ഒരു കാലത്ത് മമ്മൂട്ടി പോലും പേടിച്ച നടൻ, അത്ര ഭംഗി ആയിരുന്നു അയാൾക്ക്; ഓർത്ത് സംവിധായകൻ
മലയാളത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് ദേവൻ. നായകനായും വില്ലനായും സഹനടനായും ഒക്കെ മലയാള സിനിമാ ലോകത്ത് തിളങ്ങിയിട്ടുള്ള താരം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു ദേവന്റെ വരവ്. മലയാളത്തിന്റെ ആദ്യകാല സിനിമ സംവിധായകരിൽ ഒരാളായ രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവൻ.
1983 ൽ പുറത്തിറങ്ങിയ നാദം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവന്റെ അരങ്ങേറ്റം. പിന്നീട് കൂടുതൽ അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായിരുന്നു താരം. ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ ദേവൻ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ടെലിവിഷൻ സീരിയലുകളിലും ദേവൻ അഭിനയിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം ശ്രദ്ധേയ വേഷങ്ങളിൽ ദേവൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ദേവൻ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംവിധായകനായ ഗാല്‍ബെര്‍ട് ലോറന്‍സ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദേവന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് സംസാരിച്ചത്. ദേവനെ അക്കാലത്ത് മമ്മൂട്ടി വരെ പേടിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
'സംഗീതവുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു നാദം. മോഹൻലാലും മമ്മൂട്ടിയും ഒക്കെ കയറി വരുന്ന സമയമാണ്. അങ്ങനെ നായകനെ നോക്കുന്ന സമയത്താണ് കോടമ്പാക്കത്ത് വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരനെ കണ്ടത്. തെലുങ്കന്‍ ആണെന്നാണ് ആദ്യം കരുതിയത്. ഇയാള് കൊളളാമല്ലോ, ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതി. അങ്ങനെ ദേവന്‍ കയറിയ ബസില്‍ ഞാനും കയറി.'
'കോടമ്പാക്കത്ത് നിന്ന് ബസ് കയറി ടി നഗറില്‍ ഇറങ്ങി. തെലുങ്കനാണെന്ന് കരുതി ഇംഗ്ലീഷിലാണ് ആദ്യം നടനോട് സംസാരിച്ചത്. അദ്ദേഹം മലയാളത്തില്‍ പറഞ്ഞപ്പോള്‍ ഞെട്ടി. മലയാളി ആയിരുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. എന്നിട്ട് ദേവന്‌റെ വീട്ടിലേക്ക് ഞാന്‍ പോയി. വീട്ടിലെത്തിയപ്പോഴാണ് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്‌റെ മകളുടെ ഭർത്താവാണ് എന്നറിഞ്ഞത്. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ലോ ബഡ്ജറ്റ് പടമാണെന്നും പറഞ്ഞു'
'പിന്നെ അവിടെ വച്ച് തന്നെ സമ്മതിപ്പിച്ചു അഡ്വാൻസ് കൊടുത്തു. അന്ന് അദ്ദേഹത്തിന്റെ പേര് മോഹൻ എന്നാണ്. പിന്നീട് സിനിമയിലേത്തിയതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പേര് ദേവൻ എന്നായത്. ദേവൻ സിനിമയിൽ സജീവമായി വന്ന സമയത്ത് മമ്മൂട്ടി ശാന്തികൃഷ്ണയുടെ ഭർത്താവിനോട് ദേവനെക്കുറിച്ച് പറഞ്ഞിരുന്നു. പുതിയ ഒരാൾ കൂടി സിനിമയിൽ സജീവമാകുന്നുണ്ട് അത് തങ്ങൾക്ക് പ്രശ്നമാകുമോ എന്നായിരുന്നു പറഞ്ഞത്'
'അത്ര ഭംഗിയായിരുന്നു അന്ന് ദേവനെ കാണാൻ. എന്നാൽ പിന്നീട് കൂടുതൽ തെലുങ്ക് ചിത്രങ്ങൽ കിട്ടിയതോടെ ദേവൻ തെലുങ്കിൽ അറിയപ്പെടുന്ന വില്ലനായി മാറുകയായിരുന്നു' ഗാല്‍ബെര്‍ട് ലോറന്‍സ് പറഞ്ഞു.


Click it and Unblock the Notifications