അവളെ കണ്ടതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം; മകളെ ഓർത്ത് ഉറങ്ങാതിരുന്ന രാത്രികളുണ്ട്; ബാല അന്ന് പറഞ്ഞത്
മകളെക്കുറിച്ച് പലപ്പോഴായി ബാല പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
മലയാളികളുടെ ഇഷ്ട താരമാണ് നടൻ ബാല. തമിഴിൽ നിന്ന് മലയാളത്തിൽ എത്തി തന്റേതായ ഇടം കണ്ടെത്തിയ നടൻ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, വീണ്ടും നടൻ വാർത്തകളിൽ നിറയുകയാണ്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ചികിത്സയിലാണ് എന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് നടനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലൊക്കെ സജീവമായത്.
ഇന്ന് രാവിലെയാണ് നടൻ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഗുരുതരാവസ്ഥയിൽ ആണെന്ന തരത്തിലായിരുന്നു വാർത്തകൾ. സൂരജ് പാലക്കരനാണ് ബാലയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ബാല മകള്‍ പാപ്പുവിനെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്നുൾപ്പടെ വീഡിയോയിൽ പറഞ്ഞിരുന്നു.

പിന്നാലെ നിരവധി പേരാണ് ബാലയ്ക്ക് കുഞ്ഞിനെ കാണാൻ അവസരമൊരുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതിനിടെ ബാല മകളെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. ഇവർ വിവാഹ മോചിതരായ ശേഷം അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബാലയ്ക്ക് മകളെ കാണാൻ സാധിച്ചിട്ടില്ല എന്ന വാർത്തകളൊക്കെ വന്നിരുന്നു. താൻ മകളെ മിസ്സ് ചെയ്യുന്നതായി ബാലയും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
എന്റെ പെറ്റമ്മയെക്കാളും എന്റെ ജീവനെക്കാളും ഭാര്യ എലിസബത്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ മകള്‍ പാപ്പുവിനെയാണ് എന്നാണ് ബാല ഒരിക്കൽ പറഞ്ഞത്. മകള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിയ്ക്കുന്നതിനാലാണ്, അവര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ കണ്ടിട്ടും താന്‍ പ്രതികരിക്കാത്തതെന്ന് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായി.
മകളെ ഓര്‍ത്ത് ഉറങ്ങാതിരുന്ന രാത്രികളുണ്ട് എന്നും ബാല പറഞ്ഞിട്ടുണ്ട്. മകളെ തിരിച്ച് പിടിക്കാന്‍ ശ്രമിയ്ക്കും എന്നും, മകള്‍ അവിടെ ഹാപ്പിയല്ല എന്നുമൊക്കെ ബാല പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു.
താൻ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചത് മകൾ ജനിച്ചെന്ന് കേട്ട നിമിഷമാണെന്നാണ് ഒരിക്കല്‍ ബാല പറഞ്ഞത്. ആ സമയത്ത് ഞാനൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായി എന്നറിഞ്ഞപ്പോള്‍ തിരക്കിട്ട് എയര്‍പോര്‍ട്ടിലേക്ക് ഓടിയെത്തി. ആ സമയത്ത് ഒരു കത്തി എന്റെ പോക്കറ്റില്‍ ആയിപ്പോയി. അത് കാരണം പൊലീസ് എന്നെ എയർപോർട്ടിൽ പിടിച്ചു വച്ചു. അതിനിടയിലാണ് മകൾ ജനിച്ചെന്ന കോൾ വരുന്നത്.
അവസാനം അവിടെനിന്ന് ഓടിപ്പിടിച്ച് ആശുപത്രിയില്‍ എത്തി, ആദ്യമായി അവളെ കണ്ടത് ഇപ്പോഴും മറക്കില്ല, ഒരു ചിരിയുണ്ടായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. ആ ചിരി ഒരിക്കലും മറക്കില്ല. പിന്നീട് അവള്‍ ആദ്യമായി കുമ്പിട്ട് കിടന്നത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല ഓര്‍മയുണ്ട് എന്നാണ് ബാല ഒരു അഭിമുഖത്തിൽ പാപ്പുവിനെ കുറിച്ച് പറഞ്ഞത്.

അതേസമയം, ബാലയുടെ ആഗ്രഹപ്രകാരം മകളെയും കൊണ്ട് അമൃത ആശുപത്രിയിൽ എത്തിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും ഉണ്ണി മുകുന്ദനും അടക്കമുള്ളവർ ആശുപത്രിയിൽ കാണാൻ എത്തിയപ്പോൾ ബാല ഇക്കാര്യം ആവശ്യപെട്ടിരുന്നു. തുടർന്ന് ഇവർ മുൻകൈ എടുത്താണ് മകളെ ബാലയുടെ അടുത്ത് എത്തിച്ചത്.
അമൃതയ്ക്ക് ഒപ്പം സഹോദരി അഭിരാമി സുരേഷും അമ്മയും ഉണ്ടായിരുന്നു എന്നാണ് വിവരം. നേരത്തെ സോഷ്യൽ മീഡിയയിൽ ബാല മകളെ കാണണമെന്ന് ആഗ്രഹം പറഞ്ഞു എന്ന് പറഞ്ഞ് ഒരാൾ ഇട്ട കമന്റിന് ഞങ്ങൾ പോയി കൊണ്ടിരിക്കുകയാണ് എന്ന് അഭിരാമി മറുപടി നൽകിയിരുന്നു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications