ആ സിനിമയ്ക്ക് ശേഷം ആറു വർഷം സിനിമ കിട്ടിയില്ല; വഴിത്തിരിവായത് ആ ചിത്രം; അനൂപ് മേനോൻ പറഞ്ഞത്
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ അനൂപ് മേനോന്‍. അഭിനയത്തിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ടെവിഷനിലൂടെയാണ് അനൂപ് മേനോൻ കരിയർ ആരംഭിക്കുന്നത്. അവതാരകനായും സീരിയല്‍ താരമായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷമാണ് അനൂപ് സിനിമയിലേക്ക് എത്തുന്നത്. കുറച്ചു വൈകിയാണെങ്കിലും സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപ് മേനോന് സാധിച്ചു.
എന്നാൽ അടുത്ത കാലത്തായി സിനിമയിൽ അത്ര നല്ല സമയമല്ല അനൂപ് മേനോന്റേത്. അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ പലതും പരാജയം രുചിച്ചിരുന്നു. എന്നാൽ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം. ഓഹ്... സിൻഡ്രല്ലയാണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം. ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരുപിടി ചിത്രങ്ങളും അനൂപിന്റേതായി അണിയറയിൽ ഉണ്ട്.

അതേസമയം കരിയറിന്റെ തുടക്കകാലത്തും വലിയ പ്രതിസന്ധിയിലൂടെ അനൂപ് മേനോൻ കടന്നു പോയിട്ടുണ്ട്. ആദ്യ സിനിമയായ കാട്ടുചെമ്പകത്തിന് ശേഷം ആറു വർഷം കഴിഞ്ഞാണ് അനൂപ് മേനോന് നല്ല വേഷങ്ങൾ ലഭിക്കുന്നത്. ഒരിക്കൽ ഇതേക്കുറിച്ച് അനൂപ് മേനോൻ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'നടനെന്ന നിലയിൽ എന്റെ കരിയറിൽ വഴിത്തിരിവായ സിനിമ തിരക്കഥയാണ്. കാട്ടുചെമ്പകം എന്ന സിനിമയിലൂടെ വിനയേട്ടൻ എന്നെ സിനിമയിലേക്ക് കൊണ്ടുവന്നു. പക്ഷെ ആ സിനിമ സാമ്പത്തികമായി വിജയമാകാത്തത് കൊണ്ട് അഞ്ചോ ആറോ കൊല്ലം എനിക്ക് സിനിമകൾ ഉണ്ടായിരുന്നില്ല. ഞാൻ സീരിയലുകൾ മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. സിനിമയിൽ ഒരു ആക്ടർ എന്ന നിലയിൽ അടയാളപ്പെടുത്തുന്നതും സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ലഭിച്ചതൊക്കെ പരിഗണിക്കുമ്പോൾ തിരക്കഥ തന്നെയാണ് വഴിത്തിരിവായത്',
'ആ ചിത്രമാണ് എന്നെ സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതും. എന്നാൽ കൊമേർഷ്യലി അംഗീകരിക്കപ്പെടുന്ന നടനായി മാറുന്നത് കോക്ടെയിലിന് ശേഷമാണ്. അതിനു ശേഷം നിരനിരയായി കുറച്ചധികം നല്ല സിനിമകൾ വന്നു. ട്രാഫിക് വന്നു, ബ്യൂട്ടിഫുൾ, ഈ അടുത്ത കാലത്ത്, ട്രിവാൻഡ്രം ലോഡ്ജ്, 1983, വിക്രമാദിത്യൻ, പാവാട എന്നിങ്ങനെ ഒരുപിടി സിനിമകൾ വന്നു',

'അതൊരു ഫ്ളോവിൽ അങ്ങനെ പോയി. നല്ല ഒരുപിടി സിനിമകളും മോശം സിനിമകളും ഓടിയ സിനിമകളും ഓടാത്ത സിനിമകളും ഒക്കെയായി ഒരുപിടി സിനിമകൾ വന്നു. അതിൽ എടുത്ത് പറയാവുന്നത് കോക്ടെയിലും തിരക്കഥയുമാണ്', അനൂപ് മേനോൻ പറഞ്ഞു. വിക്രമാദിത്യനിലെ അച്ഛൻ വേഷം ചെയ്ത ശേഷം വന്ന കമന്റുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു.
'ആ വേഷം ചെയ്ത ശേഷം എന്തിനാണ് ചെയ്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ആ ഒരു കഥാപാത്രം നടനെന്ന നിലയിൽ എന്റെ കരിയർ ഗ്രാഫിലെ വലിയൊരു മൈൽസ്റ്റോൺ ആണ്. അതിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചു എന്നത് മാത്രമല്ല. നടനെന്ന നിലയിൽ നോക്കുമ്പോൾ ആ കഥാപത്രം വലിയൊരു ഭാഗ്യമാണ്', അനൂപ് മേനോൻ പറഞ്ഞു.


Click it and Unblock the Notifications











