അന്ന് എനിക്ക് ഒരുപാട് വിഷമമായി; എല്ലാം തമാശയായി കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ നോർമലായത്; ദിലീപ്!
മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച.
മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ഈ വളർച്ച എന്നും ചർച്ചയാകാറുണ്ട്. മലയാള സിനിമയിൽ ഇന്ന് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നിരവധി ഹിറ്റുകളും കാണാൻ കഴിയും. എന്നാൽ ഒരുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയർ കൂടെയാണ് ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയിൽ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ്.

അതിനിടെ ദിലീപിന്റെ പഴയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിലും മറ്റും തനിക്കെതിരെ ഉണ്ടായ ആക്രമങ്ങളെ കുറിച്ചും മറ്റും മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതാണ് വീഡിയോ. ആദ്യം വളരെയധികം വിഷമം തോന്നിയെങ്കിലും പിന്നീട് വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ തുടങ്ങിയെന്നാണ് ദിലീപ് വീഡിയോയിൽ പറയുന്നത്.
'അടുത്തിടെ നികേഷ് കുമാറിനെ കണ്ടപ്പോൾ, നികേഷ് എന്നെ കുറെ നേരം ഇങ്ങനെ നോക്കി നിന്നു, എന്നിട്ട് എന്നോട് ചോദിച്ചു, ദിലീപേ നിങ്ങൾ എങ്ങനെയാണ് ഇങ്ങനെ നോർമലായി ഇരിക്കുന്നതെന്ന്. എന്താണ് അങ്ങനെ ചോദിച്ചതെന്ന് ചോദിച്ചു. ശരിക്കും നിങ്ങൾ ഭ്രാന്തനാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിങ്ങൾക്കെതിരായ ആക്രമണങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത് നിങ്ങൾ ഒരു ഭ്രാന്തന്റെ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാകും എന്നാണ്',
'ഞാൻ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. മനുഷ്യരുടെ ജീവിതത്തിൽ പല ട്രാജഡികളും ഉണ്ടാകും. നമ്മൾ ആരും എല്ലാം തികഞ്ഞ ആളുകളല്ല. എല്ലാവരുടെയും ജീവിതത്തിൽ പല തരത്തിലുള്ള പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടാകും. എന്റെ ജീവിതത്തിൽ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പരാജയം ഉണ്ടായ സമയത്ത് സോഷ്യൽ മീഡിയയിൽ ഞാൻ പോലും അറിയാത്ത കാര്യങ്ങൾ വളച്ചൊടിച്ച് വന്നപ്പോൾ എനിക്ക് ഒരുപാട് വിഷമമായി',
'എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് പോലും അറിയാതെയാണ് ഓരോന്ന് വളച്ചൊടിച്ച് വന്നത്. അങ്ങനെയൊരു കാര്യമായത് കൊണ്ട് എനിക്ക് പറയാനും താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഇതൊക്കെ വരുമ്പോൾ ഞാൻ മുന്നിലേക്ക് കൂടുതൽ സെർച്ച് ചെയ്യുകയും അത് പോയി നോക്കുകയും ചെയ്തപ്പോഴാണ് വല്ലാത്തൊരു തകർച്ചയിൽ നിന്നിരുന്ന ഞാൻ വീണ്ടും ഒരു തകർച്ചയിലേക്ക് പോയത്. അതിന്റെ ആവശ്യമില്ലല്ലോ എന്ന് മനസിലാക്കി പിന്നീട് എന്നെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ചെയ്തത്',

'കാരണം ഇവിടെ ദിലീപ് എന്ന നടനെ നിലനിർത്തുന്ന പ്രേക്ഷകരാണ്. മിമിക്രി തുടങ്ങിയ കാലം മുതൽ ജനങ്ങൾക്ക് മുന്നിൽ ഞാൻ ഒരു തുറന്ന പുസ്തകമാണ്. മീഡിയയും സോഷ്യൽ മീഡിയയും ഒരു വാർത്തയും കിട്ടാതെയാകുമ്പോഴാണ് എന്റെ വാർത്ത കൊടുക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്. ഏതാണ്ട് പത്ത് തവണ ഞാൻ ഇപ്പോൾ കല്യാണം കഴിച്ചു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ ബുദ്ധിമാന്മാരാണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷെ എന്റെ സുഹൃത്തുകളടക്കം വിളിച്ച് കല്യാണം വിളിച്ചില്ലല്ലോ എന്ന് ചോദിക്കാറുണ്ട്',
'ഇതൊക്കെ ഞാൻ തമാശയായി കാണാൻ തുടങ്ങിയതോടെയാണ് ഞാൻ നോർമലായത്. അതുകൊണ്ടൊക്കെ ഞാൻ പലയിടങ്ങളിൽ നിന്നും മാറി. അല്ലാതെ സോഷ്യൽ മീഡിയയോട് പ്രശ്നമുണ്ടായിട്ട് ഒന്നുമല്ല. പണിയില്ലാത്തവർ ചെയ്യുന്നതാണ് എന്ന് കുറേപേർ എന്നോട് പറഞ്ഞു. പക്ഷെ ഇതൊക്കെ പണിയുള്ളവർ ചെയ്യുന്നതാണ്. അവരുടെ പണിയാണ് ഇത്. പലരും അങ്ങനെ ജീവിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവർക്കും നന്മയുണ്ടാകട്ടെ എന്ന് വിചാരിച്ച് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതാണ്', ദിലീപ് പറഞ്ഞു.


Click it and Unblock the Notifications











