ആലിയേയും സോനമിനേയും ചുംബിക്കില്ലെന്ന് ഫവാദ് ഖാന്‍; ചുംബിക്കാന്‍ ചെന്നാല്‍ മുഖം തിരിച്ചുകളയും!
രാഷ്ട്രീയ ഭിന്നതകള്‍ക്കിടയിലും കലാപരാമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പതിവായിരുന്നു. പ്രത്യേകിച്ചും ബോളിവുഡില്‍. പാക്കിസ്ഥാനില്‍ നിന്നും വന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയവരായി ധാരാളമുണ്ട്. സംഗീതത്തിലൂടെയാണ് ഈ ബന്ധം കൂടുതല്‍ ഊഷ്മളമയാതെങ്കിലും അഭിനേതാക്കളും പാക്കിസ്ഥാനില്‍ നിന്നും വന്ന് ഇന്ത്യയുടെ ഹൃദയം തൊട്ടിട്ടുണ്ട്. അങ്ങനെ വന്ന് പോയവരില്‍ ഒരാളാണ് ഫവാദ് ഖാന്‍.
ബോളിവുഡ് സിനിമകളിലൂടെ ഒരുപാട് ഇന്ത്യന്‍ ആരാധകരെ നേടിയെടുക്കാന്‍ ഫവാദ് ഖാന് സാധിച്ചിട്ടുണ്ട്. സംഗീതത്തില്‍ നിന്നും അഭിനയത്തിലേക്ക് കടന്ന താരമാണ് ഫവാദ് ഖാന്‍. ഖുദാ കേ ലിയെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് ഹംസഫര്‍, ദാസ്താന്‍, സിന്ദഗി ഗുല്‍സാര്‍ തുടങ്ങിയ പാക് ഡ്രാമകളില്‍ അഭിനയിച്ചു. മിക്കതും ഇന്ത്യയിലും സംപ്രേക്ഷണം ചെയ്യുകയും ഫവാദിന് അതിര്‍ത്തിക്കിപ്പുറം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

2014 ല്‍ പുറത്തിറങ്ങിയ ഖുബ്‌സൂരത്തിലൂടെയാണ് ഫവാദ് ഖാന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഇന്ത്യന്‍ ആരാധകരുടെ പ്രിയങ്കരനായി മാറാന്‍ ഫവാദിന് സാധിച്ചു. തുടര്‍ന്ന് കപൂര്‍ ആന്റ് സണ്‍സ്, യേ ദില്‍ ഹേ മുഷ്ഖില്‍ എന്നീ സിനിമകളിലും ഫവാദ് ഖാന്‍ അഭിനയിച്ചു.
രസകരമായൊരു വസ്തുത ആലിയയ്ക്കും സോനം കപൂറിനുമൊപ്പമുള്ള ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ ഫവാദ് ഖാന്‍ തയ്യാറായിരുന്നില്ല എന്നതാണ്. 2017 ല്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ ഭട്ട് തന്നെയാണ് ചുംബന രംഗം അഭിനയിക്കാന്‍ ഫവാദിനുണ്ടായിരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിച്ചത്. തിരക്കഥയില്‍ ആലിയയും ഫവാദും തമ്മിലുള്ള ചുംബന രംഗമുണ്ടായിരുന്നു. എന്നാല്‍ ഫവാദ് അതിന് തയ്യാറായില്ല. ആലിയ തന്റെ മുഖത്തിന് അടുത്തേക്ക് വരുമ്പോഴെല്ലാം ഫവാദ് മുഖം തിരിക്കുകയായിരുന്നു.
''ചിത്രത്തില്‍ ഫവാദിനൊപ്പം ഒരു ചുംബന രംഗമുണ്ടായിരുന്നു. സീന്‍ ചെയ്തപ്പോള്‍ ഞങ്ങളത് ഫേക്കായി ചെയ്യാന്‍ തീരുമാനിച്ചു. എന്നിട്ടും ഞാന്‍ അവന്റെ മുഖത്തിന്റെ അടുത്ത് വരുമ്പോഴെല്ലാം അവന്‍ മുഖം തിരിച്ചുകളയും. അവന്റെ പരിശുദ്ധിയ്ക്ക് കളങ്കം വരുത്തില്ലെന്ന് എനിക്കവന് ഉറപ്പു നല്‍കേണ്ടി വന്നു'' എന്നാണ് ആലിയ പറയുന്നത്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഖുബ്‌സൂരത്തില്‍ സോനം കപൂറിനൊപ്പമുള്ള ചുംബന രംഗം അഭിനയിക്കാനും ഫവാദ് സമ്മതിച്ചിരുന്നില്ല.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇതേക്കുറിച്ച് ഫവാദ് തന്നെ സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ചുംബന രംഗത്തില്‍ അഭിനയിച്ചാലത് തന്റെ ആരാധകരെ വേദനിപ്പിക്കുമെന്നാണ് ഫവാദ് പറഞ്ഞത്. ''അവരുടെ വികാരത്തെ എനിക്ക് മാനിക്കണം. ഞാന്‍ എന്റെ ഇന്‍ഫിബിഷന്‍സിനെ നഷ്ടപ്പെടുത്തിയാല്‍ എന്റെ ഒരുപാട് ആരാധകര്‍ക്ക് വിഷമമാകും'' എന്നായിരുന്നു ഫവാദിന്റെ പ്രതികരണം.
പക്ഷെ ഫവാദിനെ അധികം ബോളിവുഡില്‍ കാണാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. പാക് താരങ്ങളെ ബോളിവുഡില്‍ അഭിനയിപ്പിക്കുന്നതിന് എതിര്‍പ്പ് ഉയര്‍ന്നതോടെയായിരുന്നു ഇത്. ഫവാദിനെ കൂടാതെ മാഹിറ ഖാന്‍ ഉള്‍പ്പടെയുള്ള പാക് താരങ്ങളുടെ സാന്നിധ്യമാണ് ഇതോടെ ബോളിവുഡില്‍ നിന്നും ഇല്ലാതാകുന്നത്. അതേസമയം പാക്ക് സിനിമയില്‍ മിന്നും താരമായി വളര്‍ന്നിരിക്കുകയാണ് ഫവാദ്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലെ നായകനായിരുന്നു ഫവാദ്.


Click it and Unblock the Notifications











