'നിറമുള്ള നടിമാരെയാണ് ആവശ്യമെന്ന് ഒരുപാട് പേർ പറഞ്ഞു; നമ്മുടെ പെൺകുട്ടികൾക്ക് എന്താണ് കുറവ്?': പ്രിയാമണി
തെന്നിന്ത്യൻ സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ താരമായി വളർന്ന നടിയാണ് പ്രിയാമണി. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരം കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഇപ്പോൾ. ബോളിവുഡിലുൾപ്പെടെ മികച്ച നടിയായി പേരെടുക്കാൻ പ്രിയാമണിക്ക് സാധിച്ചു. ഫാമിലി മാൻ എന്ന വെബ് സീരീസിൽ അഭിനയിച്ചതിന് ശേഷമാണ് പ്രിയാമണിയുടെ കരിയർ മാറി മറിയുന്നത്. ആ സീരീസിന് ശേഷമാണ് ബോളിവുഡിൽ നിന്ന് മികച്ച അവസരങ്ങൾ നടിയെ തേടി എത്തുന്നത്.
അതേസമയം, രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ കാണേണ്ടി വന്ന താരം കൂടിയാണ് പ്രിയാമണി. ഒരുപാട് വിവേചനങ്ങളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും പ്രിയാമണി തളർന്നില്ല. അഭിനേത്രി എന്ന നിലയിൽ തന്നെ സ്വയം മെച്ചപ്പെടുത്തി മുന്നോട്ട് പോവുകയായിരുന്നു താരം. അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ ഇപ്പോഴും സജീവമായി തുടരുകയാണ്.

സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലപ്പോഴായി പ്രിയാമണി തുറന്നു പറഞ്ഞിട്ടുണ്ട്. നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടതിനെ കുറിച്ചും പ്രിയാമണി ഒരിക്കൽ പറഞ്ഞിരുന്നു, നിറമുള്ള നടിമാരെയാണ് ആവശ്യമെന്ന് ഒരുപാട് പേര് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ സിനിമയിൽ നേരത്തിലുള്ള വിവേചനങ്ങൾ ഒന്നുമില്ലെന്നുമാണ് പ്രിയാമണി പറഞ്ഞത്. ഒരിക്കൽ ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഇക്കാര്യം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ട്. നിറമുള്ള നടിമാരെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള വിവേചനങ്ങൾ ഒരു സമയം വരെ സിനിമകളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. മേക്കപ്പിടാത്ത സാധാരണ സ്കിന്നുള്ള ആളുകളെയാണ് ഇപ്പോൾ സിനിമയിൽ ആവശ്യം. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാവരും ഒരുപോലെയാണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഒരു കാലത്ത് നിറമുള്ള പെൺകുട്ടികളെ മാത്രം സിനിമയിൽ ആവശ്യമുണ്ടായിരുന്നുള്ളൂ',
'ബോംബെ ഹീറോയിൻസിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് എപ്പോഴും പറയുമായിരുന്നു. എനിക്ക് ചോദിക്കാനുള്ളത് ബോബെയിൽ നിന്ന് വരുന്നവർക്ക് ഭാഷ അറിയുമോ എന്നാണ്? എന്താണ് പറയുന്നതെന്ന് അവർക്ക് അറിയില്ല. പിന്നെ എന്തിനാണ് പുറത്തുനിന്ന് നടിമാർ, നമ്മുടെ നാട്ടിൽ അഭിനയിക്കാനറിയുന്ന നമ്മുടെ ഭാഷ പറയുന്ന, സുന്ദരിമാരായ പെൺകുട്ടികൾ ഉണ്ട്. അവർക്ക് നിറം അൽപം കുറവായിരിക്കും. അതിനെന്താ കുഴപ്പം?',

'നമ്മുടെ പെൺകുട്ടികൾക്ക് അഭിനയിക്കാനറിയില്ലേ? അവർക്ക് ഡാൻസ് ചെയ്യാനും അറിയാം. പിന്നെ എന്താണ് നമ്മുടെ പെൺകുട്ടികൾക്ക് കുറവ്? ആ ചോദ്യത്തിന് ആർക്കും മറുപടിയില്ല. ഇപ്പോൾ ആ തടസ്സം ഇല്ല. അതിൽ എനിക്ക് നല്ല സന്തോഷം ഉണ്ട്. സൗത്ത് ഇൻഡസ്ട്രിയിലെ പെൺകുട്ടികൾ അവരുടെ കഴിവുകൾ ലോകോത്തര നിലവാരത്തിൽ തെളിയിക്കുകായാണ്,' പ്രിയ മണി പറഞ്ഞു.
അതേ അഭിമുഖത്തിൽ തന്നെ പരുത്തിവീരൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പ്രിയാമണി തുറന്നു പറയുകയുണ്ടായി. നടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച സിനിമയായിരുന്നു അത്. നട്ടുച്ച വെയിലത്ത് ഭക്ഷണം പോലും മര്യാദക്ക് കഴിക്കാതെ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അതെന്ന് താരം പറഞ്ഞു.
അതേസമയം, നാല് സിനിമയോളമാണ് പ്രിയാമണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹിന്ദിയിൽ ജവാൻ, മൈതാൻ തുടങ്ങിയ സിനിമകളും തമിഴിൽ ക്വട്ടേഷൻ ഗ്യാങ് എന്ന ചിത്രവും കന്നഡത്തിൽ ഖൈമാര എന്ന സിനിമയുമാണ് അണിയറയിൽ ഉള്ളത്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ കസ്റ്റഡിയാണ് പ്രിയാമണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.


Click it and Unblock the Notifications