മമ്മൂട്ടി മടിച്ചു, മോഹൻലാൽ എത്തി; കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും നിർമ്മിച്ചു; പിറന്നത് സൂപ്പർഹിറ്റ്!
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. നടന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമയാണ് ഇത്. രാജാവിന്റെ മകനിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ ഉണ്ടാക്കിയത്.
ഡെന്നിസ് മമ്മൂട്ടിയെ മനസ്സിൽ കണ്ട് എഴുതിയ കഥയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ തുടരെയുള്ള പരാജയങ്ങളിൽ പെട്ട് കിടക്കുന്ന തമ്പി കണ്ണന്താനത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെയാണ് ആ ചിത്രം മോഹൻലാലിലേക്ക് എത്തുന്നത്. ആറ് ദിവസം കൊണ്ട് ഒരുക്കിയ തിരക്കഥ പോലും വായിക്കാതെയാണ് മോഹൻലാൽ അഭിനയിച്ചതെന്ന് മുൻപൊരിക്കൽ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു. ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

"അന്ന് സാധാരണ ഗതിയിൽ ഒരുവിധപ്പെട്ട നിർമാതാക്കൾ അംഗീകരിക്കാത്ത തീം ആയിരുന്നു രാജാവിന്റെ മകൻ. അതായത് ഹീറോ ആണ് വില്ലൻ. തമ്പി കണ്ണന്താനത്തിന് കഥകേട്ടപ്പോൾ തന്നെ ഇഷ്ടമായി. ചെയ്യാനും തീരുമാനിച്ചു. നിർമാതാവ് ഇല്ല എന്നത് വലിയ പ്രശ്നം ആയിരുന്നു. മമ്മൂട്ടി നായകനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോട് ആയിട്ടായിരുന്നു. തമ്പിയുടെ ആ നേരം അല്പം ദൂരം എന്ന സിനിമ കൂടി പരാജയപ്പെട്ടതോടെ വീണ്ടും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു.
അന്ന് സൂപ്പർ ഹീറോ ആയി മമ്മൂട്ടി വളർന്ന് നിൽക്കുന്ന സമയമാണ്. രാജാവിന്റെ മകന്റെ കഥ ഇഷ്ടപ്പെട്ടെങ്കിലും തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി മടിച്ചു. തമ്പിക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ഒടുവിൽ തമ്പി മോഹൻലാലിന്റെ അടുത്തെത്തി. അന്ന് സൂപ്പർ താരം ആയിട്ടില്ല മോഹൻലാൽ. ലാൽ പറഞ്ഞു കഥ കൾക്കണ്ട. നിങ്ങൾക്ക് അറിയാമല്ലോ എന്ന്. എന്നെ അമ്പരപ്പിച്ച് കളഞ്ഞു.

അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി, എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിക്കും. ഒപ്പം വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കും. ഒന്നു കൂടി ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ, ഇനി അവൻ ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും പറ്റില്ലെന്ന് തമ്പി തറപ്പിച്ച് പറഞ്ഞു. ഒടുവിൽ തമ്പിയുടെ കാർ വിറ്റ് സിനിമ നിർമിച്ചു. റബ്ബര്‍ തോട്ടവും പണയപ്പെടുത്തി.
വളരെ ബുദ്ധിമുട്ടിയായിരുന്നു സിനിമ എടുത്തത്. കുറഞ്ഞ ചെലവിൽ ആയിരുന്നു ഷൂട്ടിംഗ്. അഞ്ചോ ആറോ ദിവസം കൊണ്ടാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഒടുവിൽ ആ സിനിമ മലയാളത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തു." - എന്നാണ് അന്ന് ഡെന്നിസ് ജോസഫ് പറഞ്ഞത്.


Click it and Unblock the Notifications











