അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി
മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് സജീവമായ ഹണി റോസ് മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്.
2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ സിനിമാ അരങ്ങേറ്റം. പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി റോസ് സിനിമയിൽ എത്തുന്നത്. ജൂലി എന്ന കഥാപാത്രത്തെയായിരുന്നു ഹണി റോസ് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്.

ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു. ബോയ്ഫ്രണ്ടിന് ശേഷം ഹണിക്ക് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. അവിടെ പതിയെ ശ്രദ്ധനേടിയെടുക്കുന്നതിന് ഇടയിലാണ് ട്രിവാൻഡ്രം ലോഡ്‌ജ് സംഭവിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
ട്രിവാൻഡ്രം ലോഡ്ജിന്റെ വിജയത്തിന് ശേഷം ഹണി റോസ് നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. അതിലൊരു അഭിമുഖം വീണ്ടും ആരാധകരുടെ ശ്രദ്ധനേടുകയാണ്. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു യുവതി ഹണിയോട് നിങ്ങൾ അഹങ്കാരിയാണെന്ന് പറഞ്ഞ് കയർക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിന്റെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ആക്ഷേപത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ള യുവതിയുടെ ചോദ്യങ്ങളോട് ക്ഷമയോട് കൂടി മറുപടി നൽകുന്ന ഹണി റോസിനെയാണ് വീഡിയോയിൽ കാണുന്നത്.

നാദിർഷ അവതാരകാനായ സ്റ്റാർ റാഗിങ് എന്ന പരിപാടിയിലാണ് സംഭവം. '2005 ൽ സിനിമയിലേക്ക് വന്ന താങ്കൾ ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിച്ചതോടെയാണ് ശരിക്കും സെലിബ്രിറ്റി ആയത്. താങ്കൾ കാരണമാണ് സിനിമ വിജയിച്ചതെന്ന് തോന്നുന്നുണ്ടോ? മേഘ്‌ന രാജിനെയാണ് ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ആരായിരുന്നെങ്കിലും ആ ചിത്രം വിജയിച്ചേനെ. ഒരിക്കലും താങ്കളുടെ കഴിവ് കൊണ്ടല്ല ഈ സിനിമ ഹിറ്റായത്. ഈ സിനിമ ഹിറ്റ് ആയതോടെ താങ്കൾക്ക് കുറച്ചു അഹങ്കാരം കൂടിയിട്ടുണ്ട്,' എന്നാണ് പരിപാടിയിൽ പങ്കെടുത്ത യുവതി താരത്തോട് പറഞ്ഞത്.
നൽകിയ അഭിമുഖങ്ങളിൽ നിങ്ങൾ വിവാഹത്തെ കുറിച്ച് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്നും യുവതി ചോദിക്കുന്നുണ്ട്. ഞാൻ പറഞ്ഞത് എനിക്ക് ഓർമയുണ്ടാകില്ലേ എന്ന് പറയുന്ന ഹണി, വിവാഹത്തെ കുറിച്ച് തനിക്ക് ഇപ്പോൾ ഓർക്കാൻ കഴിയില്ലെന്നും സമയമാകുമ്പോൾ പറ്റിയ ആരെയെങ്കിലും കണ്ടാൽ ചിന്തിക്കാം എന്നാണ് പറഞ്ഞതെന്നും പറഞ്ഞു. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാ പുരുഷന്മാരും പരസ്ത്രീ ബന്ധമുള്ളവരാണ് അതുകൊണ്ട് വിവാഹത്തിന് താത്പര്യമില്ല എന്ന പറഞ്ഞോ? എന്ന് യുവതി ചോദ്യം ആവർത്തിക്കുന്നുണ്ട്.

എന്നാൽ ഇത് ഹണി റോസ് നിഷേധിക്കുകയാണ് ചെയ്യുന്നത്. പിന്നാലെ താങ്കൾ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ, താങ്കൾ വന്ന കാലത്തെ സിനിമ ഒന്നുടെ കണ്ടു നോക്കൂ. അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത് എന്നാണ് പിന്നീട് യുവതി പറയുന്നത്. ഇതോടെ അണിയറപ്രവർത്തകർ ഇടപെടുന്നുണ്ട്. എന്തെങ്കിലും വ്യക്തി വിരോധമുണ്ടായിട്ടാണോ ചോദ്യമെന്ന് നാദിർഷയും ചോദിക്കുന്നുണ്ട്.
'ഇത് എന്നെ വിരട്ടുന്ന പോലെയാണ് തോന്നുന്നത്. എന്റെ ശത്രുവാണോ. ഞാൻ എനിക്ക് വിവാഹത്തെ കുറിച്ച് ചിന്തക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്. പുരുഷന്മാർ എല്ലാം പ്രശ്നക്കാരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആയവർ ഉണ്ട്. എന്നാൽ ഞാൻ ആരെയും അടച്ചാക്ഷേപിച്ചിട്ടില്ല. അത്രയേ ഞാൻ പറഞ്ഞിട്ടുള്ളു. ഞാൻ എന്തെങ്കിലും ആയെന്ന് ഞാൻ ചിന്തിക്കുന്നില്ല. ദൈവം നൽകിയ അനുഗ്രഹം മാത്രമായാണ് കാണുന്നത്. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്.' എന്നാണ് ഹണി പറയുന്നത്.

ഹണി റോസ് അഹങ്കാരിയാണ് ആവർത്തിക്കുന്ന യുവതിയോട് നിങ്ങളുടേത് ആണ് അഹങ്കാരം. മുന്നിൽ ഇരിക്കുന്ന ഒരാളോട് കുറച്ചുകൂടെ ബഹുമാനത്തോടെ സംസാരിക്കാം എന്ന് താരം പറയുന്നുണ്ട്. പിന്നീട് ഹണിയുടെ വാക്കുകൾ ചെറുതായി ഇടറുന്നതും കാണാം. 'എന്നോട് പലരും അഹങ്കാരം തോന്നിയിട്ടില്ലെന്ന് ആണ് പറഞ്ഞിട്ടുള്ളത്,' എന്നും ഹണി റോസ് പറയുന്നുണ്ട്.
അതേസമയം, വീഡിയോക്ക് താഴെ ചോദ്യം ചോദിച്ച യുവതിക്കെതിരെ ധാരാളം കമന്റുകളാണ് വന്നിട്ടുള്ളത്. ക്ഷമയോടെ പക്വമായ മറുപടി നൽകിയ ഹണിയെ ഒരുപാട് പേർ അഭിനന്ദിക്കുന്നുമുണ്ട്.


Click it and Unblock the Notifications