'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. സുകുമാരന്റെ മരണ ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് മക്കൾ രണ്ടുപേരും സിനിമയിൽ എത്തുന്നത്. രണ്ടുപേരും ഇന്ന് സുകുമാരനെ പോലെ വലിയ നടന്മാരായി മാറി കഴിഞ്ഞു.
ഇവരുടെ രണ്ടു പേരുടെയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയാണ്. സുകുമാരന്റെ മരണശേഷം ഒറ്റയ്ക്കാണ് മല്ലിക രണ്ടു മക്കളെയും വളർത്തിയത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഇരുവരും സിനിമയിൽ എത്തി സ്വന്തം ഇടം കണ്ടെത്തി.

ഇന്ദ്രജിത് പന്ത്രണ്ടിലും പൃഥ്വിരാജ് പത്തിലും പഠിക്കുമ്പോഴാണ് സുകുമാരൻ മരിക്കുന്നത്. അവിടെ നിന്ന് ബുദ്ധിമുട്ടുകൾ ഒന്നും അറിയാതെ രണ്ടു മക്കളെയും വളർത്തി കൊണ്ടുവരാൻ കഴിഞ്ഞത് സുകുമാരൻ എല്ലാം ഒരുക്കി വെച്ചിരുന്നത് കൊണ്ടാണെന്നാണ് മല്ലിക പറയുന്നത്. ഒരിക്കൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സുകുമാരന് ഉണ്ടായ ദീർഘ വീക്ഷണത്തെ കുറിച്ച് പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. വിശദമായി വായിക്കാം.

'മക്കൾ പത്തിലും പന്ത്രണ്ടിലും പഠിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണം. പതിനഞ്ചും പതിനേഴും വയസുള്ള കുട്ടികൾക്ക് പെട്ടെന്ന് അച്ഛൻ പോവുക എന്ന് പറയുമ്പോൾ, എന്റെ ഒരു വെപ്രാളം തന്നെ ഒന്ന് ചിന്തിച്ച് നോക്കണം. ഇനി എങ്ങോട്ട്, എന്ത് ഒന്നുമറിയില്ല. വളരെ സൂക്ഷിക്കേണ്ട പ്രായത്തിലാണ് രണ്ടു ആൺ കുട്ടികളെയും എന്നെ ഏല്പിച്ചിട്ട് സുകുവേട്ടൻ പോയത്,'
'അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന കാര്യം മക്കൾ നന്നായിട്ട് പഠിക്കണം എന്നാണ്. ആരുടേങ്കിലും മുന്നിൽ ചെന്ന് നിന്ന് സംസാരിക്കുമ്പോൾ അവർക്ക് അവരുടെതായ വ്യക്തിത്വം ഉണ്ടായിരിക്കണം. അത് പ്രകടമാകുന്ന സംസാരം അവരുടെ ഭാഗത്ത് നിന്നുണ്ടാവണം. അവരെ സൈനിക സ്‌കൂളിൽ പഠിപ്പിച്ചത് തന്നെ മഹാഭാഗ്യമാണ്,'

'അവിടെ പഠിക്കുന്നവർ നാലു കാലിലെ വീഴു എന്നൊരു ചൊല്ലുണ്ട്. എല്ലാത്തിനും അവരെ ട്രെയിൻ ചെയ്യിക്കും. എന്നാൽ സുകുവേട്ടന്റെ മരണശേഷം ഞാൻ ഒറ്റയ്ക്ക് ആകുമല്ലോ എന്ന് കരുതി രാജുവിനെ മാറ്റി. ഇന്ദ്രൻ അപ്പോഴേക്കും എഞ്ചിനീയറിങ്ങിന് കയറി. സുകുവേട്ടനാണ് തിരുന്നൽവേലിയിലെ കോളേജിൽ കൊണ്ടുപോയി ചേർക്കുന്നത്,'
'അതിനു ശേഷമാണ് പെട്ടെന്ന് ഒരു പോക്ക്. ഞാൻ കരുതി ജീവിതം ഇവിടെ തീർന്നുവെന്ന്. ഞാൻ ആകെ തകർന്നു പോയി. ഞങ്ങൾ എല്ലാവരും തളർന്നു പോയി. പക്ഷെ അവിടെയും സുകുമാരൻ എന്ന വ്യക്തിക്ക് ജീവിതത്തോട് ഉണ്ടായിരുന്ന കണക്ക് കൂട്ടലുകളും ഭാവിയെ കുറിച്ചുള്ള ചിന്തകളുമൊക്കെ നമ്മുക്ക് ബോധ്യപ്പെടുന്നത് ആ സമയത്താണ്,'

'നമുക്ക് ഒന്നിനും ആരുടേയും സഹായം വേണ്ടിവരില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെ ആയിരുന്നു അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തു വെച്ചിരുന്നത്. സാമ്പത്തികമായാലും മറ്റു സ്വത്തുക്കൾ ആയാലും കുട്ടികൾക്ക് പഠിക്കാൻ ഉള്ളത് ആണെങ്കിലും എല്ലാം പ്ലാൻ ചെയ്ത് വെച്ചിരുന്നു. അതിന് ഞാൻ ഈശ്വരനോട് നന്ദി പറയുന്നു,'
'അല്ലാതെ അതിനോട് കടപ്പാടോ വിധേയത്വമോ ഒന്നും ആരോടുമില്ല. എന്റെ വീട്ടുകാരോട് ഒരു സഹായവും ഞങ്ങൾ ചോദിച്ചിട്ടില്ല. അതൊന്നും വേണ്ട അദ്ദേഹം തീർത്തു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അങ്ങനെയൊന്നും വാങ്ങിയിട്ടില്ല. പിന്നെ അച്ഛനമ്മമാരുടെ സ്വത്തുക്കൾ നൽകുന്ന സമയത്ത് അതിൽ നിന്ന് ഉള്ള പങ്ക് ലഭിച്ചിട്ടുണ്ട്,'

'എന്നാൽ അതൊന്നും തൊടാതെ മക്കൾക്കും എനിക്കും വേണ്ടി എല്ലാം കരുതി വെച്ചിട്ട് പോയ ആളാണ് സുകുവേട്ടൻ. സാധാരണ സിനിമാക്കാരെ കുറിച്ച് ഒരു പറച്ചിലുണ്ട്, അകാലത്തിൽ പൊലിഞ്ഞ് പോകുമ്പോൾ വീട്ടുകാർക്ക് തീരാ ദുഃഖവും കഷ്ടപ്പാടുമാണെന്ന്. പക്ഷേ ഇവിടെ എങ്ങനെ ജീവിച്ചോ, മക്കൾക്ക് അതേ സമ്പന്നതയിൽ ഒന്നിനും കുറവ് വരാതെ വളർത്തി കൊണ്ടുവരാനുള്ളത് അദ്ദേഹം പറയാറുള്ളത് പോലെ തന്നെ പ്രവർത്തികമാക്കിയിരുന്നു,'
'അങ്ങനെ ഇന്ന് എന്റെ മക്കൾ താരങ്ങളായി. അവർ സൂപ്പർ താരങ്ങൾ ഒന്നും ആയിട്ടില്ല. അതിനുള്ള പ്രായമൊക്കെ ആയി വരുന്നേ ഉള്ളു. ഒരു പത്ത് നാൽപത് വയസൊക്കെ കഴിയട്ടെ. ഇപ്പോൾ അവർ ഒരുപാട് പഠിക്കാനുണ്ട്. അവർ ജീവിതം പഠിക്കാനുണ്ട്,' മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications