ചാക്കോച്ചന്റെ ഭാവി നശിപ്പിക്കുകയാണോ എന്ന പേടി എനിക്ക് ഉണ്ടയിരുന്നു, അങ്ങനെയൊരു അനുഭവമുണ്ട്: ഫാസിൽ പറഞ്ഞത്
മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് റൊമാന്റിക് വേഷങ്ങളിലൂടെ തിളങ്ങിയ നടനിന്ന് തീർത്തും വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചാക്കോച്ചനെയാണ് പ്രേക്ഷകർ ഇന്ന് കാണുന്നത്. എങ്കിലും ആ പഴയ റൊമാന്റിക് ഹീറോയോട് തോന്നിയ ഇഷ്ടം ഇന്നും പ്രേക്ഷകർക്കുണ്ട്. ഇടയ്ക്ക് ഒരുപാട് പരാജയങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇന്ന് വിജയത്തിന്റെ പാതയിലാണ് കുഞ്ചാക്കോ ബോബൻ.
1997ൽ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ എത്തിയ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ. അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ഫാസിൽ മുൻപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പയ്യന്റെ ഭാവി നശിപ്പിക്കുകയാണോ എന്ന ഭയത്തോടെയാണ് താൻ ആ സിനിമയിൽ കാസ്റ്റ് ചെയ്തത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'എന്റൊപ്പം വർക്ക് ചെയ്യുന്നവർ വേറെ ഒരു നിലയിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നതിനോടൊപ്പം അവരുടെ ഭാവി ഞാൻ നശിപ്പിക്കുകയാണോ എന്നൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബനെ അനിയത്തിപ്രവിലേക്ക് വിളിക്കുമ്പോൾ, അവൻ എന്റെ സുഹൃത്തിന്റെ മകനാണ്, ബോബൻ കുഞ്ചാക്കോയുടെ മകനാണ്. ആ പയ്യൻ ബി.കോമിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ പഠനത്തെ ബാധിക്കുന്ന കാര്യമാണ്',
'അവനെ നായകനായി തീരുമാനിച്ചു. അഭിനയിക്കാൻ പറ്റുന്ന ആളാണ്. ഓരോ സീനുകൾ ചെയ്യുമ്പോഴും ചാക്കോച്ചൻ നന്നായി വരുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. പയ്യന്റെ പഠിത്തം പോയി. ഞാൻ കാരണം അതുമില്ല ഇതുമില്ല എന്ന് ആയി പോകുമോ എന്ന ഭയം. എനിക്ക് മുൻപ് അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട്. കണ്ണേട്ടൻ എന്ന സിനിമയിൽ ആസ്‌ട്രേലിയയിൽ ഉള്ള സംഗീത് എന്ന പയ്യനെ കൊണ്ടുവന്നിട്ട് അവൻ സിനിമയിൽ ഒന്നുമായില്ല. അവൻ വേറെ വഴിക്ക് പോയി. ഇപ്പോൾ നല്ല നിലയിലാണ്',
'അങ്ങനെ സംഭവിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ഒരാളെ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ ആ ഭയം എനിക്ക് ഇപ്പോഴും ഉണ്ട്', മുൻപൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഫാസിൽ പറഞ്ഞു. മോഹൻലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ എടുത്തതിനെ കുറിച്ചും ഫഹദിനെ കയ്യെത്തും ദൂരത്തിൽ കാസ്റ്റ് ചെയ്തതിനെ കുറിച്ചും അദ്ദേഹം ഇതേ അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

'എന്നിൽ ഒരു അഭിനേതാവ് ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ആദ്യ ഇന്റർവ്യൂയിൽ മോഹൻലാൽ ചെയ്തത്. മോഹൻലാൽ അത് ചെയ്ത് കഴിഞ്ഞപ്പോൾ ഇത്രയും ഭംഗിയായി ഞാൻ അത് ചെയ്യുമായിരുന്നോ എന്ന് തോന്നി. ഫഹദിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഇവൻ ഈ ലെവലിൽ ഒക്കെ പോകുമോ എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ കാസ്റ്റ് ചെയ്തത്', ഫാസിൽ പറഞ്ഞു.
മറ്റൊരു അഭിമുഖത്തിൽ മോഹൻലാലിന്റെ ജീവിതം താൻ തകർത്തോ എന്ന് തോന്നിയ നിമിഷത്തെ കുറിച്ചും ഫാസിൽ പറഞ്ഞിരുന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വന്ന് അഭിനയിച്ചു. അത് കഴിഞ്ഞ് ഒരു വർഷമായപ്പോൾ മോഹൻലാൽ വളിച്ച ചിരിയുമായി വേറൊരു പോസ്റ്ററിൽ. ഇത് കണ്ട് അയ്യോ ഇയാളുടെ ജീവിതം ഞാൻ തകർത്തോ എന്ന് എനിക്ക് തോന്നി. ഞാൻ പോവുമ്പോൾ ഈ പോസ്റ്റർ നോക്കും. ലാലിന്റെ ചിരി ഒരു വല്ലാത്ത ചിരി ആണല്ലോ,' എന്നാണ് അമൃത ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഫാസിൽ പറഞ്ഞത്.


Click it and Unblock the Notifications











