അന്ന് ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു; അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാൻ തകർന്നുപോയി: കനിഹ
അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിലാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാൻ കനിഹയ്ക്കായി.
ഇടക്കാലത്ത് വിവാഹവും കുഞ്ഞിന്റെ ജനനവുമായൊക്കെയായി ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവിൽ നായിക പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ കനിഹയ്ക്ക് ലഭിച്ചു. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് കനിഹ ഇപ്പോൾ. തമിഴിൽ എതിർനീചൽ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. കുടുംബ പ്രേക്ഷകരുടെ ജനപ്രിയ പരമ്പര സൺ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്.

അതേ സമയം കരിയറിൽ വിജയകരമായി മുന്നോട്ട് പോകുമ്പോഴും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ കനിഹയ്ക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ചപ്പോൾ മകനുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും അമ്മ അർബുദ ബാധിത ആയതുമൊക്കെ കനിഹയെ തളർത്തു കളഞ്ഞ സംഭവമാണ്. ഇതിൽ മകന്റെ അസുഖം തന്നെ തളർത്തിയതിനെ കുറിച്ചും അവന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുമൊക്കെ കനിഹ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
അതിന് സമാനമായ വേദനയിലൂടെയാണ് അമ്മയ്ക്ക് വയ്യാതെ ആയപ്പോഴും കനിഹ കടന്നുപോയത്. മുൻപൊരിക്കൽ ലൈഫ് എഗെയ്ൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനിഹ ആ നാളുകളെ കുറിച്ച് സംസാരിച്ചിരുന്നു. ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.
"എന്റെ അമ്മ ഞങ്ങളോട് കാൻസർ ബോധവത്കരണത്തെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നത്. ഒരു ദിവസം സ്തനങ്ങളിൽ വേദന തോന്നുവെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഉടനെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ അമ്മയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തി. അത് എനിക്ക് ശരിക്കും ഷോക്കായി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു.
വാസ്‌തവത്തിൽ, ഞങ്ങൾ അങ്ങനെ ഒന്ന് നേരിടാൻ ഒട്ടും തയ്യാറായിരുന്നില്ല. പക്ഷേ, ആ സമയത്ത് അമ്മയ്‌ക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് എനിക്ക് ആശ്വാസമായി. സത്യത്തിൽ അമ്മയും അത് പ്രതീക്ഷിച്ചിരുന്നു. കൈപിടിച്ച് എല്ലാം ശരിയാകും എന്നൊരു ആശ്വാസവാക്കാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കീമോതെറാപ്പിയും റേഡിയേഷൻ ചികിൽസയുമുൾപ്പെടെ ഒരുപാട് വേദനകളിലൂടെ അമ്മ കടന്നു പോയി.

ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്. എന്റെ വികാരങ്ങൾ ഞാൻ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലർക്കും തങ്ങളുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ ഞാൻ അങ്ങനെയല്ല. ആ പ്രശ്നം എന്റെ ഉള്ളിൽ കിടന്ന് തന്നെ ഭേദമാകും. ഞാൻ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, പാട്ട് വെച്ച് കാറിലിരുന്ന് കരയും. എനിക്കത് ശരിക്കും ഇഷ്ടമാണ്. അങ്ങനെ ചെയ്താൽ എന്തെന്നില്ലാത്ത ഒരു ശക്തി എനിക്ക് തോന്നും.
ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാൻ തകർന്നുപോയി. സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങൾ ചെയ്തുകൊണ്ട് ഞാൻ ആ സമയങ്ങളെ നേരിട്ടു."- കനിഹ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











