'ആ നിഴലിൽ നിന്നും മോചിതയായിരിക്കുന്നു, നിങ്ങളെ നിങ്ങളായിരിക്കാൻ അനുവദിച്ച മോഹൻലാലിന് കൂടുതൽ വില നൽകി'
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച് മലയാള സിനിമ രംഗത്ത് നിന്നും ആദ്യം രംഗത്ത് എത്തിയ ഒരാൾ വിസ്മയ മോഹൻലാൽ ആയിരുന്നു. എന്നാൽ അഭിപ്രായ പ്രകടനം നടത്തിയ വിസ്മയയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. പക്ഷെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിസ്മയയ്ക്കൊപ്പമായിരുന്നു. അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന താരപുത്രിയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഏറ്റവും നിർണായകമായൊരു നിമിഷത്തിൽ വിസ്മയ ഉന്നയിച്ച ഒരു ആശങ്ക നടിയെ മോഹൻലാൽ എന്ന നടന്റെ നിഴലിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു എന്നും അച്ഛനായ മോഹൻലാലിന് കൂടുതൽ വില നൽകുകയാണ് താരം ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.

ഷിബു ഗോപാലകൃഷ്ണൻ എന്ന ഫേസ്ബുക്ക് യൂസറുടേതാണ് കുറിപ്പ്. ആ കുറിപ്പ് ഇങ്ങനെയാണ്... ഇന്നലെ വരെ നിങ്ങൾ എനിക്ക് മോഹൻലാലിന്റെ മകളായിരുന്നു. അതിനും അപ്പുറമൊരു മേൽവിലാസം നിങ്ങൾക്ക് ഇല്ലായിരുന്നു. മോഹൻലാൽ എന്ന വന്മരത്തിന്റെ തണലിൽ ജീവിച്ച് പോകുന്ന അതിനും അപ്പുറമൊരു അസ്ഥിത്വം ഉണ്ടോ എന്നുപോലും അറിയാൻ പാടില്ലാത്ത ഒരു വിസ്മയ മാത്രമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ ആ മേൽവിലാസങ്ങളെയെല്ലാം അഴിച്ച് മാറ്റിയിരിക്കുന്നു. ഏറ്റവും നിർണായകമായൊരു നിമിഷത്തിൽ നിങ്ങൾ ഉന്നയിച്ച ഒരു ആശങ്ക നിങ്ങളെ മോഹൻലാൽ എന്ന നടന്റെ നിഴലിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു.
മറ്റുള്ളവർ പിന്തുണ അറിയിച്ചപ്പോൾ അതിനൊപ്പം ചേരുക അല്ല നിങ്ങൾ ചെയ്തത്. എല്ലാവരും അറച്ച് നിന്നപ്പോൾ യാതൊരു സന്ദേഹവും ഇല്ലാതെ നിങ്ങൾ നിങ്ങളെ വിളിച്ച് പറഞ്ഞു. ഒരുപക്ഷെ മോഹൻലാൽ പോലും ഇന്നുവരെ ഒഴിഞ്ഞുമാറുക മാത്രം ചെയ്ത ഒരു സന്ദർഭത്തെ നിങ്ങൾ മറ്റൊരു ബോധ്യം കൊണ്ട് അഭിസംബോധന ചെയ്തു.
നിങ്ങളുടെ അഭിപ്രായത്തിനും അനുഭാവത്തിനും പിന്നിൽ നിങ്ങൾ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ സ്വാധീനമുണ്ട്. അതാണ് നിങ്ങളെ അങ്ങനെയൊരു അഭിപ്രായത്തിന് പ്രാപ്തയാക്കിയത്. അതുകൊണ്ട് നിങ്ങൾ മോഹൻലാലിന്റെ വില കളയുക അല്ല ചെയ്തത്. അനുഭവം കൊണ്ടും അഭിപ്രായം കൊണ്ടും നിങ്ങളെ നിങ്ങളായിരിക്കാൻ അനുവദിച്ച അതിനുമേൽ ചങ്ങല ആവാതിരിക്കാൻ ശ്രമിച്ച മോഹൻലാലിന് കൂടുതൽ വില നൽകുകയാണ് ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.
വിസ്മയ ഒരു നിലപാടുള്ള പെൺകുട്ടിയാണെന്ന് തെളിയിച്ചിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ഏറെയും. ചിലർ ഇവിടേയും താരപുത്രിയെ വിമർശിച്ച് എത്തിയിരുന്നു. വിസ്മയ ശബ്ദമുയർത്തിയതിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് എത്തുകയും രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ ഡൽഹിയിൽ പോയി പ്രതിഷേധത്തിൽ പങ്കാളികളാവുകയും ചെയ്തിരുന്നു.

വിസ്മയയ്ക്ക് മാത്രമല്ല ടൊവിനോ തോമസ് അടക്കമുള്ളവർക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ച് ചർച്ചകൾക്കുപകരം ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്.
സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? എന്നാണ് വിസ്മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നത്. ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്‍റെ ഭാവി വാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്.
അവര്‍ക്കൊപ്പം അണി ചേരേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയും. വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. ദുൽഖർ സൽമാൻ അടക്കമുള്ളവരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


Click it and Unblock the Notifications


