നിങ്ങൾക്ക് അജിതിനെ അല്ലേ ഇഷ്ടം; എനിക്ക് ഡേറ്റ് തരാതിരുന്നതിന് കാരണം അതല്ലേ!; വിജയ്‌യുടെ പരാതിയെക്കുറിച്ച് മീന
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയ നടിയാണ് മീന. എല്ലാ ഭാഷകളിലേയും ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു മീനയുടെ സിനിമാ അരങ്ങേറ്റം. 90 കളിലാണ് മീന നായികയാകുന്നത്. മുപ്പത് വർഷങ്ങൾക്ക് ഇപ്പുറവും തന്റെ തര്യമൂല്യത്തിൽ ഇടിവ് സംഭവിക്കാത്ത താരങ്ങളിൽ ഒരാളാണ് മീന.
മീനയുടെ സമകാലീനരുടെയൊക്കെ കരിയർ പരിശോധിച്ചാൽ മീനയുടെ സ്ഥാനം വ്യക്തമാകും. വിവാഹ ശേഷം കുറച്ചു നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് നടി നടത്തിയത്. ദൃശ്യം ഉൾപ്പടെയുള്ള ഹിറ്റുകൾ തിരിച്ചുവരവിൽ ഒരുങ്ങിയതാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മീന.

മോഹൻലാൽ - മീന കോംബോയിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഗംഭീര ഹിറ്റുകളും ആയിരുന്നു. ഇതുകൂടാതെ മമ്മൂട്ടിക്ക് ഒപ്പവും മീന അഭിനയിച്ചിട്ടുണ്ട്. തമിഴിലും രജനികാന്ത് അടക്കമുള്ള നായകന്മാർക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിജയ്‌ക്കൊപ്പം ഒരു ഗാനരംഗത്തിൽ മാത്രമാണ് നടി എത്തിയത്. നാലോളം സിനിമകൾ പ്ലാൻ ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു.
സൂപ്പർ ഹിറ്റ് വിജയ് ചിത്രമായ ഷാജഹാനിലെ സരക്ക് വെച്ചിരിക്കേൻ എന്ന പാട്ടിലാണ് ഇവർ ഒരുമിച്ചെത്തിയത്. മലയാളത്തിൽ ഉൾപ്പെടെ ഹിറ്റായ തമിഴ് ഗാനമാണിത്. ഇന്നും ഈ ഗാനത്തിന് ആരാധകർ ഏറെയുണ്ട്. പിന്നീട് മീനയ്ക്ക് വിജയ്‌ക്കൊപ്പം സിനിമകൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും മകൾ അഭിനയിച്ചിരുന്നു.

തെരി എന്ന ചിത്രത്തിൽ വിജയുടെ മകളായിട്ടാണ് മീനയുടെ മകൾ നൈനിക അഭിനയിച്ചത്. തെരിയുടെ ഷൂട്ടിങ്ങിനിടെ തന്റെയൊപ്പം അഭിനയിക്കാത്തതിന് വിജയ് കളിയാക്കിയതായി മീന ഒരിക്കൽ പറഞ്ഞിരുന്നു. പണ്ട് തനിക്ക് മനപ്പൂർവം ഡേറ്റ് തരാതിരുന്നതല്ലേയെന്നും അജിത്തിനെയല്ലായിരുന്നോ ഇഷ്ടമെന്നും വിജയ് ചോദിച്ചെന്ന് ഒരു അഭിമുഖത്തിലാണ് മീന പറഞ്ഞത്.
മീനയുടെ ആ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വികടൻ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു മീന വിജയ്ക്കൊപ്പമുള്ള രസകരമായാ അനുഭവം പങ്കുവച്ചത്. വിശദമായി വായിക്കാം.

'തെരി ചെയ്യുന്ന സമയത്ത് എന്നെ വിജയ് ഒരുപാട് കളിയാക്കുമായിരുന്നു. അന്ന് ഞാൻ അപ്കമിങ് ഹീറോ ആയതുകൊണ്ടല്ലേ എനിക്ക് ഡേറ്റ് തരാതിരുന്നത്, നിങ്ങൾക്ക് അജിത്തിനെയല്ലേ ഇഷ്ടമെന്നൊക്കെ ചോദിക്കും. സത്യമായിട്ടും എനിക്ക് ഡേറ്റില്ലായിരുന്നു വിജയ് എന്ന് ഞാൻ പറഞ്ഞു,'
'ഒരു ദിവസം നാല് സിനിമയിൽ വരെ അഭിനയിച്ചു നടന്നിരുന്ന സമയം ആയിരുന്നു അത്. എന്താണ് നടക്കുന്നതെന്ന ബോധം പോലുമില്ലാതെ ഞാൻ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. ഭയങ്കര തിരക്കായിരുന്നു,'

'വീട്ടിൽ നിന്നിറങ്ങി എയർപോർട്ടിലേക്കും അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകും. പിന്നെയും സെറ്റ്. പിന്നെ വീണ്ടും സ്റ്റേഷനിലേക്ക് അവിടെ നിന്ന് എയർപോർട്ടിലേക്ക്. അവിടെ നിന്നും അടുത്ത ഫ്ളൈറ്റിന് വീണ്ടും യാത്ര. അങ്ങനെ ഓടി നടക്കുന്ന സമയമായിരുന്നു. ഒന്നും എന്റെ കയ്യിലല്ലായിരുന്നു. എനിക്ക് ശരിക്കും ഡേറ്റ് ഇല്ലാതിരുന്നത് കൊണ്ടാണെന്നും വിജയെ പറഞ്ഞ് മനസിലാക്കിയെന്നും', മീന പറഞ്ഞു.

അതേസമയം, ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീന. ജാനമ്മ ഡേവിഡ് എന്ന മലയാള സിനിമയാണ് മീനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. റൗഡി ബേബി എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











