മമ്മൂട്ടിയുടെ വില്ലനാകാൻ ജയറാം തയ്യാറായില്ല, കഥയുടെ ട്രാക്ക് തന്നെ മാറ്റേണ്ടി വന്നു; സിദ്ദീഖ് പറഞ്ഞത്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളത്തിൽ അത്ര നല്ല സമയമല്ല നടന്റെത്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ജയറാം അഭിനയിച്ചത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു.
ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം മകൾ പോലും ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന കാഴ്‌ചയാണ് കണ്ടത്. സിനിമകളുടെ തിരഞ്ഞെടുപ്പുകളിൽ ഒക്കെ നടനുണ്ടായ വീഴ്ചയാണ് പരാജയങ്ങൾക്ക് കാരണമായി പറയുന്നത്. ഇപ്പോൾ ശക്തമായ കഥാപാത്രങ്ങളിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ. ഗംഭീര പ്രോജക്ടുകളാണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളിലെ അവസരങ്ങൾ ജയറാം നിരസിച്ചിരുന്നു. അത്തരത്തിൽ ജയറാം നിരസിച്ച ഒരു വേഷത്തെ കുറിച്ച് അന്തരിച്ച സംവിധായകൻ സിദ്ദീഖ് സംസാരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. അദ്ദേഹം സംവിധാനം ചെയ്ത ഭാസ്കർ ദ് റാസ്കൽ എന്ന സിനിമയിൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെ ആയിരുന്നുവെന്നും എന്നാൽ ജയറാം ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക. നയൻതാരയുടെ ആദ്യഭർത്താവിന്റെ വേഷമാണ് ജയറാമിന് ഓഫർ ചെയ്തത്. ഒരു മാഫിയ തലവനായിട്ടാണ് ആ കഥാപാത്രത്തെ എഴുതിയത്. എന്നാൽ ചിത്രത്തിന് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതി നായക നടനായ ജയറാമിനെ വിളിച്ചു. എന്നാൽ ജയറാം ആ ചാൻസ് നിരസിച്ചതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു എന്ന് സിദ്ദീഖ് പറയുന്നു. ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവർത്തിയെ ആണ് പിന്നീട് ആ വേഷത്തിലേക്കു തീരുമാനിച്ചത്.
'മമ്മൂക്കയാണ് ഭാസ്കർ ദ് റാസ്കർ എന്ന ചിത്രത്തിലെ ഹീറോ. കൊച്ചിയിലാണ് ഷൂട്ടിങ് ലൊക്കേഷൻ. ഈ സിനിമയിൽ കണ്ടെത്താൻ ഏറ്റവും പ്രയാസപ്പെട്ടത് നായികയായ നയൻതാരയുടെ ആദ്യ ഭർത്താവിനെ അവതരിപ്പിക്കാനുള്ള താരത്തെയായിരുന്നു. ആ കഥാപാത്രത്തെ കണ്ടെത്താൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു മാഫിയ തലവനെയാണ് വേണ്ടത്. പക്ഷേ ഞങ്ങൾ ഒരു കുടുംബചിത്രം എന്ന നിലയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി നയൻതാരയുടെ ഭർത്താവായി ജയറാമിനെ കൊണ്ടുവന്നാലോ എന്ന് ആലോചിച്ച',

'നന്നായി ജീവിച്ചിരുന്നവർ എന്തോ കാരണം കൊണ്ട് തെറ്റിപ്പോവുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്ന ഒരു ഡ്രാമ ഉണ്ടാക്കാം എന്നാണ് കരുതിയത്. പക്ഷേ ജയറാം അതിനു തയാറായില്ല. അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമയ്ക്ക് വേറൊരു ട്രാക്ക് വന്നേനെ. ജയറാമിനെ പോലെ ഒരു ഹീറോ പരിവേഷം ഉള്ള ഒരാൾ വന്നാലേ ഫാമിലി ഡ്രാമ വിജയിക്കൂ. പക്ഷേ ജയറാം ആ കഥാപാത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ആ ചിത്രം മറ്റൊരു ട്രാക്കിലേക്ക് പോയത്', സിദ്ദീഖ് പറഞ്ഞു.
അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന മെഡിക്കല്‍ ത്രില്ലര്‍ ചിത്രം അബ്രഹാം ഓസ്‍ലറാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി അഥിതി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications