വീട്ടിലെ സിസിടിവി ലീക്കായോ! സഹോദരങ്ങൾ വിളിച്ചു, അമ്മമാരേയും ടെൻഷനാക്കിയ സംഭവം; ഫഹദും നസ്രിയയും പറഞ്ഞത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. നിരവധി ആരാധകരുണ്ട് ഇവർക്ക്. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും 2014 ഓഗസ്റ്റിലാണ് വിവാഹിതരായത്. സിനിമയിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകരും അത് ആഘോഷമാക്കി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്.
വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. പങ്കെടുക്കുന്ന അഭിമുഖങ്ങളിലും ടീവി ഷോകളിലും വിവാഹശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയേക്കുറിച്ചുമൊക്കെ ഇരുവരും വാചാലരാകാറുണ്ട്. ഓഫ്‌സ്ക്രീനിലെ ക്യൂട്ട് കപ്പിൾസ് ഒരിക്കൽ കൂടി ഓൺസ്‌ക്രീനിലും ഒന്നിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അതിനിടെ ഇരുവരും ഒന്നിച്ച് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്. ഇപ്പോഴിതാ ഒരു പരിപാടിയിൽ ഇരുവരും ആ പരസ്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ശ്രദ്ധനേടുകയാണ്.
പരസ്യത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവവും അത് കണ്ട ശേഷം കുടുംബവും സുഹൃത്തുക്കളും പ്രതികരിച്ചതിനെ കുറിച്ചുമാണ് ഫഹദും നസ്രിയയും സംസാരിച്ചത്. ആദ്യത്തെ രണ്ടു പരസ്യങ്ങളും തങ്ങൾക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു. അഭിനയിക്കേണ്ടി വന്നില്ലെന്നാണ് ഫഹദും നസ്രിയയും പറഞ്ഞത്.
താൻ ഒരിക്കലും ഒരു പരസ്യം ചെയ്യേണ്ടി വരുമെന്ന് വിചാരിച്ച ആളല്ല. അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്ന് ഫഹദ് പറയുന്നു. അവസാനത്തെ വീഡിയോ കണ്ടപ്പോഴകുമല്ലേ നിങ്ങൾക്ക് സമാധാനമായത് എന്നും ഇവർ ചോദിച്ചു. 'ആദ്യത്തെ രണ്ടു പരസ്യങ്ങൾ പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ അറിയുന്ന ആളുകളൊക്കെ വിളിച്ചു. വീട്ടിലെ സിസിടിവി ലീക്കായോ എന്ന് ചോദിച്ചാണ് വിളിച്ചത്. ഞങ്ങളുടെ അമ്മമാരും സഹോദരങ്ങളുമാണ് അത് കണ്ട് ടെൻഷനായത്. അവർക്ക് നല്ല ടെൻഷനായി',
'സഹോദരങ്ങൾ എപ്പോഴും ഞങ്ങൾക്കൊപ്പമുള്ള ആളുകളാണ്. അവർ ഞങ്ങളെ വിളിച്ചിട്ട്, നിങ്ങളുടെ വീട്ടിലെ വീഡിയോ വല്ലതും ലീക്കായോ, എന്തോ ഇറങ്ങിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കിടന്നു കറങ്ങുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾക്ക് അവരോട്, ഡോണ്ട് വറി അതൊരു പരസ്യമാണ് എന്ന് പറയേണ്ടി വന്നു', എന്നാണ് ഫഹദും നസ്രിയയും പറഞ്ഞത്.
ക്യാമറി ഐസ്ക്രീമിന്റെ പരസ്യ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 30 സെക്കൻഡ് ദൈർഘ്യം വരുന്ന മൂന്നു വിഡിയോകളാണ് പരസ്യത്തിന്റെ ഭാഗമായി ഇറങ്ങിയത്. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെയായി പുറത്തിറങ്ങിയ പരസ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറി. ലവ് ഹാസ് മെനി ഫ്ലേവേഴ്സ് എന്ന ടാഗ് ലൈനോടെയാണ് മൂന്ന് വീഡിയോകളും പറത്തിറങ്ങിയത്.

ആദ്യത്തെ രണ്ടു പരസ്യങ്ങളിലും പരസ്പരം തല്ലുകൂടുന്ന ദമ്പതികളായാണ് ഫഹദും നസ്രിയയും അഭിനയിച്ചത്. ഫഹദിന്റെ വിളിപ്പേരായ ഷാനു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഈ പേര് വിളിച്ചാണ് പരസ്യത്തിൽ നസ്രിയ വഴക്ക് കൂടുന്നത്. ഇതാണ് ആരാധകർക്കിടയിലും ഇവരെ അടുത്തറിയുന്ന ആളുകളിൽ പോലും എന്താണ് സംഭവമെന്ന കൺഫ്യൂഷൻ ഉണ്ടാക്കിയതെന്ന് ഇരുവരും പറയുന്നു.
ആദ്യത്തെ രണ്ടു പരസ്യങ്ങളിലേയും ഇവരുടെ തല്ലുകൂടലും മൂന്നാമതായി ഇറങ്ങിയ പരസ്യത്തിലെ പരസ്പര സ്നേഹവും കണ്ടപ്പോൾ ബാംഗ്ലൂർ ഡെയ്സിലെ ശിവയേയും ദിവ്യയെയും ഓർമവന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. അതേസമയം, എന്നാണ് സിനിമയിൽ ഇതുപോലെ ഒന്നിച്ചു കാണുക എന്ന ചോദ്യവും ഉയർന്നിരുന്നു.
ആന്റെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസമായി അഭിനയിച്ചത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധൂമം, മാമനൻ, പുഷ്പ 2 തുടങ്ങിയ സിനിമകളാണ് ഫഹദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.


Click it and Unblock the Notifications