18-ാം വയസിലെ കല്യാണം, ഉറക്കം കളഞ്ഞ സ്ലീപ് പരാലിസിസ്, മുലപ്പാലില്ലാത്തതിനും അവഹേളനം; സുമയ്യ പറയുന്നു
യൂട്യൂബ് ചാനലുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് സുമയ്യ. സുമീസ് ടേസ്റ്റി കിച്ചണ്‍ എന്ന ചാനലിലൂടെയാണ് സുമയ്യ താരമായി മാറുന്നത്. ഇന്ന് മൂന്ന് ചാനലുകളുണ്ട് സുമയ്യയ്ക്ക്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് സുമയ്യ. ജോഷ് ടോക്ക്‌സിലൂടെയാണ് സുമയ്യ തന്റെ ജീവിത കഥ പങ്കുവെച്ചത്.
സ്ലീപ് പരാലിസിസ് അനുഭവിച്ചതിനെക്കുറിച്ചും കുഞ്ഞിന് ജന്മം നല്‍കിയ സമയത്ത് നേരിട്ട ആക്ഷേപങ്ങളെക്കുറിച്ചുമൊക്കെ സുമയ്യ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

നിറത്തിന്റെ പേരിലുള്ള കളിയാക്കലും ബോഡി ഷെയ്മിംഗും കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. വണ്ണമില്ല, കറുത്തിട്ടാണ്, ഇടം കൈ ആണെന്നതിന്റെ പേരിലും കുറ്റപ്പെടുത്തല്‍ അനുഭവിച്ചിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ അതൊക്കെ ശരിയാണ്, നമ്മളെ ഒന്നിനും കൊള്‌ളില്ല എന്ന് തോന്നും. കുഞ്ഞിലെ പെയിന്റിംഗ് ഇഷ്ടമാണ്. വീടിന്റെ ചുവരിലും വാതിലിലുമൊക്കെ പെയിന്റ് ചെയ്തിട്ടുണ്ട്. അയല്‍വാസികളൊക്കെ പ്രശംസിക്കുമായിരുന്നു. അതൊന്നും മുന്നോട്ട് കൊണ്ടു പോകാനായില്ല. പാട്ടുപാടാനും ഇഷ്ടമായിരുന്നു.
ശാസ്ത്രജ്ഞ ആകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. നല്ല മാര്‍ക്കോടെ പത്താം ക്ലാസ് പാസായിട്ടും പഠനം മുന്നോട്ട് കൊണ്ടു പോകാനായില്ല. സമൂഹം പെണ്‍കുട്ടികളെ ബാധ്യതയായിട്ടായിരുന്നു കണ്ടിരുന്നത്. പതിനാല് വയസിലൊക്കെ പുറത്ത് പോകുമ്പോള്‍ അവള്‍ വലുതായല്ലോ, കെട്ടിക്കാനായല്ലോ എന്നായിരുന്നു. വണ്ണം വെപ്പിക്കണം, പാചകം പഠിപ്പിക്കണം എന്ന് പറഞ്ഞാണ് പഠനം നിര്‍ത്തുന്നത്. എന്റെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു.
പതിനാലാം വയസില്‍ തന്നെ ഒരു കസിനുമായി എന്റെ വിവാഹം പറഞ്ഞു വച്ചിരുന്നു. കല്യാണം എന്തെന്ന് പോലും അന്നറിയില്ല. എന്റെ സമ്മതം ആരും ചോദിച്ചതുമില്ല. പക്ഷെ ആ കല്യാണം നടന്നില്ല. എന്നാല്‍ പിറ്റേന്ന് തന്നെ വേറൊരു ആലോചന വന്നു. പെണ്ണു കാണലും വിവാഹം ഉറപ്പിക്കലും വേഗം കഴിഞ്ഞു. ഇത്തവണയും ആരും എന്റെ താല്‍പര്യം ചോദിച്ചില്ല. കല്യാണം ആണ് ജീവിതം എന്നതായിരുന്നു അന്നത്തെ ചിന്ത. എല്ലാവരും തീരുമാനിച്ചത് പോലെ 18-ാം വയസില്‍ എന്റെ കല്യാണം കഴിഞ്ഞു.
ഭയത്തോടെയാണ് അവിടേക്ക് ചെല്ലുന്നത്. പത്തൊമ്പതാം വയസില്‍ മകനെ പ്രസവിച്ചു. വിവാഹം കഴിക്കുന്നതോടെ പതിനെട്ട് വയസിന്റെ കുട്ടിത്തമൊന്നും കാണിക്കാന്‍ പറ്റാതാകും. മോന്‍ ജനിച്ചപ്പോള്‍ മുലപ്പാല് കുറവായിരുന്നു. അതിന്റെ പേരില്‍ കുറേ അപമാനിക്കപ്പട്ടു. എന്തോ വലിയ കുറവായിട്ടായിരുന്നു കണ്ടത്. മനപ്പൂര്‍വ്വം കുഞ്ഞിന് പാലു കൊടുക്കുന്നില്ലെന്ന് പറഞ്ഞു. എഴ് മാസം ശരിക്കും ഉറങ്ങിയിട്ടില്ല. രാതിയും പകലും ഉറക്കമില്ല. ഓരോരുത്തരും പറയുന്നത് കേട്ട് വേദനിക്കും.
മറുപടി പറയാന്‍ അറിയില്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കും. ഗര്‍ഭിണിയായിരുന്ന സമയത്ത് ഉറക്കക്കുറവ് മൂലം സ്ലീപ് പരാലിസിസ് വന്നിരുന്നു. അതൊരു ഇലൂഷസനാണ്. പക്ഷെ അനുഭവിക്കുന്നവര്‍ക്ക് അത് തോന്നില്ല. കുഞ്ഞ് ജനിച്ച ശേഷം ഉറക്കവ് പതിവായി. അതു കാരണം മൈഗ്രെയ്ന്‍ വന്നു. ഇന്നും അത് അനുഭവിക്കുകയാണ്. താങ്ങാന്‍ പറ്റാത്ത വേദനയാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്ന അവസ്ഥ.

