ലാലേട്ടന്റെ അഭിനയം നോക്കി പഠിക്കാനാണ് ശ്രമിച്ചിരുന്നത്; ഏട്ടൻ കുറെ പാട്ടുകൾ പാടി തന്നിട്ടുണ്ട്; ദുർഗ പറയുന്നു
മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് നടി ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്നാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും ദുർഗയ്ക്ക് സാധിച്ചു. ദുർഗയുടെതായി അവസാനം പുറത്തിറങ്ങിയ ഉടൽ, കുടുക്ക് തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന റാമാണ് ദുർഗയുടേതായി അണിയറയിൽ ഉള്ള ചിത്രം. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് ദുർഗ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. അതേസമയം വലിയൊരു മോഹൻലാൽ ആരാധിക കൂടിയാണ് ദുർഗ. മോഹൻലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച് ദുർഗ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം റാമിൽ അഭിനയിച്ച അനുഭവങ്ങളും നല്ല ഓർമകളും പങ്കുവച്ചിരിക്കുകയാണ് ദുർഗ കൃഷ്ണ.

അഭിനയിച്ചതിൽ ഏറ്റവും ഫേവറൈറ്റ് ആയ നടൻ ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ചോദ്യം മുഴുവിപ്പിക്കും മുൻപായിരുന്നു ദുർഗയുടെ മറുപടി. ലാലേട്ടൻ എന്ന് പറഞ്ഞ ദുർഗ തുടർന്ന് നടനൊപ്പം റാമിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു. 'ലലേട്ടൻ അഭിനയിക്കുന്ന സമയത്ത് അത് നോക്കി പഠിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. ആളുടെ ഒബ്‌സർവേഷൻ ഭയങ്കരമാണ്. അഭിനയിക്കുകയാണെന്ന് തോന്നില്ല. കട്ട് പറഞ്ഞാലും ലാലേട്ടൻ അത് പോലെ തന്നെയാണ്. കട്ട് പറഞ്ഞത് അറിഞ്ഞില്ലേ എന്ന് നമുക്ക് തോന്നും', ദുർഗ കൃഷ്ണ പറയുന്നു.
'ചിലതൊക്കെ കാണുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കും. അതെല്ലാതെയുള്ള നല്ല ഒരു ഓർമ ഏട്ടൻ ഫുഡ് കൊണ്ട് തരുന്നതാണ്. ഞാനും അച്ഛനും അമ്മയും സെറ്റിൽ ഉണ്ടാവാറുണ്ട്. അപ്പോൾ ഏട്ടൻ ഫുഡ് കൊണ്ടുവന്നിട്ട് എനിക്കുള്ളത് കാരവനിലേക്ക് കൊടുത്തുവിടും. അത് ഏറ്റവും നല്ലൊരു ഓർമയാണ്. ഏട്ടന്റെ ഭക്ഷണം എനിക്കും കൊടുത്ത് അയക്കുന്നതാണ്',

'അതല്ലാതെ സെറ്റിൽ ലാലേട്ടനെ കൊണ്ട് ഞാൻ പാട്ട് പാടിക്കാറുണ്ടായിരുന്നു. മെസേജ് അയച്ചോക്കെ പാടിക്കാൻ നോക്കാറുണ്ട്. പാടി തരാറുണ്ട്. കൈതപ്പൂവിൻ ആണ് ഇഷ്ടപ്പെട്ട പാട്ട്. അത് ഞാൻ പാടിച്ചിട്ടുണ്ട്. ഏട്ടൻ അങ്ങനെ കുറെ പാട്ടുകൾ പാടി തന്നിട്ടുണ്ട്. എന്നെ ഇടക്ക് കിങ്ങിണി എന്ന് വിളിക്കാറുണ്ട്. ഏട്ടന്റെ സ്ഥാനത്ത് നിന്നുള്ള ഒരു വിളിയാണത്. ഇടയ്ക്ക് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുമുണ്ട്. ഞണ്ടിന്റെ ഒരു ഡിഷാണ് അതിൽ ഇഷ്ടപ്പെട്ടത്. റാമിന്റെ ഷൂട്ട് കഴിഞ്ഞ് ഏട്ടന്റെ വീട്ടിൽ പോയിരുന്നു. അപ്പോഴാണ് അത് തന്നത്. ഏട്ടൻ തന്നെയാണോ അതുണ്ടാക്കിയത് എന്ന് സംശയമുണ്ട്', ദുർഗ പറഞ്ഞു.
സിനിമയിൽ എത്തുന്നതിന് മുമ്പേ തന്നെ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താനെന്ന് ദുർഗ മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽ അദ്ദേഹത്തിന് മെസ്സേജ് അയക്കാറുണ്ടായിരുന്നു. സിനിമയിൽ എത്തി നേരിൽ കണ്ട ശേഷം ഒരിക്കൽ ആ മെസേജൊക്കെ കാണിച്ച് ലാലേട്ടന് മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ദുർഗ പറഞ്ഞു. ദുർഗയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications