നമ്മുടെ ചേട്ടനെപ്പോലെ തോന്നും; എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നത് സുരേഷേട്ടനാണ്: ബിജു മേനോൻ
മിനിസ്‌ക്രീനിൽ നിന്ന് സിനിമയിലേക്കെത്തി വലിയ താരമായി മാറിയ അപൂർവം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനോ ക്യാരക്ടർ റോളോ കോമഡിയോ വില്ലത്തരമോ സെന്റിമെൻസോ കട്ട ഹീറോയിസമോ, ഏത് വേഷമായാലും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് അദ്ദേഹം. കഴിഞ്ഞ 30 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് ബിജു മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തുടക്കകാലത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ബിജു മേനോന് സാധിച്ചിട്ടുണ്ട്. ധാരാളം ഹിറ്റ് കോംബോകളുടെയും ഭാഗമാണ് നടൻ. സുരേഷ് ഗോപിക്ക് ഒപ്പം നിരവധി സിനിമകളിൽ ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയപ്പോഴെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സുരേഷ് ഗോപി നായകനായ മിക്ക ആക്ഷൻ സിനിമകളിലും സെക്കന്റ് ഹീറോയായി ബിജു മേനോനും ഉണ്ടായിരുന്നു.

കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മിലേനിയം സ്റ്റാർസ്, എഫ് ഐ ആർ എന്നിവയെല്ലാം ഇവർ ഒന്നിച്ചെത്തിയ ചിത്രങ്ങളാണ്. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.വർഷങ്ങൾക്കിപ്പുറവും ആ സൗഹൃദം സൂക്ഷിക്കുന്നുണ്ട് ഇരുവരും. ഇപ്പോഴിത സുരേഷ് ഗോപിയേക്കുറിച്ച് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ബിജു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. തനിക്ക് ഒരു ചേട്ടനെ പോലെയാന്നെനും വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമാണെന്നുമാണ് ബിജു മേനോൻ പറയുന്നത്. "ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു. അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ വന്നു. അതുപോലെ അടുപ്പം കൂടുകയും ചെയ്തു.
പേഴ്സണൽ കാര്യങ്ങളൊക്കെ സംസാരിക്കും. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്", എന്നാണ് ബിജു മേനോൻ പറഞ്ഞത്.

ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിർമ്മിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഏകദേശം പതിനൊന്ന് വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു സിനിമയിൽ ഒന്നിക്കുന്നത്.
2010 ൽ രാമരാവണൻ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്രൈം ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.


Click it and Unblock the Notifications