എനിക്ക് കയറ്റങ്ങൾ കുറവും ഇറക്കങ്ങൾ കൂടുതലുമാണ്; തോളിൽ കയ്യിട്ടു നിന്നവർപോലും തള്ളി താഴെ ഇട്ടിട്ടുണ്ട്: ഹനീഫ്!
മലയാള സിനിമാ ലോകത്തെയാകെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫാണ് വിടവാങ്ങിയത്. കഴിഞ്ഞ 23 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. സ്വന്തം പേരിനേക്കാൾ ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഹനീഫ്, കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ സോമനായും പറക്കും തളികയിലെ മണവാളനായുമൊക്കെയാണ് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചത്.
ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും സിനിമാ പ്രേമികളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. നിരവധിപേരാണ് നടൻ ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്. അതിനിടെ നടന്റെ പഴയ അഭിമുഖങ്ങളും ശ്രദ്ധനേടുകയാണ്. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് പ്രതിസന്ധികൾ ഹനീഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് ഞാൻ എന്തെങ്കിലുമൊക്കെ ആയി തീർന്നത്. ഒരിക്കൽ മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതം കയറ്റങ്ങൾ കുറവും ഇറക്കങ്ങൾ കൂടുതലും ഉള്ളതായിരുന്നു എന്നാണ് ഹനീഫ് പറഞ്ഞത്.

"ജീവിതം എന്തു പഠിപ്പിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. ഒരുപാട് ജോലികൾ ചെയ്തു. പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. പിന്നീട് പാർസൽ സർവീസ് കമ്പനിയിൽ ബുക്കിങ് ക്ലർക്ക് ആയി. അപ്പോഴൊക്കെ മിമിക്രിയും കൂടെയുണ്ട്. അതിനുശേഷം ഹാർഡ് വെയർ കമ്പനിയിൽ ജോലിക്ക് കയറി. ഇതിനിടയിൽ സ്വന്തമായി ഒരു പലചരക്ക് കട നടത്തി. ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു,"
"ഇപ്പോൾ സേഫ് സോണിൽ ആണെന്ന് പറഞ്ഞാലും ജീവിതത്തിൽ നമ്മൾ അത്ര സേഫ് അല്ല. എന്നാലും സന്തോഷമാണ്. ഒരു കുടുംബത്തിന് ഉണ്ടാകേണ്ട ഒരുപാട് കാര്യങ്ങൾ എനിക്കില്ലാതെ പോയിട്ടുണ്ട്. ഇതൊന്നും എന്നെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല. കാരണം ഇതൊന്നുമില്ലാത്ത ഒരുപാടുപേർ വേറെയുണ്ട്. അപ്പോൾ ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടത്," ഹനീഫ് പറഞ്ഞു.
യഥാർത്ഥ ജീവതത്തിൽ ഒരുപാട് ചിരിക്കുന്ന ആളല്ല താനെന്നും ഹനീഫ് പറഞ്ഞിട്ടുണ്ട്. ഞാൻ ഇങ്ങനെയൊക്കെയാണ്. സിനിമയിലെ ആർട്ടിസ്റ്റുകൾ എല്ലാവരും ഉന്നതശ്രേണിയിൽ ജീവിക്കുന്നവരാണെന്ന് ചില ധാരണകളുണ്ട്. എന്നെപ്പോലെ സാധാരണ ജീവിതം നയിക്കുന്ന ഒരാൾക്ക് അങ്ങനെയാകാൻ ഒരിക്കലും സാധിക്കില്ല. ജീവിതം കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. എന്റെ കാര്യത്തിൽ കയറ്റങ്ങൾ കുറവും ഇറക്കങ്ങൾ കൂടുതലുമാണെന്നാണ് ഹനീഫ് പറഞ്ഞത്.
ഏത് അവസ്ഥയിലും ആളുകളോട് നല്ല രീതിയിൽ പെരുമാറണമെന്നാണ് വാപ്പ പറഞ്ഞിട്ടുള്ളത്. അതിന് പത്ത് പൈസ ടാക്സ് കൊടുക്കണ്ട... അത് ഇന്നും ഞാൻ പാലിക്കുന്നുണ്ട്. സിനിമയിൽ വന്ന് ജീവിതം പച്ച പിടിക്കാതെ പോയ എത്രയോ പേർ ഉണ്ടാവും. പല തകർച്ചകളിൽ നിന്നും തല ഉയർത്തി നിൽക്കാൻ എനിക്ക് കഴിയുന്നത് നമ്മുടെ മാന്യതയും നമ്മുടെ ജീവിതരീതിയുമാണ്. അത് നിലനിർത്തിക്കൊണ്ടു പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. നമ്മൾ പഠിച്ചതിന്റെയും നമ്മളെ പഠിപ്പിച്ചതിന്റെയും ഗുണമായിരിക്കാം നമ്മുടെ ജീവിതത്തിലും പ്രവർത്തികളിലും നിറയുന്നതെന്നും ഹനീഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കരിയറിൽ സുഹൃത്തുക്കളിൽ നിന്നടക്കം ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. "തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും ചില ഘട്ടങ്ങളിൽ നമ്മളെ തള്ളി താഴെ ഇട്ടിട്ടുണ്ട്. അതിന്റെ നേട്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുമുണ്ട്. പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്നുവരെ ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. എന്റെ മനസ്സ് അതിന് അനുവദിക്കുകയുമില്ല,"
"ഒരു ക്യാരക്ടർ ചെയ്യാൻ വേണ്ടി സംവിധായകൻ നമ്മളെ വിളിക്കാൻ പറഞ്ഞാൽ എങ്ങനെ എന്നെ ഒഴിവാക്കാം എന്നാണ് അവർ ആലോചിക്കുന്നത്. പല പടത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളെ വിളിച്ചിട്ട് കിട്ടുന്നില്ല, പറഞ്ഞ സമയത്ത് നമുക്ക് ഡേറ്റില്ല, നമ്മൾ ഒരുപാട് കാശ് ചോദിക്കുന്നു, ഇങ്ങനെയുള്ള പലതും പറഞ്ഞാണ് നമ്മളെ ഒഴിവാക്കുക. ഇനി ഇതിനു വിപരീതമായി നമ്മൾ അവിടെ എത്തി ആ വേഷം ചെയ്യുന്നു എന്ന് കരുതുക. അപ്പോഴും പ്രശ്നമാണ്. നമ്മളെ ദ്രോഹിക്കാവുന്നതിന്റെ മാക്സിമം അവർ ദ്രോഹിക്കും. അതായിരുന്നു അവസ്ഥ", എന്നായിരുന്നു ഹനീഫിന്റെ വാക്കുകൾ.


Click it and Unblock the Notifications











