'ദിലീപ് ഉള്ളതുകൊണ്ട് ആ സിനിമകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചില്ല; ദോസ്തിലേക്ക് വിളിച്ചപ്പോൾ പറഞ്ഞത്': തുളസിദാസ്
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് തുളസിദാസ്. തൊണ്ണൂറുകളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരുപിടി സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. കൗതുക വാര്‍ത്തകള്‍, മിമിക്സ് പരേഡ്, ചാഞ്ചാട്ടം, കാസര്‍കോട് ഖാദര്‍ ഭായ്, ഏഴരപ്പൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകില്‍ പമ്പരം അങ്ങനെ പോകുന്നു ആ ലിസ്റ്റ്. മലയാളത്തിലെ മുൻനിര താരങ്ങളെയെല്ലാം വെച്ച് തുളസിദാസ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ച് തുളസിദാസ് മുൻപൊരിക്കൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് തുളസിദാസ് പറയുന്നത്. കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും സിനിമകളെ കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് തുളസിദാസ് ഇക്കാര്യം പങ്കുവെച്ചത്.

"എന്റെ മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും പുണ്യം ആണെന്ന് പറയാം. മലയാള സിനിമയിലെ മിക്ക താരങ്ങളേയും വച്ച് സിനിമയൊരുക്കാന്‍ സാധിച്ചുവെന്നത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. ലാലേട്ടനേയും മമ്മൂക്കയേയും വെച്ചെല്ലാം സിനിമ ചെയ്യാനായി. പുതിയ തലമുറയിലെ കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദിലീപ്. ദിലീപ് പുതിയ തലമുറ അല്ലെന്ന് തന്നെ പറയാം. ദിലീപ് എന്റെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ദിലീപ് താരം അല്ലാത്തതിനാല്‍ എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്," തുളസിദാസ് പറഞ്ഞു തുടങ്ങി.
"ഞാൻ മായപ്പൊന്മാൻ എന്ന സിനിമ ചെയ്യുമ്പോൾ ദിലീപ് ഒരു ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ സിനിമ സൂപ്പർ ഹിറ്റായിരുന്നു. അതുപോലെ ദോസ്ത്, ആ സിനിമയുടെ കഥ പറയുമ്പോൾ തനിക്ക് ആ കഥാപാത്രം തന്നെ വേണമെന്ന് ദിലീപ് വാശിപിടിച്ചിരുന്നു. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കണ്ട് ഫിക്സ് ചെയ്യുന്നത്. അവർ തമ്മിൽ ഒന്നിച്ച് അഭിനയിക്കാൻ മടിച്ചു നിന്നൊരു സമയമായിരുന്നു. അതിനു മുൻപ് ലോഹിതദാസിന്റെയും രാജസേനന്റെയും സിനിമകളിൽ ഇവരെ രണ്ടുപേരും വെച്ച് ചെയ്യാൻ നോക്കിയിട്ട് നടന്നില്ല,"
"ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല. പക്ഷെ ദോസ്തിന് വേണ്ടി ഞാൻ കുഞ്ചാക്കോ ബോബനോടും അദ്ദേഹത്തിന്റെ അച്ഛനോടുമൊക്കെ പോയി സംസാരിച്ചു. ഒരൊറ്റ കാര്യമേ അന്ന് അവർ പറഞ്ഞുള്ളു. ചാക്കോച്ചന്റെ വേഷം മുന്നിൽ നിൽക്കുമെന്നത് സംവിധായകനായ ഞാൻ ഉറപ്പ് തരണമെന്ന്. രണ്ടുപേരും ചിത്രത്തിലെ നായകന്മാരാണ്, രണ്ടുപേരും രണ്ടു സ്വഭാവക്കാരാണ് എന്ന് പറഞ്ഞാണ് ഞാൻ ഫിക്സ് ചെയ്തത്," തുളസിദാസ് പറഞ്ഞു.
വളരെ മികച്ച അഭിപ്രായം ആ സിനിമ എനിക്ക് നേടി തന്നു. ഇന്ന് സ്റ്റാർ ആയി തിളങ്ങി നിൽക്കുന്ന ജയസൂര്യയെ ഒരു ചെറിയ വേഷത്തിൽ എനിക്ക് ആ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നു. അതുപോലെ നടി ഗോപികയെ പ്രണയമണി തൂവൽ എന്ന സിനിമയിലൂടെ കൊണ്ടുവന്നതും ആ പേര് നൽകിയതും ഞാൻ തന്നെയാണ്.

അങ്ങനെ മലയാള സിനിമയ്ക്ക് വേണ്ടി കുറെ ചെറിയ സംഭാവനകൾ ചെയ്യാൻ സാധിച്ചു. അതിന്റെയൊരു ആത്മസംതൃപ്‌തി മനസിലുണ്ട്. തുളസിദാസ് മലയാള സിനിമയിൽ എന്ത് ചെയ്തുവെന്ന് നാളെ ആരെങ്കിലും ചോദിച്ചാൽ പറയാനുള്ളതും ഇത് തന്നെയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
1989ൽ ഒന്നിന് പിറകെ മറ്റൊന്ന് എന്ന ചിത്രത്തിലൂടെയാണ് തുളസിദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. മുപ്പതിലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. നാദിയ മൊയ്തു, ഇനിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഗേൾസ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2016ലാണ് ചിത്രം തിയേറ്ററിൽ എത്തിയത്.


Click it and Unblock the Notifications