ലത മങ്കേഷ്‌കറിനോളം വളരേണ്ടിയിരുന്ന പ്രതിഭ; സുമന്റെ കരിയര്‍ തീര്‍ത്തത് ബോളിവുഡിലെ പൊളിറ്റിക്‌സോ?
ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമാണ് ലത മങ്കേഷ്‌കര്‍. പകരം വെക്കാനില്ലാത്ത പ്രതിഭ. തന്റെ സംഗീതം കൊണ്ട് ഒരു ജനതയുടെ ഹൃദയങ്ങളില്‍ എന്നന്നേക്കുമായി കുടിയേറിയ ഗായിക. ലതാജിയ്ക്ക് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ലതാ മങ്കേഷ്‌കറുടെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഒരാളുണ്ട്. ലതയോളം തന്നെ പ്രതിഭയുണ്ടായിരുന്ന, ഇതിഹാസമായി മാറുമെന്ന് കരുതിയിരുന്ന, എന്നാല്‍ ഇന്ന് എല്ലാവരും മറന്നൊരു ഗായിക.
എക്കാലത്തേയും ഹിറ്റുകള്‍ സമ്മാനിച്ച ഗായികമാരില്‍ ഒരാളാണ് സുമന്‍ കല്യാണ്‍പൂര്‍. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിക്കുകയു ചെയ്തിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ ബോജ്പൂരി, മറാത്തി, രാജസ്ഥാനി, ബംഗാളി, കന്നഡ തുടങ്ങി പത്ത് ഭാഷകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട് സുമന്‍.

ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു സുമന്റെ ജനനം. അച്ഛന്‍ സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. 1943 ലാണ് സുമന്‍ തന്റെ മാതാപിതാക്കളുടെ കൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. അത് സുമന്റെ ജീവിതത്തെ മാറ്റി മറിച്ചു. മുംബൈയിലെത്തിയ സുമന്‍ സംഗീതത്തിലുള്ള തന്റെ താല്‍പര്യം അച്ഛനേയും അമ്മയേയും അറിയിച്ചു. മകളുടെ ആഗ്രഹത്തിനൊപ്പം അവരും നിന്നു.
സംഗീത പഠിക്കുന്നതിനൊപ്പം തന്നെ വിവിധ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു സുമന്‍. സംഗീതത്തിന് പുറമെ പെയിന്റിംഗിലും സുമന് താല്‍പര്യമുണ്ടായിരുന്നു. പണ്ഡിറ്റ് കേശവ് റാവു ഭോലെ, ഉസ്താദ് ഖാന്‍, അബ്ദുള്‍ റഹ്‌മാന്‍ ഖാന്‍, ഗുരുജി മാസ്റ്റര്‍ നവ്രംഗ് തുടങ്ങിയ പ്രതിഭകളില്‍ നിന്നുമാണ് സുമന്‍ സംഗീതം പഠിച്ചിരുന്നത്. അങ്ങനെയിരിക്കെ 1952 ല്‍ സുമനെ തേടി ഓള്‍ ഇന്ത്യ റേഡിയോയില്‍ പാടാനുള്ള അവസരമെത്തി.
അവിടെ നിന്നുമാണ് സുമന് മറാത്തി സിനിമയായ ഷുക്രാച്ചി ചാന്ദ്‌നിയില്‍ പാടാനുള്ള അവസരമെത്തുന്നത്. പിന്നാലെ ഹിന്ദി സിനിമക്കാരുടേയും ശ്രദ്ധ നേടാന്‍ സുമന് സാധിച്ചു. ദര്‍വാസ എന്ന ചിത്രത്തിലൂടെ സുമന്‍ ഹിന്ദി സിനിമയില്‍ പാട്ടുകള്‍ പാടിത്തുടങ്ങി. പിന്നീട് സുമന്റെ നാളുകളായിരുന്നു ബോളിവുഡില്‍. സാത്തി മേരെ സാത്തി, തും അഗര്‍ സകോ തോ, യൂന്‍ ഹി ദില്‍ നേ ചാഹാ താ, ഷരാബി ഷരാബി, ബെഹനൊ നേ, നാ നാ കര്‍ത്തെ പ്യാര്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സുമന്‍ ആലപിച്ചു.
ലത മങ്കേഷ്‌കറിന്റെ സമകാലികയായിരുന്നു സുമന്‍. മത്സരിച്ച് ഹിറ്റുകള്‍ തന്നിരുന്ന കാലം. അതേസമയം സുമന്റേയും ലതയുടേയും ശബ്ദത്തിലെ സാമ്യത അവരെ മാധ്യമങ്ങള്‍ മത്സരാര്‍ത്ഥികളായിട്ടാണ് ചിത്രീകരിച്ചിരുന്നത്. ആ സാമ്യത കാരണം കേള്‍വിക്കാര്‍ക്ക് മാത്രമല്ല റേഡിയോ സിലോണിന് പോലും സുമനേയും ലതയേയും മാറിപ്പോകാറുണ്ടായിരുന്നുവെന്നതാണ് വാസ്തവം. സൂപ്പര്‍ ഹിറ്റായ ആജ്കല്‍ തേരെ മെരെ പ്യാര്‍ കേ ചര്‍ച്ചേ എന്ന പാട്ട് പാടിയത് ലതയായിരുന്നുവെന്നാണ് ദീര്‍ഘകാലം പലരും തെറ്റിദ്ധരിച്ചിരുന്നത്.

ലത മങ്കേഷ്‌കറും മുഹമ്മദ് റാഫിയും ഇടക്കാലത്ത് തെറ്റിയിരുന്നു. ഇതോടെ മ്യൂസിക് ഇന്‍ഡസ്ട്രി തന്നെ രണ്ട് ചേരികളായി. അതോടെ മിക്ക നിര്‍മ്മാതാക്കളുടേയും ആദ്യ ചോയ്‌സായി സുമന്‍ മാറി. ലതയുടെ ഭീമമായ പ്രതിഫലം താങ്ങാന്‍ സാധിക്കാതിരുന്നവരെല്ലാം സുമനെ തേടിയെത്തി. മുഹമ്മദ് റാഫിയോടൊപ്പം 140 പാട്ടുകളാണ് സുമന്‍ അന്ന് ആലപിച്ചത്.
എന്നാല്‍ സുമന്റെ കുതിപ്പിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. സിനിമാ ലോകത്തെ പൊളിറ്റിക്‌സാണഅ സുമന്റെ കരിയര്‍ നശിപ്പിക്കുന്നത്. ലത മങ്കേഷ്‌കറെ പിണക്കാന്‍ താല്‍പര്യമില്ലാതിരുന്നവര്‍ സുമനെ ഒഴിവാക്കാന്‍ ആരംഭിച്ചു. എങ്കിലും സുമന്‍ പാടുന്നത് തുടര്‍ന്നു. 1958 ലായിരുന്നു സുമന്‍ മുംബൈയിലെ പ്രമുഖ ബിസിനസുകാരനായ രാമാനന്ദ് കല്യാണ്‍പൂറിനെ വിവാഹം കഴിക്കുന്നത്. പിന്നാലെ മകളും ജനിച്ചു. അധികം വൈകാതെ സുമന്‍ സംഗീത ലോകത്തു നിന്നും കുടുംബ ജീവിതത്തിലേക്ക് ചുവടുമാറ്റി. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പ്രതിഭകളില്‍ ഒരാളായി മാറി സുമന്‍.


Click it and Unblock the Notifications











