആദ്യം മുതല്‍ തന്നെ ഈ ഒരു പ്രൊജക്ടില്‍ ചേച്ചിയുടെ പിന്തുണയുണ്ടെന്നാണ് വിശാഖ് പറയുന്നത്. സുചിത്രയുടെ സഹായങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ചെന്നൈയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ എവിടെയെങ്കിലും ലൊക്കേഷന്‍ കിട്ടിയില്ലെങ്കില്‍ ചേച്ചിയുടെ ഇടപെടല്‍ കൊണ്ട് അത് കിട്ടിയിട്ടുണ്ട്. അങ്ങനെ പല ലൊക്കേഷനും ചേച്ചി കാരണമാണ് കിട്ടിയതെന്നാണ് വിശാഖ് പറയുന്നത്. ലോക്ഡൗണ്‍ സമയത്തൊക്കെ നിരന്തരം വിളിച്ച് സിനിമയുടെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഞങ്ങള്‍ക്ക് മാനസിക പിന്തുണ തരും. ഞങ്ങളെ ഹൃദയത്തിനു പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ സഹായിച്ച നെടുംതൂണ്‍ സുചിത്രച്ചേച്ചി തന്നെയാണ് എന്നാണ് വിശാഖ് പറയുന്നത്.

ഹൃദയത്തിന്റെ ഒടിടി റിലീസിനക്കുറിച്ചും നിര്‍മ്മാതാവ് മനസ് തുറക്കുന്നുണ്ട്. ഹൃദയം ഒടിടി റിലീസ് ഉണ്ടാകും. പക്ഷേ തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് വിശാഖ് പറയുന്നത്. ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്‌സ് ഡിസ്‌നിയും സ്വന്തമാക്കിക്കഴിഞ്ഞു എന്നാണ് വിശാഖ് അറിയിക്കുന്നത്. അതേസമയം ഉടനെയൊന്നും സിനിമ തിയറ്ററില്‍ നിന്നും പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. വാലന്റൈന്‍സ് ഡേ ആഴ്ച വരുകയാണ്. ഈ ഒരു ആഴ്ച തിയറ്ററില്‍ തന്നെ ഹൃദയം ഓടും, ഒടിടിയില്‍ വന്നാലും തിയറ്ററില്‍ സിനിമ ഉണ്ടാകും. ഇത് തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്. സിനിമയുടെ ആകെത്തുകയായ ഭംഗി ആസ്വദിക്കണമെങ്കില്‍ തിയറ്ററില്‍ തന്നെ കാണണം. ഒടിടിയില്‍ വന്നാലും തിയറ്ററില്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ പോയി കാണണം. സിനിമയുടെ തിയറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുത് എന്നാണ് നിര്‍മ്മാതാവിന് പറയാനുള്ളത്.

ചിത്രത്തിലെ നായകനും തന്റെ അടുത്ത സുഹൃത്തുമായ പ്രണവിനെക്കുറിച്ചും വിശാഖ് സംസാരിക്കുന്നുണ്ട്. പ്രണവുമായി ചെറുപ്പം മുതല്‍ ഉള്ള സൗഹൃദമാണ്. ഒരാള്‍ അഭിനയിക്കുമ്പോള്‍ തന്നെ അയാളുടെ കഴിവ് എത്രമാത്രമുണ്ടെന്നു നമുക്ക് മനസിലാകും. പക്ഷെ പ്രണവ് അഭിനയിക്കുന്ന ഓരോ ഫ്രെയിമും കാണുമ്പോള്‍ ഞങ്ങളുടെ ക്രൂ മെമ്പേര്‍സിന് ഭയങ്കര അതിശയമായിരുന്നു ഇത്രയും കഴിവ് ഈ പയ്യന്റെ ഉള്ളില്‍ ഉണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രം തിയറ്ററില്‍ തന്നെ എത്തിക്കണം എന്ന് കരുതിയത എന്നാണ് വിശാഖ് പറയുന്നത്. പ്രണവ് ഇഷ്ടമില്ലാതെ സിനിമയില്‍ വന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രണവ് ചെയ്ത സിനിമകള്‍ ഒന്നും ഉഴപ്പി ചെയ്തിട്ടില്ലെന്നും ചെയ്ത നാല് പടങ്ങളും 100% ആത്മാര്‍ഥതയോടെയാണ് ചെയ്തത് എന്നും വിശാഖ് വ്യക്തമാക്കുന്നു.

6:30 നു ഷൂട്ട് ഉണ്ടെങ്കില്‍ 6 മണിക്ക് തന്നെ പ്രണവ് സെറ്റില്‍ എത്തിയിരിക്കും. കാരവന്‍ കൊടുത്തിട്ടുണ്ടെങ്കിലും അവിടെ ബാക്കി കുട്ടികളെ കൂടി വിളിച്ച് ഇരുത്തുകയും എല്ലാവരുടെയും സുഖ സൗകര്യങ്ങള്‍ നോക്കുകയും ചെയ്യുമായിരുന്നു എന്നാണ് സുഹൃത്തിനെക്കുറിച്ച് വിശാഖ് പറയുന്നത്. ഈ സിനിമ വിജയിച്ചിട്ടുണ്ടങ്കില്‍ ആ വിജയം പ്രണവ് അര്‍ഹിക്കുന്നു. അഭിനേതാവിനേക്കാള്‍ കൂടുതല്‍ പ്രണവ് ഒരു മനുഷ്യസ്‌നേഹിയാണ്. പ്രണവിന്റെ വിജയത്തില്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിക്കുന്നുവെന്നും വിശാഖ് കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications