ദുൽഖറിന്റെ ചാർലി എനിക്കൊരു ഭാരമായി തോന്നി! ഷൂട്ടിന് മൂന്നാഴ്ച മുമ്പ് മൊത്തം കട്ട് ചെയ്ത് കളഞ്ഞു; സംവിധായകൻ!
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങളും വാങ്ങി കൂട്ടിയിരുന്നു. പാർവതി, അപർണ ഗോപിനാഥ്, നെടുമുടി വേണു, സൗബിൻ ഷാഹിർ, കൽപന, ചെമ്പൻ വിനോദ് ജോസ്, കെപിഎസി ലളിത, ടോവിനോ തോമസ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയ്ക്ക് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിങ്ങനെ എട്ടോളം പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സാമ്പത്തികമായും ചിത്രം വലിയ കളക്ഷൻ നേടിയിരുന്നു. 100 ദിവസത്തിലധികം ചിത്രം സിനിമ തിയേറ്ററുകളിൽ ഓടി.
സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സൗബിൻ അവതരിപ്പിച്ച കള്ളൻ വേഷം. കള്ളൻ ഡിസൂസ എന്ന ചാർലി വിളിക്കുന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സൗബിനെ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചാർലി ഇറങ്ങി ആറ് വർഷങ്ങൾക്ക് ശേഷം കള്ളൻ ഡിസൂസ എന്ന പേരിൽ സൗബിൻ ഷഹിറിനെ നായകനാക്കി ജിത്തു കെ ജയൻ ഒരു സിനിമ ഒരുക്കിയിരുന്നു.

ആദ്യത്തെ ഫാസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റും വന്നപ്പോൾ ചാർലിയിലെ കള്ളൻ ഡിസൂസയുടെ തുടർച്ചയാണ് ചിത്രമെന്ന രീതിയിലൊക്കെ വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ പൂർണമായും മറ്റൊരു കഥയായിരുന്നു ചിത്രത്തിലേത്. ചാർലിയിലെ കള്ളൻ ഡിസൂസയെ പ്രതീക്ഷിച്ച് പോയവർ കണ്ടത് മറ്റൊരു കള്ളനെ ആയിരുന്നു.
എന്നാൽ സംവിധായകൻ ജിത്തു കെ ജയൻ ആദ്യം ചിന്തിച്ചിരുന്നത് ചാർലിയിലെ കള്ളൻ ഡിസൂസയെ തന്നെയാണ്. ദുൽഖർ സൽമാനെ ഉൾപ്പടെ ഉൾപ്പെടുത്തി ചെയ്യാനിരുന്ന സിനിമയിൽ പിന്നീട് വന്ന മാറ്റങ്ങളെ കുറിച്ച് ജിത്തു തന്നെ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
ദുൽഖറിനെയും ചാർലിയെയും ഒക്കെ സിനിമയിലേക്ക് കൊണ്ടുവന്നത് തനിക്ക് പിന്നീട് ഭാരമായി തോന്നിയെന്നും ഷൂട്ട് തുടങ്ങുന്നതിന് മൂന്നാഴ്ച മുൻപ് സിനിമയിലെ ചാർലി സിനിമയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്‌തെന്നുമാണ് ജിത്തു പറഞ്ഞത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇത്. വിശദമായി വായിക്കാംതുടർന്ന്.
'നമ്മൾ ആദ്യം സഞ്ചരിച്ച വഴി അറിയാതെ ചാർലിയിലേക്ക് പോയി. നമ്മൾ ചിന്തിച്ച വഴികൾ തെറ്റായിരുന്നു. പടം തുടങ്ങുന്നതിന് മൂന്നാഴ്ച മുൻപാണ് ചാർളി സിനിമയുമായി ബന്ധമുള്ള സീനുകളൊക്കെ നീക്കുന്നത്. അതിനു മുന്നേ ദുൽഖറിന്റെ പോർഷൻ ഒക്കെ കളഞ്ഞിരുന്നു. പിന്നീട് അത് മൊത്തത്തിൽ ഒഴിവാക്കി. അത് എനിക്കൊരു ഭാരമായി തോന്നി. കാരണം ചാർളി എന്ന സിനിമ അവർ ഭയങ്കരമായി ചെയ്ത് വെച്ചിരുന്നതാണ്,'
'അതിപ്പോൾ മാർട്ടിൻ പ്രക്കാട്ട് സാർ ആണെങ്കിലും ഉണ്ണി ആർ സാർ ആണെങ്കിലും അവർ എഴുതിവെച്ചിരിക്കുന്ന വലിയൊരു ഹിറ്റാണത്. ആ ഹിറ്റിന്റെ ഭാരം കൂടി നമ്മൾ ചുമക്കണോ എന്ന് ആലോചിച്ചപ്പോൾ നമ്മൾ മൊത്തം അങ്ങോട്ട് കട്ട് ചെയ്ത് കളഞ്ഞു. എന്നിട്ട് നമ്മുടെ കണ്ടന്റ് മാത്രമാക്കി വെച്ചു. എന്തുകൊണ്ടോ ഈ സിനിമയുടെ യോഗം അങ്ങനെ ആയിരിക്കാം,'

'ആ പേര് മാത്രം മാറിയില്ല. അതിനെ പറ്റി നമ്മൾ ബോതേർഡ് ആയിരുന്നില്ല. കള്ളൻ ഡിസൂസ എന്ന് ഉണ്ടായിരുന്നത് കൊണ്ടാണ് പിന്നെയും ആളുകൾ ചാര്ലിയിലെ ആണോയെന്ന് ചോദിച്ചത്. ആദ്യം ആലോചിച്ചിരുന്നത് കള്ളൻ എന്നൊരു പേരായിരുന്നു. പക്ഷെ മൂന്ന് നാല് പേര് ആ പേരിനായി നടക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു,'
'സിനിമ കാണുന്നവർ ചാർലിയിലെ കള്ളൻ ഡിസൂസയെ മറക്കും. പക്ക ഫാമിലി കോമഡി എന്റർടെയ്നറായിട്ടാണ് സിനിമ ഒരുക്കിയത്. ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ്. അതിന്റെ ക്‌ളൈമാക്‌സ് കാണുമ്പോൾ ഉറപ്പായും അങ്ങനെയൊരു കമന്റ് വരും. ചിലർക്ക് വിയോജിപ്പും ഉണ്ടായേക്കാം. എനിക്ക് ശരിയെന്ന് തോന്നിയ പോലെ ആണ് എഴുതിയെക്കുന്നത്,' സംവിധായകൻ ജിത്തു കെ വിജയൻ പറഞ്ഞു.


Click it and Unblock the Notifications











