'എനിക്കൊരു വീട് തന്ന ആളാണ് നസ്രിയ, നല്ലൊരു കുക്ക് ആണ്'; ഭാര്യയെ കുറിച്ച് ഫഹദിന്റെ വാക്കുകൾ
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസായാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരായി. 2014 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്.
സിനിമയിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകരും അത് ആഘോഷമാക്കി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. ട്രാൻസ് എന്ന സിനിമയിൽ ഫഹദിനൊപ്പമാണ് നസ്രിയ അഭിനയിച്ചത്. ശേഷം തെലുങ്ക് സിനിമകളിലടക്കം താരം അഭിനയിച്ചിരുന്നു.

അതേ സമയം പൊതുവേദികളിലൊക്കെ നസ്രിയയും ഫഹദും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകർ അത് ആഘോഷമാക്കാറുണ്ട്. എന്നാൽ ഇവരുടെ വിവാഹ സമയത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് പ്രായവ്യത്യാസവും മറ്റും ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇവർക്കെതിരെ ഉയർന്നിരുന്നു. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്.
ഫാസിലിന്റെ മകനായത് കൊണ്ടാണ് നസ്രിയ ഫഹദിനെ വിവാഹം ചെയ്യാൻ തയ്യാറായതെന്നുള്ള രീതിയിലും ചിലർ വിമർശനം ഉന്നയിക്കുകയുണ്ടായി. എന്നാൽ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. ഇന്ന് പലർക്കും മാതൃക ദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും.
അതിനിടെ ഇപ്പോഴിതാ മുൻപൊരിക്കൽ മനോരമ ഓണലൈന് അഭിമുഖത്തിൽ ഫഹദ് നസ്രിയയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. തനിക്കൊരു വീട് തന്ന ആളാണ് നസ്രിയ എന്നാണ് ഫഹദ് പറയുന്നത്. നസ്രിയ എവിടെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്. "ഞങ്ങൾ ഒരു അപാർട്മെന്റ് വാങ്ങി. നസ്രിയ അതിന്റെ ഫർണിഷിങ്ങും മറ്റു കാര്യങ്ങളുമൊക്കെ നോക്കി തിരക്കിലാണ്. എനിക്കൊരു വീട് തന്ന ആളാണ് നസ്രിയ. അവൾ സുഖമായിരിക്കുന്നു. സന്തോഷവതിയാണ്,"
"അവൾ വളരെ നല്ല കുക്ക് ആണ്. ഇടക്ക് ഞങ്ങൾ തടി വെച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും നല്ല വയർ ഭാഗ്യമുള്ളവരാണ്. അങ്ങനെ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ആരും ഞങ്ങളുടെ കാര്യത്തിൽ കൺസേൺഡ് ആകേണ്ട കാര്യമില്ല," ഫഹദ് പറഞ്ഞു.

ട്രാൻസ് സിനിമയ്ക്ക് മുൻപ് ഇറങ്ങിയ അഭിമുഖത്തിൽ ഒരുമിച്ചു സിനിമ ചെയ്യുന്നതിനെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. "ഞങ്ങളെ രണ്ടുപേരെയും എക്സൈറ്റ് ചെയ്യിക്കുന്ന ഒരു സ്ക്രിപ്റ്റ് വന്നാൽ അങ്ങനെയൊരു സിനിമ ചെയ്തേക്കാം. പക്ഷെ ഒരുമിച്ച് ഒരു സിനിമ ചെയ്യുക എന്നത് ഞങ്ങളുടെ കൺസേൺ അല്ല. ഞങ്ങൾക്ക് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അപ്പോൾ അതൊക്കെ കഴിഞ്ഞിട്ടേ അങ്ങനെയൊരു ചർച്ച ഉണ്ടാവുകയുള്ളു", ഫഹദ് വ്യക്തമാക്കി.
താൻ സോഷ്യൽ മീഡിയയിൽ നിന്നും അകന്നു നിൽക്കുന്നതിനെ കുറിച്ചും ഫഹദ് സംസാരിച്ചിരുന്നു. "ഞാൻ എല്ലാത്തിൽ നിന്നും കട്ടോഫ് ആയിട്ട് ഇരിക്കുന്നുണ്ടെങ്കിലും ഞാൻ സോഷ്യലി വളരെ അവെയർ ആയിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളിലൊക്കെ ഞാൻ വളരെ കൺസേൺഡ് ആണ്. ഒരുപാട് ഒരുപാട് കൺസേൺഡ് ആണ്,"
"സോഷ്യൽ മീഡിയ ഇന്റലിജന്റായി ഉപയോഗിക്കാൻ അറിയുന്നവർക്ക് അത് വളരെ നല്ലതാണ്. എനിക്കത് അങ്ങനെ ഉപയോഗിക്കാൻ അറിയില്ല. അത് ഉപയോഗിക്കാത്തപ്പോഴാണ് ഞാൻ എന്ന വ്യക്തിക്ക് കൂടുതൽ ഫ്രീഡം ലഭിക്കുന്നത്. അതില്ലാത്ത ജീവിതമാണ് ഞാൻ എൻജോയ് ചെയ്യുന്നത്," ഫഹദ് ഫാസിൽ പറഞ്ഞു.


Click it and Unblock the Notifications











