'ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല വേർപിരിയൽ, എന്റെ സമയദോഷം'; ദിലീപ് പറഞ്ഞതിനെ കുറിച്ച് ജോസ് തോമസ്!
ഒരുകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. മാതൃക ദമ്പതികളായാണ് ഇവരെ ആരാധകർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെ വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനാല് വർഷത്തോളം സന്തോഷകരമായ കുടുംബജീവിതം നയിച്ച ശേഷമാണ് വേർപിരിഞ്ഞത്. ഇരുവരും വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇവരുടെ വേർപിരിയൽ.
2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേർപിരിഞ്ഞത്. മകള്‍ മീനാക്ഷി അച്ഛനൊപ്പമാണ് പോവുന്നതെന്നറിഞ്ഞപ്പോള്‍ ആ തീരുമാനമടക്കം മഞ്ജു അംഗീകരിച്ചു. അതിനു ശേഷം രണ്ടുപേരും അവരവരുടെ ജീവിതത്തിലേക്ക് മടങ്ങി. വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരികെ വന്ന മഞ്ജു ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ദിലീപാകട്ടെ കാവ്യ മാധവനെ വിവാഹം കഴിച്ച് മഹാലക്ഷ്മി എന്ന മകളുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.

എങ്കിലും ഇവരുടെ ദാമ്പത്യവും വേർപിരിയലുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ഇടയ്ക്ക് ഇവരുടെ സുഹൃത്തുക്കളും ഇവരുടെ വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്താറുണ്ട്. വിവാഹമോചനത്തിന്റെ സമയത്ത് നടൻ ദിലീപിന്റെ മാനസിക അവസ്ഥ എന്തായിരുന്നുവെന്ന് മുൻപൊരിക്കൽ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജോസ് തോമസ് പറഞ്ഞിരുന്നു. ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
മായാമോഹിനി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ താൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. അന്നെല്ലാം അത്രയും സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭർത്താവിനെയും ആണ് തനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം ഗോസിപ്പുകൾ പറയുന്നവരോട് താൻ ഇക്കാര്യം പറയാറുണ്ടായിരുന്നു എന്നാണ് ജോസ് തോമസ് പറഞ്ഞത്.
ശൃംഗാരവേലൻ എന്ന ചിത്രത്തിന്റെ സമയത്താണ് ഇവരുടെ ബന്ധം വേർപിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ജോസ് പറയുകയുണ്ടായി. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ, ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നാണ് ദിലീപ് പറഞ്ഞതെന്ന് ജോസ് തോമസ് പറയുന്നു.

അതും പറഞ്ഞ് അദ്ദേഹം അന്ന് ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ഉള്ളിലെ വേദന കാണാമായിരുന്നു. ഇത്രയൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. എന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. പക്ഷെ ദിലീപിന് എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടയായിരുന്നു എന്നുമാണ് ജോസ് തോമസ് അഭിമുഖത്തിൽ പറഞ്ഞത്.
അതേ സമയം വിവാഹമോചനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മൗനമായിരുന്നു എന്നും മഞ്ജുവിന്റെയും മറുപടി. വേർപിരിഞ്ഞ ശേഷം ദിലീപ് എന്ന മൂന്നക്ഷരം മഞ്ജു എവിടെയും ഉപയോഗിച്ചിട്ടില്ല. ഒരുമിച്ച് ഒരേ വേദികളിൽ എത്താതിരിക്കാൻ പോലും ഇരുവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മകൾ മീനാക്ഷിയെ കുറിച്ചും മഞ്ജു എവിടെയും സംസാരിക്കാറില്ല.


Click it and Unblock the Notifications