ദേഹത്ത് കയറിപ്പിടിച്ചവനെ ഓടിച്ചിട്ട് തല്ലി നടി ഐശ്വര്യ; ക്യാപ്റ്റന്‍ മില്ലര്‍ ഇവന്റിനിടെ സംഭവിച്ചത്
ആള്‍ക്കൂട്ടത്തില്‍ വച്ച് സ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ഇന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. പലപ്പോഴായി ഇത്തരം അനുഭവങ്ങളുണ്ടായതായി ഒരുപാട് സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെയുണ്ട്. മലയാളത്തിലെ യുവനടിമാര്‍ക്ക് നേരത്തെ കോഴിക്കോട് വച്ചുണ്ടായ അനുഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പോയ വര്‍ഷം സെപ്തംബറില്‍ എആര്‍ റഹ്‌മാന്‍ ഷോയില്‍ വച്ചും പലര്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു.
ഇപ്പോഴിതാ ആള്‍ക്കൂട്ടത്തില്‍ വച്ച് മോശം അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് അവതാരകയായ ഐശ്വര്യ രഗുപതിയ്ക്ക്. ധനുഷ് നായകനായ പുതിയ സിനിമ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ഇവന്റില്‍ വച്ചായിരുന്നു ഐശ്വര്യയ്ക്ക്മ മോശം അനുഭവം നേരിടേണ്ടി വന്നത്. എന്നാല്‍ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഓടിച്ചിട്ട് പിടിച്ച് കരണത്തിട്ട് പൊട്ടിക്കുകയാണ് ഐശ്വര്യ ചെയ്തത്.

ബുധനാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പരിപാടി നടന്നത്. പരിപാടിയില്‍ നിന്നുമുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. വീഡിയോയില്‍ ഐശ്വര്യയ്‌ക്കൊപ്പം ഒരു സുഹൃത്തുമുണ്ട്. യുവാവിന്റെ കോളറിന് കുത്തിപ്പിടിച്ച് ഐശ്വര്യ ദേഷ്യപ്പെടുന്നതും തന്റെ കാലില്‍ വീഴാന്‍ ആവശ്യപ്പെടുന്നതും കരണത്തടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
സംഭവം സമയം ഐശ്വര്യയ്ക്കും യുവാവിനും ചുറ്റും വലിയ ആള്‍ക്കൂട്ടം തന്നെയുള്ളതായും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ''എന്റെ കാലില്‍ വീഴെടാ. എന്റെ ചെരുപ്പിന് അടിക്കണോ? നീയെന്താടാ നായേ ഇപ്പോള്‍ അഭിനയിക്കുകയാണോ? പിന്നെ എന്തിനാടാ നീ ഓടിയത്? അഭിനയിക്കല്ലേ അഭിനയിക്കല്ലേ'' എന്നാണ് വീഡിയോയില്‍ ഐശ്വര്യ പറയുന്നത്. സംസാരത്തിനിടെ യുവാവിന്റെ കരണത്ത് ഐശ്വര്യ അടിക്കുന്നതായും വീഡിയോയിലുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
പിന്നാലെ നടന്നത് എന്താണെന്ന് ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ''ആ ആള്‍ക്കൂട്ടത്തില്‍ ഒരുത്തന്‍ എന്നോട് അതിക്രമം കാണിച്ചു. ഞാന്‍ അപ്പോള്‍ തന്നെ അവനെ പിടികൂടി. തല്ലാന്‍ നേരത്ത് പിടി വിട്ടതും അവന്‍ ഓടി. പക്ഷെ ഞാന്‍ ഓടിച്ചിട്ട് പിടിച്ചു. അവന് ഒരു സ്ത്രീയുടെ ദേഹത്ത് കയറിപ്പിടിക്കാനുള്ള ധൈര്യമുണ്ടായി എന്നത് എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഞാന്‍ ദേഷ്യപ്പെടുകയും തല്ലുകയും ചെയ്തു. എനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നു. ലോകത്ത് കനിവും ആദരവുമൊക്കയെുള്ള നല്ല മനുഷ്യരുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഇതുപോലെ ചെറിയ ശതമാനം രാക്ഷസന്മാരുള്ള ലോകത്ത് ജീവിക്കാന്‍ പേടിയാകുന്നു'' എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് ഐശ്വര്യയുടെ ധീരതയ്ക്കും പെട്ടെന്നുള്ള പ്രതികരണത്തിനും കയ്യടിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇത്തരം ആള്‍ക്കാരില്‍ നിന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തേണ്ടത് സംഘടാകരുടെ ഉത്തരവാദിത്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ധനുഷ് ആരാധകരും കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
അതേസമയം ജനുവരി 12 നാണ് ക്യാപ്റ്റന്‍ മില്ലര്‍ റിലീസ് ചെയ്യുന്നത്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക അരുണ്‍ മോഹന്‍, ശിവ രാജ്കുമാര്‍, സണ്‍ദീപ് കിഷണ്‍, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ക്യാപ്റ്റന്‍ മില്ലറിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











