ഉർവ്വശിയെ അന്ന് ഒരുപാട് പേർ പരിഹസിച്ചു! എനിക്ക് അവരോട് ഒരുപാട് കടപ്പാടുണ്ട്; ജഗദീഷ് പറഞ്ഞത്
മലയാള സിനിമയിലെ പകരക്കാരില്ലാത്ത നടിയാണ് ഉർവ്വശി. ഗൗരവമുള്ള വേഷമാകട്ടെ, ഹാസ്യവേഷമാകട്ടെ, പ്രണയിനിയുടെ വേഷമാകട്ടെ എന്തു തന്മയത്വത്തോടെ ചെയ്ത് ഫലിപ്പിക്കാൻ കെൽപ്പുള്ള നായികയാണ് അവർ. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ ഉർവ്വശി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. നായികയായും സഹനടി വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങി. അഭിനയ മികവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള ഉർവ്വശി തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കാകെ പ്രിയപ്പെട്ട താരമാണ്.
കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ സിനിമകൾ തിരഞ്ഞെടുക്കാറുള്ള ഉർവ്വശി, യുവതലമുറയ്ക്കും റോൾ മോഡലാണ്. പ്രമുഖ താരങ്ങളടക്കം ഉർവ്വശിയുടെ അഭിനയമികവിനെ കുറിച്ചും സിനിമയോട് കാണിക്കുന്ന പാഷനെ കുറിച്ചുമൊക്കെ വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ, ഉർവ്വശി തന്റെ കരിയറിൽ വഴികാട്ടി ആയതെങ്ങനെയെന്ന് പറയുന്ന ജഗദീഷിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. തനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നായിക ഉർവ്വശിയാണെന്നും അവരോട് കടപ്പാടുണ്ടെന്നും ജഗദീഷ് പറയുന്നു.

'സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള നായിക ഉര്‍വ്വശി മാത്രമാണ്. ഞാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ ഉര്‍വശി വളരെ സീനിയറായിട്ടുള്ള നായികയാണ്. ഒട്ടേറെ സിനിമകളിലൂടെ ഉർവ്വശി തന്റെ നായിക പദവി ഉറപ്പിച്ചിരുന്നു'
'അങ്ങനെയുള്ള ഉര്‍വശി എന്നെപ്പോലെ തുടക്കക്കാരനായ ഒരാളോട് ഇടപഴകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ പിന്നീട് രൂപപ്പെട്ടത്. എനിക്കൊപ്പം ആറേഴ് സിനിമകളില്‍ ഉര്‍വശി നായികയായെത്തി. എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രങ്ങളാണ് അവയില്‍ പലതും', ജഗദീഷ് പറഞ്ഞു.
സിനിമയില്‍ കൊമേഡിയനായി മാത്രം നിലനില്‍ക്കാന്‍ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഉര്‍വശിയാണെന്നും നടൻ പറഞ്ഞു. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവ്വശി. ഒരു കൊമേഡിയന്‍ ആണെന്ന എന്റെ ധാരണ തിരുത്തുകയും ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസ്സിലാക്കിത്തന്നതും അവരാണ്. അങ്ങനൊരു പിന്തുണ എനിക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ഞാനൊരു ഹാസ്യനടന്‍ മാത്രമായി മലയാള സിനിമയില്‍ നിന്നേനെ, ജഗദീഷ് പറയുന്നു.
'അക്കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു ഉർവ്വശി. മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനുമൊപ്പം നായികയായി അഭിനയിക്കുന്ന ഉർവ്വശി ജഗദീഷിന്റെ നായികയാകാന്‍ താരുമാനിച്ചത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമായി. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവ്വശി എന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേയ്ക്ക് പോകുമെന്ന് പലരും പറഞ്ഞു',
'എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ ഉർവ്വശി എന്റെ നായികയായി. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉർവ്വശിയെ ഒരുപാട് ആളുകള്‍ പരിഹസിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട്', ജഗദീഷ് പറഞ്ഞു.

തന്റെ കരിയറിനെ കുറിച്ചും ജഗദീഷ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ അത്രയും ഭംഗിയില്ലാത്തതാണ് തനിക്ക് കൂടുതൽ സാധ്യത നൽകിയതെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. സാധാരണ ഒരു സിനിമ ചെയ്തു തീരുന്നതിനേക്കാള്‍ മുൻപ് തന്റെ സിനിമകള്‍ പാക്കപ്പ് പറയുമായിരുന്നു. നാല്‍പ്പത് ദിവസം മിനിമം ഷൂട്ട് ചെയ്യേണ്ട ചിത്രങ്ങള്‍ വെറും 18 ദിവസം കൊണ്ട് തീര്‍ത്തിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം അത് വലിയ ലാഭമാണ്. അതുകൊണ്ടുതന്നെ വിജയിക്കാതെപോയ സിനിമകളും കരിയറിൽ ഉണ്ടായിട്ടുണ്ട്.
നല്ല സിനിമകള്‍ ലഭിക്കുന്നത് പോലും വലിയ ഭാഗ്യമായാണ് കാണുന്നത്. കാരണം അതെല്ലാം വളരെ അപ്രതീക്ഷിതമായി ലഭിച്ചവയാണ്. സ്ഥലത്തെ പ്രധാന പയ്യന്‍സ് പോലെയൊരു സിനിമ അക്കാലത്ത് തനിക്ക് ലഭിക്കുന്നത് ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് തന്നെപ്പോലെയുള്ള ഒരാളെ ആയതുകൊണ്ടാണെന്നും ജഗദീഷ് പറഞ്ഞു. അന്നത്തെ സൂപ്പര്‍ സ്റ്റാര്‍സ് കുറേക്കൂടി ഭംഗിയുള്ളവരായിരുന്നു. അവരെ ആരെയും കണ്ടാല്‍ ചേരിയില്‍ നിന്നുവന്ന പയ്യനായിട്ട് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ല. അവിടെയാണ് തനിക്കൊരു സാധ്യത ലഭിക്കുന്നതെന്ന് ജഗദീഷ് വ്യക്തമാക്കി.


Click it and Unblock the Notifications











