നല്ല കുടുംബത്തിൽ നിന്നും ചെക്കന്മാരെ കിട്ടില്ലെന്നായിരുന്നു അമ്മയുടെ വിചാരം; ഞാനൊരു വാക്കുകൊടുത്തു; ദേവിക!
സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ദേവിക നമ്പ്യാർ. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. ഗായകനും സംഗീത സംവിധായകനുമായ ദേവികയുടെ ഭർത്താവ് വിജയ് മാധവും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ വിജയും ദേവികയും കഴിഞ്ഞ വർഷം ആദ്യമാണ് വിവാഹിതരായത്. മകൻ ആത്മജനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.
കുഞ്ഞ് വന്നതോടെ അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് ദേവിക. എങ്കിലും വിജയുടെ യൂട്യൂബ് ചാനലിലൂടെ തന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് ദേവിക എത്താറുണ്ട്. അതിനിടെ ഇപ്പോഴിതാ ദേവികയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയും ശ്രദ്ധനേടുകയാണ്. വിവാഹത്തിന് മുൻപ് ആനീസ് കിച്ചൺ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയാണ് ദേവിക സംസാരിക്കുന്നത്.

'എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് ചെറിയ മ്യൂസിക്ക് വീഡിയോകളിലൂടെ ഞാൻ തുടക്കം കുറിക്കുന്നത്. പിന്നീട് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ കളഭ മഴ എന്ന സിനിമ ചെയ്തു. കളഭമഴക്ക് ശേഷം പരിണയം എന്ന സീരിയൽ ചെയ്തിരുന്നു, അതിനുശേഷം വീണ്ടും പടം ചെയ്തു, പിന്നെയാണ് ബാലാമണി എന്ന സീരിയലിലേക്ക് എത്തുന്നത്. അതിനിടെ കുറെ പരിപാടികൾ ഹോസ്റ്റ് ചെയ്തു. പിന്നീട് പഠനത്തിനായി ഒരു രണ്ടുവർഷക്കാലം ബ്രേക്ക് എടുത്തു. ആ സമയത്ത് പരിപാടികളും ഒന്നും ചെയ്യാൻ സാധിച്ചില്ല,' ദേവിക പറയുന്നു.
'അതെന്നെ കുറച്ച് ഡിപ്രെസ്സ്ഡ് ആക്കിയിരുന്നു. കാരണം അതെന്റെ ഇഷ്ട മേഖല ആയിരുന്നു. ആളുകളോട് സംസാരിക്കാനും ക്യാമറക്ക് മുൻപിലും ഒക്കെ നില്ക്കാൻ ഇഷ്ടം ആയതുകൊണ്ടുതന്നെ അതിൽ നിന്നും മാറി നിന്നത് വളരെ നിരാശ നൽകി. ഏതാണ്ട് മൂന്നുവർഷത്തോളം മാറി നിന്നപ്പോൾ ഞാൻ ഞാനല്ലാതെ ആയ പോലെയൊക്കെ എനിക്ക് തോന്നി. പഠിക്കാൻ പോയത് എന്റെ ഇഷ്ടത്തിന് ആയിരുന്നെങ്കിലും ആ ഇടവേള എന്നെ ഡിപ്രെസ്ഡാക്കി മാറ്റിയിരുന്നു,' ദേവിക മനസു തുറന്നു.
വീട്ടിലെ ഏക പെൺകുട്ടി താനാണെന്നും തന്റെ സ്വന്തം അനിയനുമായി തനിക്ക് ഒമ്പത് വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ദേവിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും അനിയൻ വളരെ മെച്വേർഡ് ആണെന്നും ദേവിക പറഞ്ഞു. സിനിമയിലേക്ക് പോകും മുൻപേ അമ്മയ്ക്ക് കൊടുത്ത വാക്കിനെക്കുറിച്ചും ദേവിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അമ്മയ്ക്ക് അത്യാവശ്യം സിനിമ ബാക്ക്ഗ്രൗണ്ട് ഒക്കെയുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ വിചാരം സിനിമ ചെയ്താൽ നല്ല കുടുംബത്തിൽ നിന്നും ചെക്കന്മാരെ കിട്ടില്ല എന്നായിരുന്നു. എന്നാൽ അതൊരു പൊട്ടത്തരം ആണെന്ന് നമുക്ക് അറിയാലോ, പക്ഷേ അമ്മയ്ക്ക് ഞാൻ അന്ന് വാക്കുകൊടുത്തു, അമ്മ പറയുന്ന ആളെ മാത്രമേ വിവാഹ കഴിക്കൂ എന്ന്,' ദേവിക നമ്പ്യാർ വീഡിയോയിൽ പറഞ്ഞു.
രാക്കുയില്‍ എന്ന പരമ്പരയിലാണ് ദേവിക അവസാനമായി അഭിനയിച്ചത്. സൂപ്പർ ഹിറ്റായ ബാലാമണിക്ക് ശേഷം അഭിനയിച്ച സീരിയലായിരുന്നു ഇത്. ഗണേശ മീണ്ടും സാന്തിപ്പൂ എന്ന തമിഴ് പടമാണ് അവസാനം ചെയ്ത സിനിമ. മലയാളത്തിൽ വികടകുമാരനിലാണ് അവസാനം അഭിനയിച്ചത്. നിലവിൽ കുഞ്ഞിന്റെ കാര്യങ്ങളും ഒപ്പം ആത്മജ സെന്റർ എന്ന സ്ഥാപനത്തിന്റെ കാര്യങ്ങളുമൊക്കെയായി മുന്നോട്ട് പോവുകയാണ് ദേവിക. ഒപ്പം ഭർത്താവ് വിജയ് മാധവുമുണ്ട്.


Click it and Unblock the Notifications