ഇത്രയും കഷ്ടപ്പെട്ടിട്ടും പുറത്തുള്ളവര്‍ പറഞ്ഞത് മനപ്പൂര്‍വ്വം കുഞ്ഞിന് പാല് കൊടുക്കുന്നില്ല എന്നാണ്. ഇതിനിടെ രണ്ടാമതും ഗര്‍ഭിണിയായി. ഇതിനെങ്കിലും പാല് ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു. ഗര്‍ഭിണിയായിരുന്ന സമയത്ത് പലരും കുത്തിപ്പറഞ്ഞു. അത് വല്ലാതെ വേദനിപ്പിച്ചു. സിസേറിയനായിരുന്നു. അതും കുറ്റമായി. വേദനയില്ലാതെയല്ലേ പ്രസവിച്ചതെന്ന് ചോദിക്കും. ഭര്‍ത്താവിനെയും കുഞ്ഞിനേയും നോക്കുകയായിരിക്കും ജീവിതമെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഒന്നര വര്‍ഷം ദിവസവും സ്ലീപ് പരാലിസിസ് അനുഭവിച്ചു. അതില്‍ നിന്നും റിക്കവര്‍ ആകണം എന്നു കരുതി. എന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തീരുമാനിച്ചു. ക്രാഫ്റ്റുകളുണ്ടാക്കി. കേക്കുണ്ടാക്കാന്‍ പഠിച്ചു. യൂട്യൂബ് ചാനല്‍ തുടങ്ങി. ഒരുപാട് വീട്ടമ്മമാര്‍ക്ക് വരുമാനമുണ്ടാക്കാന്‍ കാരണമായി എന്നത് സന്തോഷമാണ്. ഇതിനിടെ പ്ലസ് ടു പൂര്‍ത്തിയാക്കി. ഇപ്പോല്‍ ബിഎ സൈക്കോളജി പഠിച്ചു കൊണ്ടിരിക്കുന്നു.


Click it and Unblock the Notifications











