മീനാക്ഷി ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു: ജീവിതത്തിൽ എന്നും താങ്ങായ മകളെക്കുറിച്ച് ദിലീപ്
പ്രശസ്ത താരം ദിലീപ് ഏറെ നാളത്തെ മോശം സമയത്തിന് ശേഷം, പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലൂടെ വീണ്ടും വിജയം നേടിയിരിക്കുകയാണ്. തീയറ്ററുകളിലും ഒ.ടി.ടി.യിലും ഒരുപോലെ നല്ല അഭിപ്രായം നേടിയ ചിത്രത്തിന് ശേഷം, വ്യത്യസ്തമായ പ്രൊജെക്ടുകളുമായി കരിയറിൽ പുതിയൊരു ചുവടു മാറ്റത്തിന് നടൻ തയ്യാറെടുക്കുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, മകൾ മീനാക്ഷിയെക്കുറിച്ച് ദിലീപ് സംസാരിക്കുന്ന ഒരു വീഡിയോ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. തന്റെ മോശം സമയത്ത് ഏറ്റവും വലിയ സപ്പോർട്ട് മകളായിരുന്നു എന്നാണ് നടൻ പറഞ്ഞത്.
മീനാക്ഷി ഒരുപാട് അനുഭവിച്ചു: ദിലീപ് പറയുന്നു
പവി കെയർടേക്കർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ, ചാനൽ കേരള ബോക്സ് ഓഫീസ് യൂട്യൂബ് ചാനലിനോട് സംസാരിച്ചപ്പോൾ, ജീവിതത്തിൽ മകൾ മീനാക്ഷിയിൽ നിന്ന് കിട്ടിയ അകമഴിഞ്ഞ പിന്തുണയെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തി. മകളെക്കുറിച്ചു ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞ്, വളരെ വികാരാധീനനായാണ് പ്രശസ്ത നടൻ മറുപടി പറഞ്ഞത്.

"മീനാക്ഷി എപ്പോഴും "അച്ഛാ, ഈ സിനിമ ഭയങ്കര ഹിറ്റ് ആവും. എന്റെ മനസ്സ് പറയുന്നുണ്ട്" എന്ന് പറയും. ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും "അതൊന്നും കാര്യമാക്കണ്ട അച്ഛാ" എന്ന്," ദിലീപ് വളരെ വാത്സല്യപൂർവ്വം ഓർത്തെടുത്തു. "അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്. അത് കൊണ്ട് അവളൊക്കെ... വേണ്ട അതിനെ പറ്റി അധികം പറയണ്ട," കണ്ണുകൾ നിറഞ്ഞു കൊണ്ട് പ്രശസ്ത താരം പറഞ്ഞു.
മീനാക്ഷി വളരെ ബോൾഡ് ആയൊരു പെണ്കുട്ടിയാണോ എന്ന ചോദ്യത്തിന്, അങ്ങനെയല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. "അവൾ ഒരു പാവം മോൾ ആണ്. അവൾ വളരെ സൈലന്റ് ആയൊരു കുട്ടിയാണ്. അവൾ ആരുടേയും മുന്നിൽ അവളുടെ ഇമോഷൻസ് അങ്ങനെ പ്രകടിപ്പിക്കാറില്ല. ഇങ്ങനെ കൂൾ ആയിട്ട്, എല്ലാം കണ്ടും കെട്ടും നിൽക്കും. എന്റെയടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് പ്രകടിപ്പിക്കാറുള്ളത്," പ്രശസ്ത നടൻ പറഞ്ഞു നിർത്തി.

ദിലീപും ആദ്യ ഭാര്യയും പ്രശസ്ത താരവുമായ മഞ്ജു വാര്യരും 2014ലാണ് വേർപിരിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം, തന്റെ അച്ഛനൊപ്പം താമസിക്കാനാണ് ഇരുവരുടെയും ഏക മകളായ മീനാക്ഷി തീരുമാനിച്ചത്. മകൾക്ക് തന്റെ അച്ഛനോടുള്ള സ്നേഹവും അടുപ്പവും നന്നായി അറിയാവുന്ന മഞ്ജു, മീനാക്ഷിയെ കസ്റ്റഡി കേസിന്റെ പേരിൽ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ദിലീപിന്റെ അടുത്ത് മകൾ സുരക്ഷിതയായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് അന്ന് പ്രശസ്ത താരം പറഞ്ഞത്.
മഞ്ജു വാര്യരുമായുള്ള വിവാഹമോചനം നടന്ന രണ്ട് വർഷങ്ങൾക്ക് ശേഷം ദിലീപ് തന്റെ ഭാഗ്യനായികയായ കാവ്യ മാധവനെ വിവാഹം ചെയ്തു. തന്റെ മകൾ മീനാക്ഷിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നാണ് അന്ന് നടൻ പറഞ്ഞത്. അപ്പോൾ, തന്റെയൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ്, ബലിയാടാവേണ്ടി വന്ന കാവ്യയെ തന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടം തീരുമാനിക്കുകയായിരുന്നു എന്നും ദിലീപ് പറഞ്ഞു. പിന്നീട്, മീനാക്ഷി ഇത് ശരി വയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെ, എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ താര പുത്രി, തന്റെ മെഡിക്കൽ കരിയറിന് ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോൾ.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/i.meenakshidileep/ എന്ന പേജിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











