'മോഹൻലാലിനെ പോലെയാണ് അക്ഷയ് കുമാറും, അഭിനയത്തിന്റെ കാര്യത്തിൽ അല്ല!'; അനുഭവം പങ്കുവച്ച് സുരേഷ് കൃഷ്ണൻ
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് നടൻ അക്ഷയ് കുമാർ. ആക്ഷൻ സിനിമകളിലൂടെയാണ് അക്ഷയ് ആദ്യം തിളങ്ങുന്നത്. ഏകദേശം 80-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അക്ഷയ് ഇന്ന് കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ പ്രിയപ്പെട്ട നടനാണ്. ആദ്യ കാലങ്ങളിൽ ആക്ഷൻ സിനിമകൾ ആയിരുന്നെങ്കിൽ ഇപ്പോൾ റൊമാന്റിക് ഹീറോ ആയിട്ടൊക്കെയാണ് അക്ഷയ് കുമാർ തിളങ്ങി നിൽക്കുന്നത്. മലയാള സിനിമയുമായി അടുത്ത ബന്ധമുള്ള നടൻ കൂടിയാണ് അക്ഷയ് കുമാർ.
മലയാളത്തിൽ നിന്നുള്ള ഒരുപിടി ഹിന്ദി റീമേക്കുകളിൽ അക്ഷയ് കുമാർ അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ അവസാനം പുറത്തിറങ്ങിയ സെൽഫി പോലും പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു. മുൻപ് പ്രിയദർശന്റെ ഹിന്ദി റീമേക്കുകളിലും മറ്റുമാണ് അക്ഷയ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയിൽ ഉൾപ്പടെ അക്ഷയ് കുമാർ ആയിരുന്നു നായകൻ.

മണിച്ചിത്രത്താഴിൽ മോഹൻലാൽ ചെയ്ത വേഷമായിരുന്നു ഹിന്ദിയിൽ അക്ഷയ് ചെയ്തത്. ആ സിനിമയിൽ പ്രിയദർശന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ആളായിരുന്നു സംവിധായകൻ സുരേഷ് കൃഷ്ണൻ. ഒരിക്കൽ മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങൾ സുരേഷ് പങ്കുവച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സെറ്റിലെ പെരുമാറ്റങ്ങൾ കൊണ്ട് മോഹൻലാലിനെ പോലെ തന്നെയാണ് അക്ഷയ് കുമാർ എന്നാണ് അദ്ദേഹം പറയുന്നത്. വിശദമായി വായിക്കാം.
'മറ്റൊരു മോഹൻലാൽ ആണ് അക്ഷയ് കുമാർ. അഭിനയത്തിന്റെ കാര്യത്തിൽ അല്ല. അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിന്റെ അത്രയൊന്നും വരില്ല. പക്ഷെ സെറ്റിൽ ലാലേട്ടൻ എങ്ങനെയാണോ, അതുപോലെ തന്നെയാണ് അക്ഷയ് കുമാറും. ഭയങ്കര കോമഡിയാണ്. പുള്ളി നമ്മളുമായി സംസാരിച്ചു നിൽക്കുമ്പോൾ തന്നെ നമ്മുടെ ഷർട്ടിന്റെ ബട്ടൺസ് ഒക്കെ ഊരും. പുള്ളി പോയതിന് ശേഷമായിരിക്കും നമ്മൾ ബട്ടൺസ് ഊരിയത് അറിയുന്നത്,'
'വെറുതെ അതങ്ങ് ഇളക്കി കളയും. അങ്ങനെ നിന്നാണ് നമ്മളോട് സംസാരിക്കുന്നത്. അതെന്ത് മാനറിസമാണെന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അതുപോലെ ബ്രേക്ക് ടൈമിൽ ഓരോ കളിയായിട്ട് വരും. ഒരു ടെന്നീസ് ബോളും പിന്നെ കുറെ കട്ടകളും. അതിൽ ഒരിക്കൽ എറിഞ്ഞു കൊള്ളിച്ചാൽ പത്ത് രൂപ. കൊള്ളിച്ചാൽ അക്ഷയ് കുമാർ നമ്മുക്ക് തരും. ഇല്ലെങ്കിൽ നമ്മൾ അങ്ങോട്ട് കൊടുക്കണം. ആദ്യം പുള്ളി തോറ്റ് തരും,'

'ഒരു 200 രൂപയൊക്കെ ആയി കഴിയുമ്പോൾ പുള്ളി അങ്ങോട്ട് എറിയാൻ തുടങ്ങും. പത്ത് ആയിരം രൂപയൊക്കെ ആവുമ്പോൾ പൈസ ഇല്ലെങ്കിൽ നമ്മുടെ പഴ്സും ഫോണുമൊക്കെ എടുത്തുകൊണ്ട് പോകും. എന്നിട്ട് പിറ്റേന്ന് നമ്മൾ പൈസ കൊണ്ടുവന്ന് കൊടുക്കണം. എന്നാലേ ഇതൊക്കെ തിരിച്ചു തരുകയുള്ളൂ. പക്ഷെ ആ സിനിമ കഴിഞ്ഞപ്പോഴേക്കും എന്റടുത്തെന്ന് ഇതുപോലെ വാങ്ങിയ പൈസ എല്ലാം കൂടി കൊണ്ടുവന്ന് അദ്ദേഹം തിരിച്ചു തന്നു,' സുരേഷ് കൃഷ്‌ണൻ പറഞ്ഞു.
അക്ഷയ് കുമാറിനൊപ്പം സെറ്റിലേക്ക് ബൈക്കിൽ യാത്ര ചെയ്ത അനുഭവമൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ജുഹുവിൽ നിന്ന് ഫിലിം സിറ്റിയിലേക്ക് വലിയ ട്രാഫിക് ബ്ലോക്കിലൂടെയൊക്കെ തനിയെ ബൈക്കോടിച്ചാണ് അക്ഷയ് കുമാർ പോയിരുന്നത്. കൂടെ ഗൺ മാനും ഉണ്ടാകും. ഗൺ മാൻ ഇല്ലാത്തപ്പോൾ ഒരിക്കൽ എനിക്ക് ആ അവസരമുണ്ടായി. ആരും അക്ഷയ് കുമാറിനെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. തലയിൽ ഒരു കെട്ടൊക്കെ കെട്ടി കണ്ണടയൊക്കെ വെച്ച് ഒക്കെയാണ് യാത്ര എന്നാണ് സുരേഷ് കൃഷ്ണൻ പറഞ്ഞത്.


Click it and Unblock the Notifications