എനിക്ക് പതിമൂന്ന് വയസ്സായ മകളുണ്ട്, ഭാര്യ എന്റെ നല്ലൊരു വിമർശകയാണ്; കമന്റുകൾ വേദനിപ്പിക്കാറില്ല: മുകേഷ്
സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതനാണ് മുകേഷ് എം നായർ. മിമിക്രി കലാകാരനായി തിളങ്ങിയിട്ടുള്ള മുകേഷ് യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ശ്രദ്ധനേടുന്നത്. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗറും ഇൻഫ്ളുവൻസറും ഒക്കെയാണ് മുകേഷ്. കോവിഡ് സമയത്താണ് മുകേഷ് വ്ലോഗിങ്ങിൽ സജീവമാകുന്നത്. ഫുഡ് വ്ലോഗുകളിലൂടെയാണ് തുടക്കം. എന്നാലിപ്പോൾ രസകരമായ റീൽസ് വീഡിയോകളുമായും മുകേഷ് എത്താറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
എന്നാൽ ചില റീൽസ് വീഡിയോകളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും മുകേഷിന് കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനോടെല്ലാം പ്രതികരിക്കുകയാണ് മുകേഷ്. ഒപ്പം തന്റെ കരിയറിനെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമെല്ലാം മനസുതുറക്കുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ് എം നായർ.

'സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാപരമായ കാര്യങ്ങളിൽ ആക്റ്റീവായിരുന്നു. ആദ്യാമാദ്യം പഠിപ്പിച്ച ഗുരുക്കന്മാരെയും മറ്റും അനുകരിച്ചു. കോളേജിൽ എത്തിയശേഷം ഫിലിം സ്റ്റാർസിലേക്ക് കടന്നു. ലാലേട്ടനെ അനുകരിച്ചാണ് പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത്. പിന്നീട് പ്രൊഫെഷനിൽ കുറച്ച് ശ്രദ്ധിക്കാൻ തുടങ്ങി, എംബിഎയ്ക്ക് റാങ്ക് നേടി. അങ്ങനെ ജോലിയിലേക്ക് കടന്നു',
'ലാലേട്ടന്റെ ഫിഗർ ചെയ്യാമോ എന്ന് ആദ്യമായി എന്നോട് ചോദിക്കുന്നത് ഡിസ്കവറിയിലെ മിമിക്രി ആർട്ടിസ്റ്റാണ്. പുള്ളിയിലൂടെയാണ് ഞാൻ ഈ ഫീൽഡിലേക്ക് എത്തിയത്. ആദ്യകാലങ്ങളിൽ ഫിഗർ മാത്രമാണ് ചെയ്തിരുന്നത്. ശബ്ദം കിട്ടില്ലായിരുന്നു. അഞ്ഞൂറ് രൂപയാണ് കിട്ടിയിരുന്നത്', മുകേഷ് പറയുന്നു.
'ഞാൻ വിവാഹം കഴിഞ്ഞ ആളാണ്, എനിക്ക് ഒരു മോളും ഉണ്ട്. മോൾക്ക് പതിമൂന്നു വയസ്സായി. ഞാൻ ഇത്തരത്തിലുള്ള റീൽസ് ചെയ്യുന്നതിൽ ഭാര്യക്ക് കുഴപ്പമൊന്നുമില്ല. എന്റെ വൈറൽ റീൽസിൽ ഹൈദരാബാദിലുള്ള ഒരു മോഡലിനൊപ്പം ചെയ്തത് ആദ്യമായി കാണിക്കുന്നത് എന്റെ ഭാര്യയെ ആണ്. സംഭവം കൊള്ളാം പക്ഷേ നിങ്ങൾ അത്ര നന്നായിട്ടില്ലെന്നാണ് അവൾ പറഞ്ഞത്. എന്റെ നല്ലൊരു വിമർശകയാണ്',
'എന്റെ വീട്ടിലെ അമ്മയും മോളും കാണുന്ന വീഡിയോസ് ആണ് ഞാൻ ചെയ്യുന്നത്. മോശം കമന്റ്സ് എന്നെ വേദനിപ്പിക്കാറില്ല. ഞാൻ എന്തിനു വേദനിക്കണം. എന്റെ ഒരു പ്രൊഫെഷൻ ഇതല്ല, ഞാൻ ഇതൊരു സന്തോഷത്തിന് ചെയ്യുന്നു എന്ന് മാത്രം', മുകേഷ് പറഞ്ഞു. റീൽസുകൾ ചെയ്യാൻ പെൺകുട്ടികൾ തന്നെ ഇങ്ങോട്ടാണ് സമീപിക്കാറുള്ളതെന്നും മുകേഷ് പറഞ്ഞു.

'റീൽസ് ചെയ്യാൻ പെൺകുട്ടികൾ ആണ് എന്നെ വിളിക്കുന്നത്. ഇത്തരം വീഡിയോസിലേക്ക് ഞാൻ വരാൻ കാരണം മോഡലായ ആർഷ എന്ന എന്റെ സുഹൃത്താണ്. പുള്ളിക്കാരി എന്നോട് ഇങ്ങോട്ട് വന്നാണ് ഇക്കാര്യം പറയുന്നത്. മലയാളികളിൽ ഏറ്റവും കൂടുതൽ മാറ്റേണ്ടത് ഹിപ്പോക്രസിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏറ്റവും വലിയ വിഷം അത് തന്നെയാണ്' മുകേഷ് പറഞ്ഞു. അടുത്തിടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്ന പേരിൽ മുകേഷിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. സംഭവത്തിലും മുകേഷ് പ്രതികരിച്ചു.
'ഞാൻ എന്റേതായ രീതിയിൽ ജീവിക്കുന്ന ആളാണ്. എന്നെ എക്സൈസ് പിടിച്ചപ്പോൾ അവർ ചോദിച്ചത് ഇനി ഇത്തരം വീഡിയോസ് ചെയ്യുമോ എന്നാണ്. ഞാൻ ചെയ്യും എന്നാണ് മറുപടി കൊടുത്തത്. സർക്കാരിന് ഇത് വിൽക്കാമെങ്കിൽ ഞാൻ അത് വീഡിയോ ഇടുന്നതിൽ എന്താണ് തെറ്റ്. ഞാൻ ഇനിയും പോസ്റ്റ് ചെയ്യും. ഞാൻ അത് ക്രൈം ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല', മുകേഷ് എം നായർ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications