അവസാനം ഞാൻ വാപ്പിച്ചിയെ മമ്മൂട്ടി എന്ന് വിളിച്ചു, ഒരു പ്രാവശ്യമേ പേരെടുത്ത് വിളിച്ചിട്ടുള്ളു: ദുൽഖർ സൽമാൻ
ഓരോ സിനിമ കഴിയുംതോറും തന്റെ സ്റ്റാർഡം ഉയർത്തി കൊണ്ടുവരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങൾ സ്വന്തമാക്കി മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും നടന്മാരുണ്ടോ എന്നത് സംശയമാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ദുൽഖറിന്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമായി ദുൽഖർ മാറി കഴിഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം കഴിവും പ്രയ്തനവും കൊണ്ടാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുൽഖർ സ്വന്തമാക്കിയത്. ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം ഒരുപാട് വിമർശനങ്ങൽ കേട്ട നടനാണ് ദുൽഖർ. അവിടെ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയും സ്വന്തം വഴി വെട്ടി മുന്നോട്ട് കുതിക്കുകയായിരുന്നു നടൻ. താരമൂല്യത്തിന്റെ കാര്യത്തിലടക്കം മലയാളത്തിലെ പല നടന്മാരെക്കാളും ഏറെ മുന്നിലാണ് ദുൽഖർ.

കരിയറിലെ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കാറുള്ള ആളാണ് ദുൽഖർ. അഭിമുഖങ്ങളിൽ തന്റെ കുടുംബത്തെ കുറിച്ച് ദുൽഖർ പലപ്പോഴും വാചാലനാകാറുണ്ട്. മമ്മൂട്ടിയെ കുറിച്ചും ഒരുപാട് സംസാരിക്കാറുണ്ട്. വീട്ടുകാർക്കൊപ്പമുള്ള രസകരമായ ഓർമ്മകളൊക്കെ ദുൽഖർ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ദുൽഖർ മുൻപൊരിക്കൽ പങ്കുവെച്ച അത്തരമൊരു രസകരമായ സംഭവം ശ്രദ്ധനേടുകയാണ്. വപ്പാച്ചിയെയും ഉമ്മച്ചിയെയും ഒരിക്കൽ പേരെടുത്ത് വിളിച്ചതിനെ കുറിച്ച് ദുൽഖർ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. എയർപോർട്ടിൽ വെച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് ദുൽഖർ സൽമാൻ പറയുന്നു.
"ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഞാൻ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് വാപ്പച്ചിയും ഉമ്മയും തമ്മിൽ കാര്യമായ എന്തോ ചർച്ച നടക്കുകയാണ്. ബോർഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാൻ പറയുന്നുണ്ട്. എന്നാൽ അവർ രണ്ടുപേരും കേൾക്കുന്നില്ല. മോളോടും ഭാര്യയോടും ഞാൻ പറഞ്ഞു. ഇനിയും താമസിച്ചാൽ അവർ ഗേറ്റ് അടക്കും.

അവസാനം 'മമ്മൂട്ടി, സുലു, നമുക്ക് പോണം' എന്ന് ഞാൻ പറഞ്ഞു. എന്ത് എന്ന രീതിയിൽ വാപ്പച്ചി എന്നെ ഒന്ന് നോക്കി." എന്നാണ് ദുൽഖർ പറഞ്ഞത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. അതേ സമയം കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ച പോലൊരു വിജയം നേടാൻ കഴിഞ്ഞിരുന്നില്ല
മണി രത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫ് , സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രവുമാണ് ദുൽഖറിന്റേതായി അണിയറയിൽ ഉള്ളത്. രണ്ടു ചിത്രങ്ങളിലും പ്രധാനവേഷങ്ങളിൽ ഒന്നാണ് ദുൽഖർ അവതരിപ്പിക്കുന്നത്. തമിഴകത്തെ രണ്ടു പ്രഗൽഭ സംവിധായകർക്ക് ഒപ്പമുള്ള ദുൽഖറിന്റെ പുതിയ തുടക്കത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ തോൽവി ഭാരം ഈ സിനിമകളിലൂടെ മറികടക്കാൻ ദുൽഖറിന് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.


Click it and Unblock the Notifications