ഞാൻ സ്ട്രിക്റ്റായ അച്ഛനാണ്, പഠിപ്പിക്കുന്ന കാര്യത്തിൽ അല്ല! എന്റെ കയ്യിലെ കാശ് കണ്ട് മക്കൾ വളരണ്ട: അജു വർഗീസ്
വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയുടെ പടിചവിട്ടിയ നടനാണ് അജു വർഗീസ്. സിനിമയിൽ കുട്ടു എന്ന കഥാപാത്രമായി എത്തി എല്ലാവരെയും ചിരിപ്പിച്ച അജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ അവസരങ്ങളാണ് നടനെ തേടി എത്തിയത്. നായകൻ, ഹാസ്യനടൻ, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും അജു തിളങ്ങി. അതിനിടെ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞു.
സിനിമയിലെത്താൻ അതിയായി ആഗ്രഹിച്ച്, അതിനു വേണ്ടി ശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുഹൃത്തും സഹപാഠിയുമായ വിനീത് ശ്രീനിവാസൻ അജുവിനെ മലർവാടി ആർട്സ് ക്ലബ്ബിലേക്ക് വിളിക്കുന്നത്. അന്ന് തുടങ്ങിയ യാത്രയാണ് ഇന്ന് കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസ് വരെ എത്തി നിൽക്കുന്നത്. അജുവിനെ പോലെ തന്നെ അജുവിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കളാണ് ഉള്ളത്. രണ്ടു പ്രസവങ്ങളിൽ നിന്നുണ്ടായ ഇരട്ട കുട്ടികളാണ് ഇവർ.

മാസങ്ങൾക്ക് മുൻപ് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന് എത്തിയപ്പോൾ മക്കളുടെ എണ്ണം എടുക്കുന്ന അജുവിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. തന്റെ വീടൊരു നഴ്‌സറി ആണെന്നാണ് അജു പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. താൻ വളരെ സ്ട്രിക്റ്റായ അച്ഛനാണെന്നാണ് അജു പറയുന്നത്. ഒരിക്കൽ ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്.
'ഞാൻ വീട്ടിൽ വളരെ സ്ട്രിക്റ്റാണ്. അവരെ പഠിപ്പിക്കുന്ന കാര്യത്തിലൊന്നുമല്ല. വളരെ ലിമിറ്റഡ് ആയിട്ടേ കാശ് ഉള്ളൂ എന്ന് മനസിലാക്കി അവർ വളരണം എന്ന് നിർബന്ധമുണ്ട്. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ അത് തെറ്റാണെന്ന് പറയാറുണ്ട്. എന്നാൽ എനിക്കെന്തോ...',
'എന്റെ കയ്യിലെ കാശ് കണ്ട് വളരണ്ട എന്ന നിർബന്ധം വളരെ നന്നായിട്ടുണ്ട്. എന്നാൽ മാത്രമേ അവർക്ക് കാശ് ഉണ്ടാകുമ്പോൾ ഒരു സന്തോഷം ഉണ്ടാവുകയുള്ളു. ഇന്ന് ഞാൻ അനുഭവിക്കുന്ന തരത്തിലുള്ള ഒന്ന്. കാശ് ആണ് ജീവിതത്തിലെ എല്ലാമെന്ന തോന്നൽ അവർക്ക് വരരുത്. എനിക്കത് ഇല്ല', അജു വർഗീസ് പറഞ്ഞു.

അടുത്തിടെ വെറൈറ്റി മീഡിയക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ താൻ ഒരു ന്യൂജെൻ അപ്പനല്ലെന്ന് അജു വർഗീസ് പറഞ്ഞിരിന്നു. സ്ഫടികത്തിലെ ചാക്കോ മാഷ് ആണെന്നാണ് നടൻ വിശേഷിപ്പിച്ചത്. അച്ഛൻ എന്ന നിലയിൽ താനൊരു ചെറ്റയാണ്. മക്കളോട് നന്നായി ചൂടാകും. പതിനെട്ട് വയസുവരെ എന്തായാലും വഴക്ക് പറയും. ഇന്ന് മാതാപിതാക്കൾ ലിബറലാണ്. എന്നാൽ താൻ അങ്ങനെയല്ല. മക്കളോട് ഒട്ടും ഫ്രീയായ അച്ഛനല്ലെന്നുമാണ് അജു വർഗീസ് പറഞ്ഞത്.
അതേസമയം മൂന്ന് ആൺ കുട്ടികളും ഒരു പെൺകുട്ടിയുമാണ് അജുവിന് ഉള്ളത്. ഇവാൻ, ജൂവാന, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് മക്കളുടെ പേര്. 2014 ഫെബ്രുവരിയിൽ ആയിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം. കണ്ട് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചത് പ്രകാരം വിവാഹിതരാവുകയായിരുന്നു. തങ്ങളുടേത് ഒരിക്കലും ഒരു പ്രണയ വിവാഹമല്ലെന്ന് അജു വർഗീസ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications